Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുങ്ങി വന്നപ്പോൾ കാവ്യ പറഞ്ഞു, ഇതു തന്നെയാണ് ഞാൻ ആഗ്രഹിച്ചത്

Kavya

കല്യാണ ദിവസം ലളിതമായ മേക്കപ്പിലും അതിമനോഹരിയായി കാവ്യ വന്നപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു, അവൾ സിംപിളാണ്, ബ്യൂട്ടിഫുളും.!!! വൈറ്റ് വാഷടിച്ചതിന് പഴി ഏറെക്കേട്ട താര വിവാഹങ്ങളിൽ‌ നിന്ന് അതുകൊണ്ടു തന്നെ തികച്ചു വ്യത്യസ്തമായി കാവ്യയുടെ ബ്രൈഡൽ മേക്കപ്പ്. വേഷത്തിന്റെയും ആഭരണത്തിന്റെയും മേക്കപ്പിന്റെയും ലാളിത്യം ദിലീപ്– കാവ്യ വിവാഹത്തിന്റെ ഹൈലൈറ്റായി മാറിയപ്പോൾ കാവ്യയുടെ സ്ഥിരം മേക്കപ്പ്മാനായ ഉണ്ണിക്കും അഭിമാനം.

24ന് രാത്രിയാണ് ഉണ്ണിയ്ക്ക് കാവ്യയുടെ കോൾ വന്നത്, – നാളെ എന്റെ വിവാഹമാണ്. നീ അതിരാവിലെ എത്തണം, എന്നെ ഒരുക്കാൻ. ഒരു നിമിഷം പകച്ചു പോയെങ്കിലും ഉണ്ണി മറിച്ചൊന്നും ചോദിച്ചില്ല. രണ്ട് വർഷമായി മേക്കപ്പ് മാനായി കാവ്യയുടെ നിഴല്‍ പോലെ കൂടെ ഉണ്ട്. അന്നും അതി രാവിലെ കാവ്യയുടെ വിവാഹം നടക്കുന്ന ഹോട്ടലിലെത്തി. ബ്രൈഡൽ ഫോട്ടോ ഷൂട്ട് ഉണ്ട്, രാവിലെ എത്തണമെന്ന് സാഹായികളോട് നിർദേശിച്ചു. ആരാണ് വധു എന്നു മാത്രം പറഞ്ഞില്ല. കാവ്യയുടെ കൂടി അഭിപ്രായം ആരാഞ്ഞായിരുന്നു മേക്കപ്പ്. സിംപിൾ മേക്കപ്പ് മതിയെന്ന് കാവ്യ നിർദേശിച്ചു. ഒരുങ്ങി ഇറങ്ങിയപ്പോൾ കാവ്യ പറഞ്ഞു, ഉണ്ണീ... ഇതു തന്നെയാണ് ഞാൻ മനസിൽ കരുതിയതും.

Kavya കാവ്യാ മാധവൻ മേക്കപ്പ്മാനായ ഉണ്ണിക്കൊപ്പം

മാഗസിനിൽ നിന്ന് മാംഗല്യം വരെ

ഒരു മാസികയുടെ ഫോട്ടോഷൂട്ടിനാണ് ഉണ്ണി ആദ്യമായി കാവ്യയെ ഒരുക്കുന്നത്. പെട്ടെന്നു വന്ന ക്ഷണമായിരുന്നു അത്. അതിനാൽ തന്നെ കാവ്യ അഭിനയിച്ച ചിത്രങ്ങൾ ചിലത് കണ്ടു. എല്ലാവരും എന്നോട് പറഞ്ഞിരുന്നു, കാവ്യയെ മേക്കപ്പ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ചെറിയ ഒരു പിഴവ് വന്നാൽ പോലും അത് അവരുടെ മൂഡിനെ ബാധിക്കും എന്ന്.

മേക്കപ്പിടും മുൻപ് കാവ്യ ഒറ്റ ഡിമാൻഡ് മാത്രമേ വച്ചുള്ളൂ... ‘വലിയ മേക്കപ്പ് വേണ്ട. കണ്ണുകൾക്ക് പ്രാധാന്യം നൽകണം.’ കാരണവും അവർ പറഞ്ഞു, സ്കിൻ മേക്കപ്പിനോട് വളരെ സെൻസിറ്റീവ് ആണ്. പിന്നീട് വനിത അവാർഡുൾപ്പെടെ നിരവധി ഷോകൾ. വിവാഹം വരെ എല്ലാ പരിപാടികൾക്കും ഞാൻ കാവ്യയുടെ കൂടെയുണ്ട്. ഒരു മേക്കപ്പ് ആർട്ടിസ്റ്റിനെക്കാൾ ഉപരി ഒരു സഹോദരനെ പോലെയാണ് ഞാൻ. വീട്ടിലെ ഒരംഗത്തെ പോലെയാണ് എന്നോട് അവരുടെ കുടുംബാംഗങ്ങൾ പെരുമാറുന്നത്.

വിവാഹ ദിവസം രണ്ടു മൂന്ന് ആഗ്രഹങ്ങളാണ് കാവ്യ പറഞ്ഞത്. ഒന്ന്, സെറ്റ് സാരി ഉടുത്ത് വളരെ കുറച്ച് ആഭരണങ്ങൾ മാത്രം അണിഞ്ഞ് വേണം ഒരുങ്ങേണ്ടതെന്ന് എന്നാണ്. മുടി പിന്നി കുഞ്ചലം ഇട്ടു പൂ വയ്ക്കണമെന്നായിരുന്നു മറ്റൊന്ന്. ഡാൻസ് മേക്കപ്പ് ആർട്ടിസ്റ്റ് ആയ സുഹൃത്തിന്റെ പക്കൽ നിന്നാണ് കുഞ്ചലം സംഘടിപ്പിച്ചത്. അപ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരുന്നു. ചെറിയ ചെറിയ ഇഷ്ടങ്ങളാകും കാവ്യ പറയുക. അത് പക്ഷെ പെർഫെക്ട് ആകണം.

Kavya കാവ്യാ മാധവൻ മേക്കപ്പ്മാനായ ഉണ്ണിക്കൊപ്പം

എന്നും ഇഷ്ടം സിംപിൾ

അധികം മോഡേൺ അല്ലാത്ത ഒരുക്കമാണ് കാവ്യയ്ക്കിഷ്ടം. ട്രഡിഷനൽ നിറങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും ഏറെ ഇഷ്ടവുമാണ്. വൈൻ റെഡ്, ഡാർക്ക് ഗ്രീൻ ഒക്കെയാണ് ഇഷ്ടനിറങ്ങൾ. നൃത്തപരിപാടികൾക്കൊഴികെ മേക്കപ്പ് ഇടുമ്പോൾ എന്നോട് പറയാറുണ്ട് അറിയാത്ത രീതിയിൽ വേണം മേക്കപ്പ് ഇടാൻ എന്ന്. ആർട്ടിഫിഷ്യൽ ആകുന്നതൊട്ടും ഇഷ്ടമല്ലാത്ത ആളാണ് കാവ്യ. വിവാഹത്തിനും അതുതന്നെ പറഞ്ഞിരുന്നു. എന്റെ നിർദേശപ്രകാരമാണ് ഹെയർ സ്‌റ്റൈലിസ്റ്റ് കൂടിയായ സുഹൃത്ത് സുധി മുടി കെട്ടിയത്. കാവ്യയുടെ ഹെയർ സ്റ്റൈലും ശ്രദ്ധിക്കപ്പെട്ടു. കാവ്യയെകൂടാതെ മീനാക്ഷിക്കും സഹോദരന്റെ ഭാര്യ റിയയ്ക്കും മേക്കപ്പ് ചെയ്തതും ഞാനാണ്.