Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലിനും സെലിനും ഓണപുടവയും

Madonna Sebastian പ്രേമം സിനിമയിലെ കൊച്ചു സെലിനും വലിയ സെലിനും കേരള കൈത്തറി മെറ്റീരിയലിൽ തീര്‍ത്ത ഓണവേഷങ്ങളില്‍

മഡോണയും ഈവയും.. പേര് കേട്ടിട്ട് എന്തെങ്കിലും പരിചയം തോന്നുന്നുണ്ടോ?.... ഇല്ലല്ലോ....? ഒരു ക്ലൂ തരാം. ‘പ്രേമം സിനിമയിലെ സെലിൻ’. കൊച്ചു സെലിനാണ് ഈവ പ്രകാശ്. വലിയ സെലിൻ മഡോണ ബി സെബാസ്റ്റ്യനും. സൂപ്പർഹിറ്റ് സിനിമയിലെ ഒരേ കഥാപാത്രത്തിന്റെ രണ്ടു പ്രായങ്ങൾ അഭിനയിച്ചു തകർത്ത രണ്ടു പേർ. വനിത ഓണപ്പതിപ്പിന്റെ ഫാഷൻ പേജ് ഫോട്ടോ ഷൂട്ടിനു വേണ്ടി സ്റ്റുഡിയോയിൽ എത്തിയതാണ് രണ്ടുപേരും. ഓണവേഷങ്ങൾ ഓരോന്നായി അണിഞ്ഞു കാമറയ്ക്കു മുന്നിൽ നിന്നവര്‍ ചിരിച്ചു രസിച്ചു. ചേച്ചിയും അനിയത്തിയും പോലെ.. ‘‘മഡോണ ചേച്ചിയെ കണ്ടാൽ എന്നെപ്പോലുണ്ടോ ? നോക്കിയെ?’’ ചോദിച്ചു കൊണ്ട് ഈവ മഡോണയുടെ മുഖത്തേക്കു മുഖം ചേര്‍ത്തു നിന്നു. ഈവയെ ചേർത്തു നിര്‍ത്തി മഡോണയും, ‘‘ഇല്ലേ? ചിരിയും താടിയുമൊക്കെ എന്റെ പോലയല്ലേ?’’

മഡോണ : സിനിമയിൽ എന്റെ സീനുകൾ കഴിഞ്ഞാണ് കൊച്ചു സെലിനു വേണ്ടിയുളള തിരച്ചിൽ തുടങ്ങിയത്. അല്‍ഫോൺസ് ചേട്ടൻ തിരഞ്ഞതു മുഴുവൻ എന്റെ പോലെ കണ്ണുളള കുട്ടിക്കു വേണ്ടി ആയിരുന്നു. ഈവയെ കിട്ടിക്കഴിഞ്ഞ് എന്നെ വിളിച്ചു പറ‍ഞ്ഞു ‘കണ്ണും മൂക്കും ചിരിയുമെല്ലാം നിന്റെ പോലെ തന്നെ’ ആണെന്ന്. എനിക്കാകെ കൗതുകമായി. പിറ്റേന്നു തന്നെ സെറ്റിൽ വന്ന് ഈവയ്ക്കൊപ്പം നിന്നു ഫോട്ടോയെടുത്തു.

മഡോണയുടെയും ഈവയുടെയും ആദ്യ സിനിമയാണ് പ്രേമം. ഒട്ടും ചമയങ്ങളില്ലാതെ രണ്ടു പേരും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. നേരിൽ കാണുമ്പോഴും സിനിമയിലെ പോലെ തന്നെയുളള സംസാരവും പെരുമാറ്റവും.

മ‌ഡോണ: ഓ‍ഡിഷൻ കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമാണ് എന്നെ വിളിക്കുന്നത്. ഞാൻ സിനിമയിൽ ഉണ്ടാവില്ല എന്നാണ് കരുതിയിരുന്നത്. ഒരു വൈകുന്നേരം വിളിച്ചിട്ട് ഫോര്‍ട്ട് കൊച്ചിയിലേക്കു വരാൻ പറഞ്ഞു. ‍ഞാനും ഡാഡിയും അനിയത്തിയും കൂടി വന്നു. അല്‍ഫോൺസ് ചേട്ടൻ സെലിന്റെ റോൾ ചെയ്യുമോയെന്നു ചോദിച്ചു. സമ്മതിച്ചപ്പോ ‘എന്നാ തുടങ്ങിക്കോ’ എന്നു പറഞ്ഞു. അങ്ങനെ, ഇട്ടുകൊണ്ടുവന്ന വേഷത്തിൽ തന്നെയാണ് ഷോപ്പിലേക്കു കയറി വരുന്ന എന്റെ ‘എൻട്രീ സീൻ’ ഷൂട്ട് ചെയ്യുന്നത്.

ഈവ: ‍ഞാൻ കടയില് പാൽ വാങ്ങിക്കാൻ പോണ സീനാണ് ആദ്യം എടുത്തത്. കൊറേ പ്രാവശ്യം ചെയ്തിട്ടാണ് ശരിയായത്. പക്ഷേല് ചേട്ടന്മാരൊന്നും വഴക്കു പറഞ്ഞില്ല.. നന്നായിട്ടുണ്ടാരുന്നു എന്നു പറഞ്ഞു സമാധാനിപ്പിക്കും. മേക്കപ്പ് ഒന്നുമില്ലായിരുന്നു. അമ്മയാണ് മുടി കെട്ടിത്തന്നത്. നല്ല രസാരുന്നു.

മഡോണ: നിവിൻപോളിചേട്ടനും അൽഫോണ്‍സ് ചേട്ടനും പിന്നെ ആ ടീമിലുളള എല്ലാവരും തന്നെ ഒരുമിച്ചു കളിച്ചു വളർന്നവരല്ലേ. അതേ സ്നേഹം അവർ ഞങ്ങള്‍ക്കും തന്നു‌. പുറ‌ത്തുനിന്നു വന്നവരാണെന്ന തോന്നലൊന്നും ഉണ്ടായില്ല.

ഈവ: എന്റെ ബെര്‍ത്ഡേ നവംബർ 14 നായിരുന്നു. അന്നു സത്യം പറ‍ഞ്ഞാൽ ഷൂട്ട് ഒന്നുമില്ലായിരുന്നു, പക്ഷേ, ഷൂട്ടിങ് ഉണ്ടെന്നു പറഞ്ഞ് എന്നെ സെറ്റിലേക്കു വിളിച്ചിട്ട് സർപ്രൈസ് ആയി ബ്ലാക്ക് ഫോറസ്റ്റ് കേക്ക് മുറിപ്പിച്ചു. എനിക്കു വലിയ സന്തോഷമായി. കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പ‌ബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആണ് ഈവ. അച്ഛൻ പ്രകാശ്, അമ്മ സുജ, അനുജത്തി ആൻ.

എറണാകുളം കോലഞ്ചേരി കടയിരുപ്പ് സ്വദേശിയാണ് മഡോണ. ബേബി ദേവസ്യയുടെയും ഷൈല ബേബിയുടെയും മകൾ. യുകെജിയില്‍ പഠിക്കുന്ന ഒരു കുഞ്ഞനിയത്തിയുമുണ്ട് മഡോണയ്ക്ക്. മിഷേൽ.

‘‘ഞാൻ പ്ലസ്ടു കഴിഞ്ഞപ്പോഴാണ് മിഷേൽ ഉണ്ടായത്. ഷീ ഈസ് വെരി സ്മാര്‍ട്ട്. നഴ്സറിയിലെ കലാതിലകമാണ് കക്ഷി. ഞാനെപ്പോഴും പറയും മിഷേലിനെ കണ്ടു പഠിക്കണമെന്ന്.’’

ഈവ : മിഷേലിനും എന്റെ ഛായ ഉണ്ടോ ചേച്ചി ? എന്റെ സ്കൂളില് എല്ലാരും പറയ്ണുണ്ടാരുന്നു. എനിക്കും ചേച്ചിക്കും ഛായ ഉണ്ടെന്ന് . എല്ലാവരും എന്നെ കൊച്ചു സെലിൻന്ന് വിളിക്കും.

Madonna Sebastian പ്രേമം സിനിമയിലെ കൊച്ചു സെലിനും വലിയ സെലിനും കേരള കൈത്തറി മെറ്റീരിയലിൽ തീര്‍ത്ത ഓണവേഷങ്ങളില്‍

മ‍ഡോണ‌: അതെയോ?.....അപ്പോ ഞാനും ഈവേനെപ്പോലെ സുന്ദരിയാണല്ലേ... എന്നേം എല്ലാരും സെലിൻന്നാ വിളിക്കുന്നത്. വലിയ ഭാഗ്യമാണ് ക്യാരക്ടറിന്റെ പേരിൽ അറിയപ്പെടുന്നത്. അതും ആദ്യ സിനിമയില്‍ തന്നെ. തുടക്കത്തിൽ അൽഫോൺസ് ചേട്ടൻ പറഞ്ഞു ആദ്യത്തെ പോസ്റ്ററിലും വാർത്തകളിലുമൊ ന്നും ഞാനുണ്ടാവില്ലെന്ന്. എന്നിട്ടും ഞാൻ സമ്മതിച്ചു. എനിക്കു സെലിനോടാണ് കൂടുതലിഷ്ടം തോന്നിയത്. സംഗീതത്തോടാ യിരുന്നു എനിക്കേറ്റവും ഇഷ്ടം. ഒമ്പതാം ക്ലാസ‌ില്‍ സ്റ്റേ‍ജ് ഷോകളിൽ പാടാനും ടിവി ഷോകൾ ചെയ്യാനും തുടങ്ങി. കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ പാട്ടെല്ലാം നിര്‍ത്തി ‘പഠിക്കുന്ന കുട്ടി’യായി. ബികോമിന് ബെംഗളൂരുവിൽ ചേർന്നു. നല്ല മാർക്കും ഉണ്ടായിരുന്നു. പിന്നെ സിവിൽ സര്‍വീസ് പരീക്ഷ എഴുതാൻ തീരുമാനിച്ചു. അതിനിടെയാണ് ബെംഗളൂരുവിൽ ഒരു ബാൻഡിനൊപ്പം പാടിയത്. ആ നിമിഷമാണ് ഞാൻ സംഗീതത്തെ എത്ര മാത്രം സ്നേഹിക്കുന്നു എന്നു തിരിച്ചറിഞ്ഞത്. വീണ്ടും പാട്ടിന്റെ വഴിയിലേക്കു തിരിഞ്ഞു. എല്ലാ തീരുമാനങ്ങൾക്കും പിന്തുണയുമായി ഡാഡിയും അമ്മയും ഒപ്പമുണ്ടായിരുന്നു.

ഇപ്പോ എല്ലാവരും ചോദിക്കും സംഗീതമാണോ സിനിമയാണോ ഇഷ്ടം എന്ന്. മ്യൂസിക് ഇല്ലാത്ത എന്നെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. സിനിമ എത്ര കാലം ചെയ്യാൻ പറ്റുമെന്ന് അറിയില്ലല്ലോ. മ്യൂസിക് ഈസ് മൈ ലൈഫ്. തൽക്കാലം രണ്ടും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.’’

പ്രേമം കഴിഞ്ഞ് മഡോണ നളൻ കുമാര സ്വാമി സംവിധാനം ‌ചെയ്ത തമിഴ് സിനിമയില്‍ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ചു. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ ‘കിങ് ലിയർ’ എന്ന ദീലീപ് ചിത്രമാണ് അടുത്ത മലയാളം സിനിമ.

ഈവ: ഞാൻ ഇനി സിനിമയിൽ അഭിനയിക്കണില്ല. സ്കൂളിലെ പ്രിന്‍സിപ്പലച്ചനെല്ലാം ഇനിയും അഭിനയിക്കണമെന്നൊക്കെ പറയാറുണ്ട്. പക്ഷേ, പഠിത്തം ഉ‌ഴപ്പും. മോഡലിങ് ചെയ്യാനെനി ക്കിഷ്ടാ. പഠിച്ച് സയന്റിസ്റ്റ് ആയി സ്പേസ് ഷിപ്പിൽ കയറി ബഹിരാകാശത്തു പോകണംന്നാ ആഗ്രഹം.

മഡോണ: ചേച്ചീനേം‌ം കൂടെ കൊണ്ടുപോകുവോടാ?

ഈവ: കൊണ്ടുപോകാം. പക്ഷേങ്കില് ചേച്ചിക്കു കല്യാണം കഴിക്കണ്ടേ? ആളെ കണ്ടുപിടിക്കണ്ടേ?

മഡോണ: പ്രേമത്തിൽ പറയുന്നതുപോലെ എനിക്കുളള ആള് എവിടെയോ ഉണ്ട്. സമയമാകുമ്പോ മുമ്പിലെത്തും. ആള്‍ വന്നാ ലേ ഞാൻ ‘കംപ്ലീറ്റ്’ ആകൂ.’’

‘ഓ, അപ്പോ ആളിന്റെ പേര് കംപ്ലീറ്റ് എന്നാ?’ ഈവയുടെ കുസൃ തിച്ചോദ്യത്തിന്റെ ചിരിമഴയിൽ ഇരുവരും വീണ്ടും കാമറയുടെ മുമ്പിലേക്ക് ... ഷോട്ട് റെഡി....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.