Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിനർത്തകി, ബാല്യകാല ചിത്രവുമായി മഞ്ജു വാര്യർ

Manju Warrier

ഇന്നു ലോക നൃത്ത ദിനമാണ്. നൃത്തത്തെ സപര്യയായിക്കണ്ട മലയാളത്തിന്റെ സ്വന്തം മഞ്ജുവിനും പറയാനുണ്ട് കുട്ടിക്കാലത്തു കൂട്ടുകൂടിയ ചിലങ്കയെക്കുറിച്ച്.. തന്റെ സ്വപ്നം മനസിലാക്കി കൈപിടിച്ചു നടത്തിയ മാതാപിതാക്കളെയും നൃത്തത്തിന്റെ നല്ലപാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുനാഥന്മാരെയും ഓർത്തുകൊണ്ട് ഫേസ്ബുക്കിൽ തന്റെ ബാല്യകാലത്തെ ഫോട്ടോ സഹിതം കുറിപ്പു പങ്കുവച്ചിരിക്കുകയാണ് മഞ്ജു. മഞ്ജുവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം വായിക്കാം

ഏപ്രില്‍ 29. നൃത്തത്തിനുവേണ്ടി ഒരു ദിനം. നൃത്തം ശരീരം കൊണ്ടെഴുതുന്ന കവിതയാണ്. ഒരു നര്‍ത്തകിയാകാന്‍ കഴിഞ്ഞതില്‍ ഈ നിമിഷം ആനന്ദിക്കുന്നു, അഭിമാനിക്കുന്നു. ശരീരത്തിന്റെ ചിട്ടപ്പെടുത്തല്‍ ആണ് നൃത്തത്തില്‍ സംഭവിക്കുന്നത്. ഭാവനയും ശാസ്ത്രവും ചേര്‍ന്നുള്ള ജുഗല്‍ബന്ദി. ചെടിപൂക്കുന്നതുപോലെയോ കടല്‍വെള്ളം മഴയായി മാറുന്നതുപോലെയോ ഉള്ള സര്‍ഗ്ഗപ്രക്രിയയാണ് നൃത്തവും. എന്നെ നര്‍ത്തകിയാക്കിയത് അമ്മയാണ്. ഒരുപാട് ആഗ്രഹിച്ചെങ്കിലും അമ്മയ്ക്ക് നൃത്തം പഠിക്കാന്‍ സാധിച്ചില്ല. ആ സങ്കടം എന്നിലൂടെ തീര്‍ക്കുകയായിരുന്നു അമ്മ. നിങ്ങള്‍ നൃത്തം പഠിക്കാനോ നൃത്തംചെയ്യാനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യുക. കാരണം ചിലങ്കകള്‍ കിലുങ്ങാനുള്ളതാണ്..നിശബ്ദമായി കരയാനുള്ളതല്ല... ഈ നൃത്തദിനത്തില്‍ എന്റെ എല്ലാ ഗുരുക്കന്മാരെയും പിന്നിട്ട അരങ്ങുകളെയും എന്റെ മുദ്രകളെ ഭംഗിയാക്കുന്ന എല്ലാ നൃത്തപ്രണയികളെയും ഓര്‍മിക്കുന്നു. എല്ലാവരെയും പ്രണമിക്കുന്നു..

Your Rating: