Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈക്ക് 30 ലക്ഷം കടന്നു, അത്ഭുതമെന്ന് മഞ്ജു!

manju-fb മഞ്ജു വാര്യർ

മലയാളത്തിൽ ഒരുകാലത്തെ നായികാവസന്തമായിരുന്ന മഞ്ജു വാര്യർ പെട്ടെന്നാണ് സിനിമയോടും കലയോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയത്. പിന്നീടിങ്ങോട്ടു പല നായികമാരും വന്നെങ്കിലും മഞ്ജുവിനോളം മനസിനെ ആരും അത്രയ്ക്കങ്ങു സ്പര്‍ശിച്ചില്ല. അതുകൊണ്ടുതന്നെയാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും കലാജീവിതത്തിലേക്കു മടങ്ങിവന്നപ്പോൾ മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യം മഞ്ജുവിനു ലഭിച്ചതും. മഞ്ജു എന്ന വ്യക്തിത്വം ഇന്നു സമൂഹമാധ്യമത്തിലും ഒട്ടേറെ മുമ്പിലാണ്.

സമൂഹമാധ്യമത്തില്‍ ലഭിക്കുന്ന പിന്തുണയുടെ കാര്യത്തിൽ മറ്റു പല താരങ്ങളെക്കാളും മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം. ഇപ്പോഴിതാ മുപ്പതുലക്ഷവും കടന്ന് മഞ്ജുവിന്റെ ഫേസ്ബുക് പേജിലെ ലൈക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. തനിക്കു ലഭിക്കുന്ന സ്നേഹത്തിനും സാന്ത്വനത്തിനുമെല്ലാം നന്ദിയറിയിച്ച് ഒരു കുറിപ്പും മഞ്ജു പോസ്റ്റ് ചെയ്തു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം‌.

''ഫേസ്ബുക്കിലെ ഒരു ആഹ്ലാദദിനത്തിന്റെ മധുരം പങ്കുവയ്ക്കുകയാണ്. ഈ പേജിന്റെ ലൈക്കുകൾ 30ലക്ഷം കടന്ന ദിവസമാണിന്ന്. മൂന്നുദശലക്ഷം എന്ന സംഖ്യയിലേക്ക് നോക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. നിങ്ങൾ സ്പർശിച്ചത് എന്റെ ഹൃദയത്തിലാണ്. ഓരോ സ്നേഹവിരൽത്തുമ്പിനും കീഴേ ശിരസ്സ് നമിക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരുത്തരെയും ഞാൻ കാണുന്നു. ഈ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെയും തൊടുന്നു. ലോകത്തിന്റെ ഏതൊക്കയോ ഭാഗങ്ങളിലിരുന്ന് നിങ്ങൾ തരുന്ന പിന്തുണയാണ് മുന്നോട്ടുള്ള യാത്രയിലെ കൈ വിളക്ക്. ഇഷ്ടമറിയിക്കുന്ന ആ കൈവിരലിന് ശാസിക്കാനും വഴികാട്ടാനുമുള്ള പരമാധികാരമുണ്ടെന്നും ഞാൻ തിരിച്ചറിയുന്നു. ചൂണ്ടുവിരലിൽ നിങ്ങൾ എന്നെ നയിക്കുക... ഇത്രയും കാലത്തെ എല്ലാ നല്ലവാക്കുകൾക്കും വിമർശനങ്ങൾക്കും ഒരിക്കൽക്കൂടി നന്ദി... പകരം നിറഞ്ഞ സ്നേഹം.''
 

related stories