Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവരസങ്ങളാടി മണ്ഡോദരി

Sneha Sreekumar സ്നേഹ ശ്രീകുമാർ

നവരസങ്ങളോരോന്നും വളരെ അനായാസമായി മുഖത്തണിയാന്‍ അപാര കഴിവുളള കഥാകാരിയാണു സ്നേഹ ശ്രീകുമാർ. അഞ്ചു വയസ്സു മുതൽ കഥകളിയും എട്ടാം വയസ്സിൽ ഓട്ടൻ തുളളലും പഠിച്ചു തുടങ്ങിയത് അഭിനയജീവിതത്തിൽ സ്നേഹയ്ക്ക് വലിയ തുണയായിട്ടുണ്ടാവണം.

കുഞ്ഞിലേ അധികം സംസാരിക്കാത്ത പ്രകൃതക്കാരി മുതിർന്നപ്പോൾ അരങ്ങിലാകെ നിറഞ്ഞും പകർന്നും ആടുന്നത് ആളുകൾ വിസ്മയത്തോടെയാണു കണ്ടത്. പിന്നീടു സിനിമയിലും സീരിയലിലും ഹാസ്യ പരമ്പരയിലും അഭിനയത്തനിമ കാഴ്ചവച്ച് സ്നേഹ എല്ലാവർക്കും സ്നേഹവതിയായി.

ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ ഒരു പ്രത്യേക സിദ്ധി തന്നെയുണ്ട് സ്നേഹയ്ക്ക്. തമിഴിലെ പ്രശസ്ത നടി മനോരമയെ ഓർമ്മിപ്പിക്കുന്ന ഭാവചലനങ്ങൾ പലപ്പോഴും ഈ അഭിനേത്രിയിൽ മിന്നിമറയുന്നതു കാണാം. മിനിസ്ക്രീനിലെ വേറിട്ട ഹാസ്യപരിപാടിയാണ് മഴവിൽ മനോരമ ഒരുക്കുന്ന ‘മറിമായം’. സർക്കാർ ഓഫിസുകളിലെ അഴിമതിക്കഥകൾ ആക്ഷേപഹാസ്യരസത്തോടെ അവതരിപ്പിച്ചപ്പോൾ ‘ചിരി യുടെ മറിമായം’ തന്നെ സൃഷ്ടിക്കപ്പെട്ടു. ഇതിൽ മണ്ഡോദരിയായി വരുന്ന സ്നേഹയുടെ വിസ്മയം വിടർത്തുന്ന ഭാവ ചലനങ്ങളാണു സ്ത്രീ പ്രേക്ഷകർ കൂടുതലും ഇഷ്ടപ്പെടു ന്നത്.

Sneha Sreekumar സ്നേഹ ശ്രീകുമാർ

‘മറിമായ’ത്തിൽ വന്നതിനെക്കുറിച്ച്

ഡയറക്ടർ സിദ്ധാർഥ് ശിവയാണു എനിക്കു മഴവിൽ മനോരമയിലേക്കു വഴികാട്ടിയത്. അദ്ദേഹം മറിമായത്തിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ സാറിനെ എനിക്കു പരിചയപ്പെടുത്തി. മോഹൻലാൽ–മുകേഷ് ടീമിന്റെ ‘ഛായാമുഖി’യിൽ ഹി‍ഡുംബിയുടെ വേഷം ചെയ്യുന്ന കാലത്തായിരുന്നു. ‘മറിമായ’ത്തിലേക്കു വിളിവന്നത്. സത്യശീലൻ, മൊയ്തു, ശീതളൻ എന്നീ കഥാപാത്രങ്ങൾക്കൊപ്പം മണ്ഡോദരിയുടെ റോളായിരുന്നു എനിക്ക്. ആദ്യ എപ്പിസോഡ് ചിത്രീകരിച്ചതു കുമ്പളത്തെ എന്റെ വീട്ടിൽ വച്ചായിരുന്നു. എന്റെ ആദ്യ മിനിസ്ക്രീന്‍ പ്രവേശം മറിമായത്തിലൂടെയാണ്. 250 എപ്പിസോഡുകൾ പിന്നിട്ട ഈ ഹാസ്യ പരമ്പര കാണാത്തവർ ആരുമുണ്ടാകില്ല. കാരണം സർക്കാർ ഓഫിസുകളിലെ ദുരനുഭവങ്ങൾക്ക് ഒരു തവണയെങ്കിലും ഇരയാകാത്തവർ കാണില്ലല്ലോ. അതുകൊണ്ടായിരിക്കും ‘മറിമായം’ വളരെ പെട്ടെന്ന് സൂപ്പർഹിറ്റിലേക്കു കുതിച്ചത്. മറ്റു കഥാപാത്രങ്ങളോടൊപ്പം ഞാനും അങ്ങനെ പ്രശസ്തയായി. പുറത്തു വച്ചു കാണുമ്പോഴെല്ലാം ആളുകൾ അടുത്തു വന്നു വിശേഷങ്ങൾ തിരക്കും അവർക്കെല്ലാം ഞാൻ മണ്ഡുവും മണ്ഡോദരിയുമാണ്.

മൂന്നാം വയസ്സിൽ ചേച്ചി സൗമ്യയോടൊപ്പം ഡാൻസ് പഠനം തുടങ്ങിയതാണു സ്നേഹ. കലാമണ്ഡലം ഗോപിനാഥാണു ഗുരു. കൂടുതൽ ഭാവങ്ങൾ സ്വായത്തമാക്കാൻ കഥകളി കൂടി പഠിക്കണമെന്നു നിര്‍ദേശിച്ചത് അദ്ദേഹമായിരുന്നു. അങ്ങനെ കലാമണ്ഡലം വാസുദേവന്റെ ശിക്ഷണത്തിൽ കഥകളി പഠിക്കാൻ തുടങ്ങി. ഇപ്പോൾ ക്ഷേത്രങ്ങളിൽ ഉൽസവത്തോടനു ബന്ധിച്ചു സ്നേഹയുടെ കഥകളിയും ഓട്ടൻ തുളളലും അരങ്ങേറാറുണ്ട്. ഓട്ടൻ തുളളലിൽ കലാമണ്ഡലം പ്രഭാകരനാണ് ഗുരു. മോഹിനിയാട്ടത്തിലെ നിർമല പണിക്കരും ഭരത നാട്യത്തിൽ ആർ. എല്‍.വി വേണുഗോപാലുമാണ് ഗുരുസ്ഥാനീയർ. സ്കൂൾ–കോളജ് പഠനകാലത്തു കലാമൽസരങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടിയ കലാകാരിയാണു സ്നേഹ ശ്രീകുമാർ.

Sneha Sreekumar സ്നേഹ ശ്രീകുമാർ

കലയുമായി ഇഴുകിച്ചേർന്നപ്പോഴും പഠനത്തിൽ ഒട്ടും പിറകിലായിരുന്നില്ല. മലയാളത്തിൽ ഡിഗ്രി എടുത്തത് മഹാരാജാസിൽ നിന്ന്. തിയറ്റർ ആർട്സിൽ എംഎ കരസ്ഥമാക്കിയത് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫില്ലും കരസ്ഥമാക്കി. തിയറ്റർ ആർട്സിനു പഠിക്കുമ്പോൾ ധാരാളം നാടകങ്ങൾ ചെയ്തു. കോഴ്സിന്റെ ഭാഗമായി നാടകം സംവിധാനവും ചെയ്തു. 2007 ൽ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയുടെ മികച്ച നടിക്കുളള അവാർഡ് സ്നേഹയ്ക്കായിരുന്നു.

സ്നേഹയുടെ അഭിനയ മികവു നിറഞ്ഞു നിന്ന സീരിയലായി രുന്നു ‘ഭാർഗവീ നിലയം.’ ഇനി വരാനിരിക്കുന്ന സീരി‌യൽ ‘അനിയൻ ബാവ ചേട്ടൻ ബാവ’യാണ്. ഇതില്‍ ചേട്ടൻ ബാവയുടെ ഭാര്യ ഗ്രേസിയുടെ വേഷമാണു സ്നേഹയ്ക്ക്. ഇതുവരെ പതിമൂന്നു സിനിമകളിൽ വ്യത്യസ്തയായ കഥാപാത്രങ്ങളെ സ്നേഹ അവതരിപ്പിച്ചു. അവയിൽ ‘ഉട്ട്യോപ്യയിലെ രാജാവ്, രാജമ്മ @ യാഹു എന്നിവയിൽ അഭിനയപ്രാധാന്യമുളള വേഷങ്ങളായിരുന്നു.

Sneha Sreekumar സ്നേഹ ശ്രീകുമാർ

വാട്ടർ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്ന പരേതനായ ശ്രീകുമാറാണ് സ്നേഹയുടെ അച്ഛൻ. അമ്മ ഗിരിജാ ദേവി കുമ്പളം സ്കൂളിൽ ഹെഡ്മിസ്ട്രസ്സായിരുന്നു. പഠനകാര്യ ത്തിലും കലാരംഗത്തും അമ്മയുടെ പ്രോത്സാഹനമാണ് ഉയരങ്ങളിലെത്താൻ സ്നേഹയെ സഹായിച്ചത്. ഒപ്പം ഗുരുക്കന്മാരുടെ സ്നേഹവും അനുഗ്രഹാശിസ്സുകളും. 

Your Rating: