Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാംപുകളെ ആവേശത്തിലാഴ്ത്തി ഒരു നേപ്പാളി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡൽ!

അഞ്ജലി ലാമ അഞ്ജലി ലാമ

മുംബൈയിലെ ബാന്‍ഡ്ര- കുര്‍ല കോംപ്ലെക്‌സിലെ ജിയോ ഗാര്‍ഡനില്‍, ലോകപ്രശസ്തമായ ലാക്മേ ഫാഷന്‍വീക്ക്(സമ്മര്‍ റിസോര്‍ട്ട്) 2017ന് ഫെബ്രുവരി ഒന്നാം തിയതി തിരശീല ഉയരുമ്പോള്‍ സ്വത്വബോധത്തിന്റെ പുതിയൊരു ചരിത്രം കൂടി അവിടെ രചിക്കപ്പെടും. ഫാഷന്‍ മോഡലിംഗ് രംഗത്ത് ഭിന്നലിംഗക്കാരുടെ, കുറച്ചുകൂടി പോളിഷ് ചെയ്ത് പറഞ്ഞാല്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ സ്വത്വബോധം അടയാളപ്പെടുത്താന്‍ നേപ്പാളില്‍ നിന്നും ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു, പേര് അഞ്ജലി ലാമ. ആഗോളതലത്തില്‍ തന്നെ മോഡലിംഗ് രംഗത്ത് ഒരു ഉടച്ചുവാര്‍ക്കലിന് വഴിയൊരുക്കിയാകും അഞ്ജലി ലാമ ലാക്മെ ഫാഷന്‍ വീക്കിലെ റാംപുകളിലെത്തുന്ന ലോകത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലെന്ന ഖ്യാതി നേടുക. 

അഞ്ജലി ലാമ അഞ്ജലി ലാമ

മോഡലിംഗ് എന്നും വനിതാകേന്ദ്രീകൃതമായിരുന്നു. ആണ്‍മോഡലുകളെക്കാള്‍ എപ്പോഴും ശ്രദ്ധ നേടുന്നത് വനിതകളുടെ ഫാഷന്‍വീക്കുകളും. മോഡല്‍ എന്ന് പറയുമ്പോള്‍ ആദ്യം മനസിലെത്തുന്നതും വനിതകളുടെ ചിത്രം തന്നെ.

അഞ്ജലി ലാമ അഞ്ജലി ലാമ

ആണ്‍ മോഡലുകള്‍ക്കും നമ്മുടെ മനോമണ്ഡലത്തില്‍ ഇടം കിട്ടിയിട്ടുണ്ട്. അതിനപ്പുറം ഒരു വിപ്ലവം, പലര്‍ക്കും അസാധ്യം. അത്തരത്തില്‍ ആഴ്ന്നിറങ്ങിയ പരമ്പരാഗത ചിന്താഗതിക്കെതിരെ പോരാടി, ലോകത്തിന്റെ അംഗീകാരവും സ്വീകാര്യതയും നേടുന്നത് സാമൂഹ്യമായി പിന്നിട്ടുനില്‍ക്കുന്ന നേപ്പാളി ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയാകുമ്പോള്‍ വിജയത്തിന് മധുരമേറും.

അഞ്ജലി ലാമ അഞ്ജലി ലാമ

ഇത് ലാമയുടെ കഥ

ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ലാക്മെ ഫാഷന്‍ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ അഞ്ജലി ലാമ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍. 

ഒരു അന്താരാഷ്ട്ര ഫാഷന്‍വീക്കില്‍ ആദ്യമായാണ് ഞാന്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണയും ഓഡിഷന് വന്നിരുന്നു. പക്ഷേ ടോപ് 20യില്‍ ഇടം നേടിയെന്നല്ലാതെ ഫാഷന്‍വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. അതുവരെ എത്തിയത് എനിക്ക് ആത്മവിശ്വാസം നല്‍കി. ഞാന്‍ കഠിനാധ്വാനം ചെയ്തു. അങ്ങനെയാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടത്- അഞ്ജലി ലാമ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

പട്ടണത്തില്‍ പോണു എന്നു പറയുന്നതു തന്നെ പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ട പ്രദേശത്തു നിന്നാണ് ലാമയുടെ വരവെന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ തിളക്കമുള്ളതാകുന്നത്. നേപ്പാളിലെ നുവാകോട്ട് എന്ന ഗ്രാമത്തിലായിരുന്നു ലാമയുടെ ജനനം. തന്റെ സത്വത്തെക്കുറിച്ച് ലാമ സംശയാലുവായിരുന്നെങ്കിലും മിണ്ടിയില്ല. നാബിന്‍ വാബിയ എന്നായിരുന്നു പൂര്‍വാശ്രമ നാമം. ആണ്‍കുട്ടി ആയിട്ടാണ് ജനനമെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 2003ല്‍ കാഠ്ണ്ഡുവില്‍ എത്തിപ്പെട്ടതാണ് ലാമയുടെ സ്വത്വം പുറത്തെടുക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയത്. 

മേക്കപ്പിട്ട് നൈറ്റ് ക്ലബ്ബിലേക്ക് പോകുന്ന ഒരു കൂട്ടം ട്രാന്‍സ്‌ജെന്‍ഡറുകളെ കണ്ട ലാമ അവരോട് മനസ്സ് തുറന്നു. എല്‍ജിബിടി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കാഠ്മണ്ഡുവിലെ ബ്ലൂ ഡയമണ്ട് സൊസൈറ്റിയുമായി അവര്‍ ലാമയെ ബന്ധിപ്പിച്ചു. എന്റെ ടീനേജ് കാലത്ത് ഞാന്‍ മോഡലിംഗിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. എന്റെ സുഹൃത്തുക്കളാണ് എനിക്ക് മെലിഞ്ഞ ശരീരമുണ്ട്, മോഡലിംഗ് ട്രൈ ചെയ്യാം എന്നെല്ലാം നിര്‍ദേശിച്ചത്- ലാമ പറയുന്നു.

2005 ല്‍ അഞ്ജലി ലാമ എന്ന പേര് സ്വീകരിച്ച ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് ലിംഗ മാറ്റ ശസ്ത്രക്രിയക്കും വിധേയ ആയി. മാനസികമായും ശാരീരികമായും സാമ്പത്തികമായും വലിയ വെല്ലുവിളി ആയിരുന്നു അതെന്ന് അഞ്ജലി ഓര്‍ക്കുന്നു. അമ്മയൊഴികെ മറ്റെല്ലാ ബന്ധുക്കളും ലാമയെ ശപിച്ചു. ഞങ്ങളുടെ സാമൂഹ്യ സാഹചര്യത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആകുക എന്നത് ജീവിതത്തിന്റെ മിക്ക ഘട്ടങ്ങളിലും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവഗണന മാത്രമാകും നേരിടേണ്ടി വരിക. നമ്മള്‍ നമ്മളെ തന്നെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അപ്പോള്‍ പോരാടന്‍ ആത്മവിശ്വാസം ലഭിക്കും - ലാമ പറയുന്നു. ഒന്നും ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിഞ്ഞതാണ് ലാമയെ മുന്നോട്ട് നയിച്ചത്.

അഞ്ജലി ലാമ അഞ്ജലി ലാമ

വോയ്‌സ് ഓഫ് വിമണ്‍ എന്ന മാസികയില്‍ ഫോട്ടോഷൂട്ട് വന്നതാണ് ലാമയുടെ കരിയറില്‍ വഴിത്തിരിവായത്. എന്നാല്‍ അതിനു ശേഷവും മിക്ക ഫാഷന്‍ വീക്കുകളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന കാരണത്താല്‍ അഞ്ജലി ലാമ ഒഴിവാക്കപ്പെട്ടു. തന്റെ പ്രകടനം മികച്ചതാണെന്നും എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് അംഗീകരിക്കാന്‍ പറ്റില്ലെന്നുമായിരുന്നു നേപ്പാളിലെ പല ഫാഷന്‍ ഷോകളിലും ജഡ്ജസ് ആയി എത്തിയവര്‍ ലാമയോട് പറഞ്ഞത്. 

ഇത് കേട്ട് ലാമ തളര്‍ന്നില്ല. സുഹൃത്തുക്കളുടെ നിര്‍ദേശത്തില്‍ സാമ്പത്തിക പരാധീനത മറന്നും അന്താരാഷ്ട്ര ഫാഷന്‍വീക്കുകളില്‍ ഇടം നേടാന്‍ ശ്രമിച്ചു. അങ്ങനെയാണ് ലാക്മെ ഫാഷന്‍വീക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പതിപ്പില്‍ ഓഡിഷന് എത്തിയത്. പക്ഷേ, ഫൈനലിലേക്ക് സെലക്ഷന്‍ കിട്ടിയില്ല. അത് ലാമ അവസരമാക്കി. അന്താരാഷ്ട്ര മോഡലുകളുടെ മേക്കപ്പും പോസും ഡ്രസുമെല്ലാം വിഡിയോകള്‍ പല ആവൃത്തി കണ്ട് പഠിച്ചു. ഇത്തവണ വീണ്ടും ഓഡിഷന് എത്തി. മനസില്‍ വിജയമുറപ്പിച്ചിരുന്ന ലാമ ഫാഷന്‍വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഫെബ്രുവരിയില്‍ നടക്കുന്ന പരിപാടിക്ക് തയാറെടുപ്പുകള്‍ നടത്താന്‍ തല്‍ക്കാലം മുംബൈയിലേക്ക് താമസം മാറിയിരിക്കുകയാണ് ലാമ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി ജോലി ചെയ്യണമെന്നതാണ് ലാമയുടെ സ്വപ്നം. കാര്യമെന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ, നേപ്പാളില്‍ ഞാന്‍ കേട്ട ഏക ഫാഷന്‍ ഡിസൈനറുടെ പേര് മല്‍ഹോത്രയുടേതാണ്. 

കഴിവാണ് പ്രധാനം, ലിംഗമല്ല

ഇത് എന്റെ ആദ്യ അന്താരാഷ്ട്ര പ്രൊജക്റ്റാണ്. മഹത്തായ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ഇതെനിക്ക് നല്‍കുന്നത്. ഞാന്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നത് കഴിവുണ്ടെങ്കില്‍ നിങ്ങള്‍ ആണാണോ പെണ്ണാണോ ട്രാന്‍സ്‌ജെന്‍ഡറാണോ തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ്. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമേകും- ഓഡിഷനിലൂടെ ലാക്മെ ഫാഷന്‍വീക്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മോഡല്‍ പറയുന്നു.  സമൂഹത്തിന്റെ യുക്തിഹീനമായ ചട്ടക്കൂടുകള്‍ ഫാഷനിലൂടെ പൊളിച്ചടുക്കുമെന്ന വാശിയാണ്  32 വയസ്സുള്ള അഞ്ജലി ലാമയുടെ വാക്കുകളില്‍ നിഴലിച്ചത്. 

Your Rating: