Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർജ്ജുനെപ്പോലൊരു ഭർത്താവിനെ വേണ്ട: മേഘ്ന

meghna-vincent മേഘ്ന വിൻസെന്റ്

കേരളത്തിലെ സിരിയൽ കാണുന്ന സ്ത്രീകളോട് എങ്ങനെയുള്ള മരുമകൾ വേണമെന്ന് ചോദിച്ചാൽ അവർക്ക് ഒരു ഉത്തരമേ കാണൂ- അമൃതയെപ്പോലെ. അത്രമേൽ പ്രിയങ്കരിയാണ് ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രം. അമൃതയെ അവതരിപ്പിക്കുന്ന മേഘ്ന വിൻസെന്റിന്റെ വിശേഷങ്ങൾ

എങ്ങനെയാണ് അഭിനയരംഗത്ത് എത്തുന്നത്?

ഞാൻ ഒരു ക്ലാസിക്കൽ ഡാൻസറാണ്. ഡാൻസിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. അമ്മ നിമ്മി ഒരു ആർട്ടിസ്റ്റായിരുന്നു ഒപ്പം ഡാൻസറും. അമ്മ കുട്ടികൾക്ക് ഡാൻസ് ക്ലാസ് എടുക്കാറുണ്ടായിരുന്നു, അതു കണ്ടാണ് വളർന്നത്. എന്റെ ആദ്യ ഗുരു വിമലാനാരായണനായിരുന്നു, അതിനുശേഷം കലാമണ്ഡലം ഗോപിനാഥൻ മഷിന്റെ ശിഷ്യയായി. ഇപ്പോഴും നൃത്തം പഠിക്കുന്നുണ്ട്. ബാലതാരമായിട്ടാണ് സിരിയലിൽ എത്തുന്നത്. പത്താംക്ലാസ് വരെ സിരിയലിൽ സജീവമായിരുന്നു, അതിനുശേഷം ഒരു ബ്രേക്ക് എടുത്തു പഠനത്തിൽ ശ്രദ്ധിക്കാനായിരുന്നു ഇത്. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് സ്വമിയെ ശരണമയ്യപ്പാ സീരിയലിൽ അഭിനയിക്കുന്നത്. അതിനുശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സ്വര്‍ഗവാതില്‍, മോഹക്കടല്‍, ഇന്ദിര, ചക്രവാകം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതിനു ശേഷമാണ് ചന്ദനമഴയിലേക്ക് വരുന്നത്.

ചന്ദനമഴയിലെ അമൃതയാണല്ലോ മേഘ്നയെ കൂടുതൽ പ്രശസ്തയാക്കിയത്?

അമൃതയെന്ന കഥാപാത്രത്തിനോട് മലയാളികൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. എവിടെപ്പോയാലും മോളേ അമൃതേ എന്നാണ് എല്ലാവരും വിളിക്കുന്നത്. ചന്ദനമഴയുടെ തമിഴ് ദൈവം തന്ത വീടിലും ഞാൻ അഭിനയിക്കുന്നുണ്ട്. അതുകൊണ്ട് തമിഴ്നാട്ടുകാർക്കും ഒരുപാട് ഇഷ്ടമാണ്.

meghna മേഘ്ന വിൻസെന്റ്

ദൈവം തന്ത വീടിലെ സീതയെയാണോ അമൃതയേയാണോ കൂടുതൽ ഇഷ്ടം?

രണ്ടു കഥാപാത്രങ്ങളും എനിക്ക് എന്റെ കണ്ണിലെ രണ്ടുകൃഷ്ണമണികൾ പോലെയാണ്. അത്രയ്ക്ക് ഇഷ്ടമാണ് സീതയേയും അമൃതയേയും. കഥ ഒന്നാണെങ്കിലും അമൃത കുറച്ചുകൂടി ബോൾഡാണ്. സീത തീരെ ബോൾഡല്ലാത്ത വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു പാവം പെൺകുട്ടിയാണ്. സീതയെ അവതരിപ്പിച്ചതിലൂടെ തമിഴ്നാട്ടുകാരുടെ സ്നേഹവും എനിക്ക് ഒരുപാട് കിട്ടുന്നുണ്ട്.

സീതയെപ്പോലെയോ അമൃതയെപ്പോലെയോ ആണോ മേഘ്ന?

meghna-v മേഘ്ന വിൻസെന്റ്

അയ്യോ അല്ലേ അല്ല. മേഘ്നയ്ക്ക് മേഘ്നയുടേതായ വ്യക്തിത്വമുണ്ട്. ഈ കഥാപാത്രങ്ങളെപ്പോലെ പാവമേ അല്ല, നല്ല ബോൾഡ് ആണ്. പറയേണ്ട കാര്യങ്ങൾ പറയേണ്ടയിടത് പറയുന്ന പ്രകൃതക്കാരിയാണ് മേഘ്ന. എനിക്ക് എന്റേതായ ഇഷ്ടങ്ങളും താൽപ്പര്യങ്ങളുമൊക്കെയുണ്ട്.

അമൃതയോടുള്ള സ്നേഹം പുറത്തിറങ്ങുമ്പോൾ ആളുകൾ പ്രകടിപ്പിക്കാറുണ്ടോ?

അമൃതയോടുള്ള സ്നേഹം കാരണം എനിക്ക് ഒരുപാട് കല്ല്യാണാലോചന വരുന്നുണ്ട്. അമൃതയെപ്പോലെയുള്ള പെൺകുട്ടിയെ വേണം മരുമകളായി കിട്ടാൻ എന്നാണ് എല്ലാവരും പറയുന്നത്.

സീരിയലിലെ അർജ്ജുനെപ്പോലൊരു ഭർത്താവാണോ മേഘ്നയുടെ സങ്കൽപ്പം?

എനിക്ക് അർജ്ജുനെപ്പോലൊരു ഭർത്താവിനെ വേണ്ടേ വേണ്ട. അർജ്ജുൻ അത്ര നല്ല ഭർത്താവ് ഒന്നുമല്ലയാരുന്നല്ലോ, ഇപ്പോഴാണ് നല്ലതായത്. അത്രയും പണക്കാരായ കുടുംബത്തിലെ മരുമകളൊന്നും എനിക്ക് ആവുകേ വേണ്ട. എന്നെ ഞാനായിട്ട് അംഗീകരിക്കുന്ന ഒരു കുടുംബത്തിലെ മരുമകളാകാനാണ് എനിക്ക് ഇഷ്ടം.

സിരിയലിൽ ആരുമായിട്ടാണ് കൂടുതൽ അടുപ്പം?

ഞാനും ശാലുവും (ശാലുകുര്യൻ), ചാരുവും നല്ല സുഹൃത്തുക്കളാണ്. എന്നാലും കൂടുതൽ അടുപ്പം രൂപശ്രീ ചേച്ചിയോടാണ്. എന്റെ അച്ഛനും അമ്മയും കഴിഞ്ഞാൽ ഏറ്റവും അടുപ്പം ചേച്ചിയോടാണെന്ന് പറയാം. എല്ലാ കാര്യങ്ങളും തുറന്നു പറയും. എനിക്ക് എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് ചേച്ചി. രണ്ടരവർഷമായി ഞങ്ങൾ അമ്മായിഅമ്മയും മരുമകളുമായി അഭിനയിക്കുന്നു. ഞങ്ങളുടെ കോംബിനേഷൻ ആളുകൾക്ക് ഇഷ്ടമാകുന്നത് വ്യക്തിപരമായ അടുപ്പം ഉള്ളതുകൊണ്ട് കൂടിയാണ്.

അമൃതയെപ്പോലെ തന്നെ അമൃതയുടെ സാരികളും ഹിറ്റാണല്ലോ?

എന്റെ മമ്മിയാണ് അമൃതയുടെ സാരികളും ഓർണമെന്റസുമൊക്കെ തിരഞ്ഞെടുത്ത് തരുന്നത്. അമൃതയുടെ സാരി ഹിറ്റായതിന്റെ ക്രഡിറ്റ് മമ്മിക്കാണ്.

അമൃത കുറച്ച് മോഡേണായിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എയ് ഒരിക്കലുമില്ല. അമൃതയ്ക്ക് ഇഷ്ടമുള്ള ചില കാര്യങ്ങളുണ്ട്. ആ ഇഷ്ടങ്ങളെയാണ് മലയാളിക്കും ഇഷ്ടം. അമൃതയുടെ ഇഷ്ടവേഷം സാരിയാണ്, അധികം ഓർണമെന്റസ് ഇടുന്നതൊന്നും ഇഷ്ടമല്ലാത്ത സിംപിൾ വ്യക്തിയാണ് അമൃത. അമൃതയുടെ ഇഷ്ടങ്ങളെ എനിക്കും ഇഷ്ടമാണ്. ഞാൻ മേഘ്നയായി പുറത്തിറങ്ങുമ്പോൾ എനിക്ക് ഇഷ്ടമുള്ള വേഷങ്ങളാണ് ഇടുന്നത്.

മേഘ്നയുടെ കുടുംബം

ഇടക്കൊച്ചിയിലാണ് വീട്. അമ്മ, അമ്മമ്മ ഞാൻ ഇത്രയുംപേരാണ് വീട്ടിൽ. അപ്പാപ്പൻ ഈയിടയ്ക്ക് മരിച്ചു. അച്ഛൻ വിൻസെന്റ് ഗൾഫിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.