Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിറ്റുകൾക്കൊപ്പം പ്രേക്ഷക മനം കവർന്ന നൈല ഉഷ

നൈല ഉഷ നൈല ഉഷ

'ഒരു മിനിറ്റ് മതി ജീവിതം മാറിമറിയാൻ', എന്ന തിരിച്ചറിവ് ലോകമെമ്പാ ടുമുള്ള പ്രേക്ഷകർക്ക് മനസിലാക്കി കൊടുത്ത ഗെയിം ഷോയാണ് 'മിനിറ്റ് ടു വിൻ ഇറ്റ്'.  മഴവിൽ മനോരമയിലൂടെ മിനിറ്റിന്റെ വേദി മലയാളികൾക്ക്  മുന്നിൽ തുറന്നപ്പോൾ, 'മിനിറ്റ് ടു വിൻ ഇറ്റ്' എന്ന ഗെയിം ഷോക്കൊപ്പം അതിന്റെ അവതാരക നൈല ഉഷയും മിനിറ്റിൽ തന്നെ പ്രേക്ഷക ഹൃദയം കവർന്നു. വൈവിധ്യവും ലാളിത്യവും നിറഞ്ഞ അവതരണം കൊണ്ട് നൈല ഉഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. മിനിറ്റ് ടു വിൻ ഇറ്റ് ലെ അനുഭവങ്ങളും ഒപ്പം വിശേഷങ്ങളും പങ്കുവെച്ച് നൈല...

മിനിറ്റിൽ നൈല 

രണ്ട് വട്ടം വനിത ഫിലിം അവാർഡ്‌സും മനോരമ ഓൺലൈൻ നടത്തിയ എം ജയചന്ദ്രന്റെ ഒരു പരിപാടിയും അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.  അതുപോലെ മഴവില്ലിൽ നിന്ന് മുൻപും പരിപാടികൾ അവതരിപ്പിക്കാൻ ക്ഷണമുണ്ടായിരുന്നുവെങ്കിലും,  പല കാരണങ്ങൾ കൊണ്ടും അതിന് കഴിഞ്ഞില്ല. ദുബായിൽ ഞാൻ ഒരു റേഡിയോ പരിപാടി അവതരിപ്പിക്കുന്നത് കൊണ്ട് എനിക്ക് ഡേറ്റ്സ്സ് തമ്മിൽ ക്ലാഷ് ആകാതെ നോക്കണം. എല്ലാം ഒത്തുവന്നത്  'മിനിറ്റ് ടു വിൻ ഇറ്റി'ന്റെ അവതാരകയാകാൻ ക്ഷണം വന്നപ്പോഴാണ്. പിന്നെ ടെലിവിഷൻ അവതരണം എനിക്കും ഒരുപാട് താല്പര്യമുള്ള മേഖലയാണ്. ഞാൻ എന്റെ കരിയർ ആരംഭിക്കുന്നത് ടെലിവിഷനിലൂടെയാണ്. മറ്റ് പല ചാനലിൽ നിന്നും എനിക്ക് ക്ഷണമുണ്ടായിരുന്നു. ഞാനും എന്റെ കുടുംബവും മഴവില്ലിന്റെ സ്ഥിരം പ്രേക്ഷകരാണ്. 'ദേ ഷെഫ്', 'ഡി ഫോർ ഡാൻസ്', 'തട്ടീം മുട്ടീം' തുടങ്ങിയ മഴവില്ലിലെ മിക്ക പരിപാടികളും  ഞങ്ങൾ കാണാറുണ്ട്. നല്ല നിലവാരമുള്ള പരിപാടികളാണ്  മഴവിൽ  മനോരമയിലുള്ളത്. അതുകൊണ്ട് തന്നെ മഴവില്ലിൽ നിന്നും 'മിനിറ്റ് ടു വിൻ ഇറ്റ്'  അവസരം വന്നപ്പോൾ ചെയ്യാൻ നല്ല താല്പര്യം തോന്നി. ഒന്നാമത്  'മിനിറ്റ് ടു വിൻ ഇറ്റ്'  ഇന്റർനാഷണലി ഫേമസ് ഷോയാണ്. പിന്നെ മിനിറ്റ് ഗെയിംസ് എനിക്കും വ്യക്തിപരമായി ഇഷ്ടമാണ്. 

നൈല ഉഷ നൈല ഉഷ

മിനിറ്റിലെ പ്രതികരണം 

കേരളത്തിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ പ്രതികരണം ലഭിച്ചത്. പുറത്തുപോകുമ്പോൾ എല്ലാവരും ദേ 'മിനിറ്റ് ടു വിൻ ഇറ്റ്' എന്ന് വിളിച്ചു പറയും. സിനിമ ചെയ്തപ്പോൾ കിട്ടിയതിനേക്കാൾ  കൂടുതൽ അംഗീകാരം  'മിനിറ്റ് ടു വിൻ ഇറ്റി'ന്റെ അവതാരകയായപ്പോഴാണ് ലഭിച്ചത്.  പിന്നെ വിമർശനങ്ങൾ ഞാൻ എപ്പോഴും പോസിറ്റീവ് ആയിട്ടേ എടുക്കാറുള്ളു. 

ബീറ്റ് ദി മിനിറ്റ് 

ഞാൻ ജീവിതത്തിൽ ഒട്ടും സമയം കീപ് ചെയ്യാത്ത ഒരാളാണ് (ചിരി). എല്ലായിടത്തും അവസാനം എത്തുന്ന ഒരാൾ!

ഞാനും സാമൂഹിക മാധ്യമങ്ങളും 

എന്റെ അഭിപ്രായങ്ങൾ  പ്രതിഫലിപ്പിക്കാൻ ഞാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാറില്ല. പക്ഷെ റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വിജയം പോലുള്ള സന്തോഷ നിമിഷങ്ങൾ ഞാൻ ഫേസ്ബുക്കും ട്വിറ്ററും വഴി പങ്ക്‌വെച്ചിരുന്നു. അല്ലാതെ വിമർശനങ്ങൾക്ക് വേണ്ടിയോ സാമൂഹിക പ്രശ്നങ്ങൾക്ക് വേണ്ടിയോ ഞാൻ അത് ഉപയോഗിക്കാറില്ല, അതെല്ലാം എന്റെയുള്ളിൽ ഉണ്ടായാൽ പോലും. സാമൂഹിക മാധ്യമങ്ങളെ നല്ലതിനും മോശമായിട്ടും ഉപയോഗിക്കാം. ഫേസ്ബുക്കിൽ ചില ചിത്രങ്ങൾക്ക് താഴെ മോശം കമന്റ് എഴുതുന്നവർ മിക്കവാറും ഫേക്ക് അക്കൗണ്ടിൽ നിന്നാണ് ചെയ്യുന്നത്. ഇത് ചിലരുടെ സ്വഭാവമാണ്. റിയൽ ഐഡന്റിറ്റി മറച്ച് മറ്റുള്ളവരെ കല്ലെറിയണം എന്നുവിചാരിക്കുന്നവരാണവർ.  സാമൂഹിക മാധ്യമങ്ങൾ വഴി പ്രതികരിച്ചതുകൊണ്ട് അത് മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ  എന്റെ പേജിലാണ് അത്തരം കമന്റ് വരുന്നതെങ്കിൽ ചിലപ്പോൾ ഞാൻ അത് മാറ്റാറുണ്ട്. ചിലപ്പോൾ വിചാരിക്കും അത് അവിടെ കിടക്കട്ടെയെന്ന്, ഇതുപോലുള്ള ആളുകളും നമുക്കിടയിലുണ്ടെന്ന് മറ്റുള്ളവർ അറിയുന്നതും നല്ലതാണ്.

നൈല ഉഷ നൈല ഉഷ

മമ്മുക്ക വഴി സിനിമയിലേക്ക് 

ഞാൻ സിനിമയിലേക്ക് വരാനുള്ള കാരണം തന്നെ മമ്മൂക്കയാണ്. ദുബായിൽ മമ്മുക്ക എന്റെ റേഡിയോ പരിപാടി കേൾക്കാറുണ്ടായിരുന്നു. 'കുഞ്ഞനന്തന്റെ കട' എന്ന സിനിമയിൽ കണ്ണൂർ ഭാഷയായിരുന്നു സംസാരിക്കേണ്ടത്, ഒപ്പം ലൈവ് ഡബ്ബിങ്ങും. അതുകൊണ്ട് തന്നെ നന്നായി  സംസാരിക്കുന്ന ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ മമ്മുക്കയാണ് എന്നെ നിര്‍ദ്ദേശിക്കുന്നത്.  ഷൂട്ടിങ്ങിനു ചെന്ന ദിവസം തന്നെ  ഓഡിഷൻ പോലെ ചെറിയ സീൻ ചെയ്യിപ്പിച്ചു.  മമ്മുക്ക, റസൂൽ പൂക്കുട്ടി, സലിം അഹമ്മദ് തുടങ്ങിയ വലിയ ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ശരിക്കും ഭാഗ്യം തന്നെയാണ്. മൂന്ന് സിനിമകൾ മമ്മുക്കക്കൊപ്പം ചെയ്തു.

സിനിമയിൽ ഞാൻ 

ആക്റ്റിംഗ് എനിക്ക് ഇപ്പോഴും ടെൻഷനുള്ള ഒന്നാണ്. ഒരു സിനിമ ചെയ്തുകഴിഞ്ഞ് ഒരു വർഷമെങ്കിലും ഇടവേളയെടുത്താണ് ഞാൻ അടുത്തത് ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും ഒരു ചേഞ്ച് എന്ന നിലക്കാണ് ഞാൻ സിനിമ ചെയ്യുന്നത്. മറ്റൊരാളായിട്ട് ബിഹേവ് ചെയ്യാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. 

പുതിയ ചിത്രങ്ങൾ 

റോഷൻ ആൻഡ്രൂസിന്‍റെ  ഒരു ചിത്രം ചെയ്യുന്നുണ്ട്, പക്ഷെ അതിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ഒപ്പം  ഈ വർഷം അവസാനം ഞാൻ ഒരു ചിത്രം ചെയ്യും. അതിന്റെ ചർച്ചകൾ നടക്കുന്നേയുള്ളു എല്ലാം കൺഫേം ആയിട്ട് കൂടുതൽ വിശദാംശങ്ങൾ പറയാം. 

ഞാൻ വളരെ ഹാപ്പി 

എപ്പോഴും സന്തോഷവതിയായിട്ടിരിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പ്രശ്നങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ട്. പക്ഷേ അതേക്കുറിച്ച് ഓർത്തിരിക്കാൻ എനിക്കിഷ്ടമല്ല. ഞാൻ എപ്പോഴും ഫുൾ എനെർജിറ്റിക്കും ഹാപ്പിയുമായിരിക്കും. മറ്റുള്ളവരും അങ്ങനെ ആകണം എന്നാണ് എന്റെ ആഗ്രഹം. 

എന്റെ ഓണം 

ചെറുപ്പത്തിൽ അപ്പൂപ്പന്റെയൊപ്പമുള്ള ഓണം വളരെ മനോഹരമായിരുന്നു. ചിങ്ങമാസം തുടങ്ങുമ്പോൾത്തന്നെ അപ്പൂപ്പൻ ഞങ്ങൾക്ക് ഊഞ്ഞാൽ കെട്ടിത്തരും, പിന്നെ അപ്പൂപ്പനായിരുന്നു പായസം ഉണ്ടാക്കുന്നത്. ഞങ്ങൾ കൈയ്യാൾ ആയിട്ട് കൂടെയുണ്ടാകും. പൂക്കളങ്ങളും ഓണക്കോടിയും ഓണസദ്യയും എല്ലാം നിറഞ്ഞതാണ് എന്റെ നാട്ടിലെ ഓണം ഓർമകൾ. പിന്നെ ദുബായിലേക്ക് താമസം മാറിയതിനു ശേഷം ഓണാഘോഷത്തിൽ പല മാറ്റങ്ങളും ഉണ്ടായി. മാസങ്ങൾ നീണ്ട് നിൽക്കുന്ന ഓണമാണ് അവിടുത്തേത്. നാട്ടിലാണെങ്കിലും ദുബായിലാണെങ്കിലും ഓണം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.