Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതി തീരുംമുമ്പ് ആ സുന്ദരിപ്പട്ടം തിരിച്ചെടുത്തതെന്തിന്?

Davila ജെനിസിസ് ഡാവിലാ

സൗന്ദര്യ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണു മിക്ക മോഡലുകളും റാംപിൽ ചുവടു വെക്കുക. ഒടുവിൽ കാത്തുകാത്തിരുന്ന കിരീടം ശിരസിൽ ധരിച്ചു സുന്ദരിപ്പട്ടം സ്വന്തമാക്കുമ്പോൾ ലോകം കൈക്കുമ്പിളിൽ നേടിയെടുത്ത സന്തോഷമായിരിക്കും. ആശിച്ചുമോഹിച്ചു കിട്ടിയ കിരീടം മതിവരുവോളം കണ്ടുതീരും മുമ്പേ അത് അധികൃതർ തന്നെ തിരിച്ചെ‌ടുത്താലോ? അത്തരത്തിലൊരു നാടകീയ മുഹൂർത്തങ്ങൾക്കാണ് ഇക്കഴിഞ്ഞ മിസ് ഫ്ലോറിഡ സൗന്ദര്യ മത്സരം വേദിയായത്.

ജെനിസിസ് ഡാവിലാ എന്ന ഇരുപത്തിനാലുകാരി മിസ് ഫ്ലോറിഡാ യുഎസ്എ 2017 പട്ടം കരസ്ഥമാക്കിയിട്ട് ഒരാഴ്ച തികഞ്ഞതേയുള്ളു. എന്നാൽ ഇപ്പോൾ ഡാവിലയ്ക്കു നൽകിയ കിരീടം അധികൃതർ തിരിച്ചെ‌ടുത്തിരിക്കുകയാണ്, കാരണമോ ഡാവില തന്റെ പ്രൈവറ്റ് റൂമിൽ വച്ചു മുടി മിനുക്കാനും മേക്കപ്പിനുമായി പ്രൊഫഷണൽ സ്റ്റൈലിസ്റ്റുകളെ ഉപയോഗിച്ചു നിലവിലെ ചട്ടങ്ങൾ തെറ്റിച്ചു എന്നത്.

Davila ജെനിസിസ് ഡാവിലാ മേക്അപ് ചെയ്യുന്നു- ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

തങ്ങള്‍ സ്വീകരിച്ച തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകാനില്ലെന്നാണ് മിസ് ഫ്ലോറിഡ യുഎസ്എ പേജിയന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗ്രാറ്റ് ഗ്രാവിറ്റിന്റെ വാദം. ചട്ടങ്ങളുടെ കാര്യത്തിൽ പൂജ്യം ശതമാനം സഹിഷ്ണുതയേ സംഘാടകര്‍ക്കുള്ളു. തെറ്റു ചെറുതായാലും വലുതായാലും പൊറുക്കാനാവില്ല. കളത്തിനുള്ളിൽ എല്ലാവരും തുല്യരായിരിക്കണം.-ഗ്രാവിറ്റ് പറയുന്നു. കഴിഞ്ഞ ജൂലൈ പതിനാറിനാണ് 64 സഹമത്സരാർഥികളെ പരാജയപ്പെടുത്തി മുന്നേറിയ ഡാവിലയെ മിസ് ഫ്ലോറിഡയായി തിരഞ്ഞെടുത്തത്.

എന്നാൽ താൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന വാദത്തെ ഡാവില നിഷേധിച്ചു. ഇപ്പോഴും താനാണു മിസ് ഫ്ലോറിഡ എന്നു തന്നെയാണു വിശ്വസിക്കുന്നത്. കാരണം, താൻ ആണ് ആ രാത്രിയിൽ കിരീടം സ്വന്തമാക്കിയത്. സമൂഹമാധ്യമത്തിൽ നിരവധി കുറ്റപ്പെ‌ടുത്തലുകളും ആരോപണങ്ങളുമൊക്കെ പ്രചരിക്കുന്നുണ്ട്, അതൊന്നും സത്യമല്ലെന്നു ലോകത്തോടു വിളിച്ചു പറയാൻ പര്യാപ്തമായ തെളിവുകൾ തന്റെ പക്കലുണ്ട്.-ഡാവില പറയുന്നു.

ജൂലെ ഒമ്പതിന്, തന്നെ പ്രൊഫഷണൽ മേക്അപ് ആർട്ടിസ്റ്റ് ഒരുക്കുന്ന ചിത്രം ഡാവില ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതും ഡാവിലയ്ക്ക് എതിരായി വന്നിരിക്കുകയാണ്. 2014ൽ മിസ് പ്യൂട്ടോറിക്കോ പട്ടം സ്വന്തമാക്കിയയാളാണ് ഡാവില. അതിനിട‌െ ഡാവിലയുടെ കിരീടം നഷ്ടമാകാതിരിക്കാൻ ആവുന്നതെല്ലാം ശ്രമിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

മറ്റു മത്സരാർഥികൾ സാക്ഷികള്‍ സഹിതം നൽകിയ തെളിവുകളാണ് ഡാവിലയുടെ സുന്ദരിപ്പട്ടം തിരിച്ചെടുക്കാൻ അധികൃതരെ നിർബന്ധിതരാക്കിയത്. ഇതോടെ റണ്ണറപ് ആയിരുന്ന ലിനെറ്റെ ഡി ലോസ് സാന്റോസ് ആണ് പുതിയ സുന്ദരിയായത്. നോവാ സൗത്ഈസ്റ്റേൺ യൂണിവേഴ്സിറ്റി ലോ സ്കൂളിലെ വിദ്യാർഥിയാണ് ലിനെറ്റെ. ഇത്തരത്തിലൊന്നു സംഭവിക്കുമെന്നു താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സന്തോഷത്തിന്റെ കൊടുമുടിയിലാണു താൻ ഇപ്പോൾ നിൽക്കുന്നതെന്നും ലിനെറ്റെ വ്യക്തമാക്കി. ഇതോടെ 2017ൽ നടക്കുന്ന മിസ് യുഎസ്എ മത്സരത്തിൽ ഫ്ലോറിഡയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത് ലിനെറ്റെ ആയിരിക്കും.

Your Rating: