Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ മനോരമ ന്യൂസ് വാർത്താതാരം

Mohanlal മോഹൻലാൽ

നടൻ മോഹൻലാൽ 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2016' ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് മോഹൻലാൽ വാർത്താതാരമായത്.

2016ലെ വാർത്തകളിൽ ‍നിറഞ്ഞുനിന്നവരിൽ ഒ.രാജഗോപാൽ എം.എൽ.എ, ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവരാണ് മോഹൻലാലിനൊപ്പം ന്യൂസ്മേക്കർ അന്തിമ പട്ടികയിൽ പരിഗണിക്കപ്പെട്ടത്.

സാഹിത്യകാരൻ എം.മുകുന്ദനാണ് ന്യൂസ്മേക്കറെ പ്രഖ്യാപിച്ചത്. ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹൻലാൽ എന്നും വളരുന്ന സാങ്കേതികവിദ്യക്കൊപ്പം അഭിനയം മാറ്റിയെടുക്കാൻ മോഹൻലാലിനു കഴിയുന്നുവെന്നും മുകുന്ദൻ പറഞ്ഞു.

വാർത്താതാരമെന്ന പുരസ്കാരം നല്ല വാർത്തകൾ സൃഷ്ടിക്കാൻ മോഹൻലാലിനുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി മുകുന്ദൻ അഭിപ്രായപ്പെട്ടു. പുരസ്കാരനേട്ടത്തിൽ അഭിമാനിക്കുന്നതായി മോഹൻലാൽ പ്രതികരിച്ചു. 38 വർഷത്തെ അഭിനയ ജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്നു കരുതുന്നു.

ന്യൂസ്മേക്കർ സംവാദത്തിൽ നൽകിയ മറുപടികളുടെ സത്യസന്ധത ജനം മനസ്സിലാക്കിയെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസ്മേക്കർ പ്രഖ്യാപന പരിപാടിയിൽ എം.മുകുന്ദനോടൊപ്പം സിവിൽ സപ്ലൈസ് സിഎംഡി എ.പി.എം.മുഹമ്മദ് ഹനീഷ്, മലയാളം മിഷൻ ‍ഡയറക്ടർ സുജ സൂസൻ ജോർജ് എന്നിവരും പങ്കെടുത്തു.

ഒരുമാസത്തിലേറെ നീണ്ട ന്യൂസ്മേക്കർ വോട്ടെടുപ്പിൽ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും പത്തുലക്ഷത്തോളം പ്രേക്ഷകർ പങ്കെടുത്തു.
 

Your Rating: