Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ശരീരം എനിക്കിഷ്ടമുള്ള പോലെ ഉപയോഗിക്കും, അത് അശ്ലീലമല്ല!

Resmi R Nair രശ്മി ആർ നായർ

പൊതിഞ്ഞു വയ്ക്കലുകളെ വലിച്ചുകീറി കറുപ്പും വെളുപ്പും ഇഴചേർന്ന ഫ്രെയിമുകളിലൂടെ സ്ത്രീ ശരീരത്തെ പകർത്തിവച്ച് ലോകത്തിനു മുന്നിൽ ചങ്കൂറ്റത്തോടെ നിന്ന പ്ലേ ബോയ് മാസിക. സ്ത്രീ നഗ്നതകളുടെ ശരീരം ഇനി തങ്ങളുടെ പുസ്തകത്തിലച്ചടിക്കേണ്ടതില്ലെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. ചുംബന സമരത്തിലൂടെ പ്രശസ്തയായ പ്ലേ ബോയ് മോഡലുകൂടിയായ രശ്മി ആർ നായർ പ്രതികരിക്കുകയാണ് പ്ലേ ബോയ്‌യുടെ തീരുമാനത്തിനു പിന്നിലെ മാനങ്ങളെ കുറിച്ച്, ചുംബന സമരത്തെക്കുറിച്ചും കേരളീയ സമൂഹം സ്ത്രീയ്ക്കു മുന്നിലേക്ക് വയ്ക്കുന്ന അനാവശ്യമായ നിയന്ത്രണങ്ങളെ കുറിച്ച്....

സ്ത്രീ നഗ്നതകൾ ഇനി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പ്ലേ ബോയ് മാഗസിൻ തീരുമാനിച്ചിരിക്കുന്നു. എങ്ങനെ പ്രതികരിക്കുന്നു?

പ്ലേ ബോയ്‌യുടെ തീരുമാനത്തെ പൂർണമായും അനുകൂലിക്കുന്ന ഒരാളാണ് ഞാൻ. പോൺ സൈറ്റുകളും വെബ്സൈറ്റുകളും സജീവമായ കാലത്ത് പ്ലേ ബോയ്‌ പോലുള്ള ക്ലാസിക്കൽ ആയ മാഗസിനുകള്‍ ഇനി അത്തരത്തിലുള്ള കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പ്രസക്തിയില്ല. വളരെ യാഥാസ്ഥിതികമായ ഒരു സമൂഹത്തിനോടു സംവദിക്കുവാനാണ് പ്ലേ ബോയ് മാഗസിന് അമ്പതുകളിൽ ആരംഭിച്ചത്. അന്ന് ഒട്ടേറെ എതിർപ്പുകൾ നേരിട്ടിരുന്നു. ഇന്നവിടത്തെ സാഹചര്യം ഏറെ മാറി. വ്യക്തിസ്വാതന്ത്ര്യത്തിനും വസ്ത്ര സ്വാതന്ത്ര്യത്തിനും വലിയ മാറ്റങ്ങൾ വന്നു. ലോകത്തേയും അതേറെ സ്വാധീനിച്ചു. ഇനി ഇതിനപ്പുറത്തുള്ള കൂടുതൽ ക്രിയേറ്റിവ് ആയ തലങ്ങളിലേക്ക് മാഗസിന് പോകേണ്ടതുണ്ട്. പുതിയ തീരുമാനം അതിന് വഴിയൊരുക്കുമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. തീരുമാനത്തിൽ സന്തോഷമുണ്ട്.

മോഡലെന്ന നിലയിൽ ഇതൊരു വെല്ലുവിളിയല്ലേ?

എന്തിന്. ഒരിക്കലുമില്ല. നഗ്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കേണ്ട ആവശ്യം ഇനിയില്ലാത്തതുകൊണ്ടും കൂടുതൽ ക്രിയേറ്റിവ് ആയ തലങ്ങളിലേക്ക് പോകണമെന്നുമെന്നുമുള്ളതുകൊണ്ടുമാണ് ഇങ്ങനൊരു തീരുമാനും അവരെടുത്ത്. മോഡലെന്ന നിലയിൽ എനിക്ക് അത് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

Resmi R Nair രശ്മി ആർ നായർ

മോഡലിങ് ഒരുതരം നഗ്നതാ പ്രദർശനല്ലേ? രശ്മിയുടെ തന്നെ ഫോട്ടോകൾ അങ്ങനെയുള്ള വാദങ്ങളെ തള്ളിക്കളയാനാകിലല്ലോ? അങ്ങനെയുള്ള വാദങ്ങളോടുള്ള പ്രതികരണമെന്താണ്?

മോഡലിങിനെ നഗ്നതാ പ്രദർശനമായി കാണുന്നത് അങ്ങനെ ചിന്തിക്കുന്നത് വിവരക്കേടുകൊണ്ടാണ്. മോഡലിങ് മുന്നോട്ടു വയ്ക്കുന്ന കലാപരമായ മൂല്യത്തെ കാണാൻ അറിയാത്തതുകൊണ്ടോ അതിനു വേണ്ടി ശ്രമിക്കാത്തതുകൊണ്ടോ തോന്നുന്നതാണ്. ലൈംഗികപരമായ രീതിയിൽ കൂടി മാത്രമേ അവർ മോഡലിങിനെ കാണുന്നുള്ളൂ. ഇതെന്റെ ജോലിയാണ്. അതിങ്ങനെയാണ് ചെയ്യുന്നത്. നഗ്നതാ പ്രദർശനമെന്ന് ചിന്തിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല.

ഒരു കമ്പനിയുടെ വസ്ത്രങ്ങളെ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തുന്ന തൊഴിലല്ലേ രശ്മി ചെയ്യുന്നത്. മോഡലിങ് ബിസിനസല്ലേ. അതിന് സാമൂഹികമാറ്റത്തിനെങ്ങനെ സാധിക്കും ?

യാഥാസ്ഥികമായ ഒരു ചുറ്റുപാടാണ് നമ്മുടേത്. പക്ഷേ അതിന് മാറ്റം വരും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പണ്ടൊക്കെ ചുരിദാറിടുന്ന ജീൻസിടുന്ന പെൺ‌കുട്ടികൾ സമൂഹത്തിൽ ‌നിന്ന് എന്തൊക്കെ വിമർശനങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ അങ്ങനെയാണോ. കാലം മാറിയില്ലേ. അതുപോലെ മാറ്റമുണ്ടാകും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. മോഡലിങിലെ ക്രിയാത്മകതയെ കാണാതെ പോകുന്നതുകൊണ്ടാണിത്. നഗ്നതയിൽ ശരീരത്തിൽ എവിടെയാണ് അശ്ലീലത എന്നെനിക്ക് മനസിലാകുന്നില്ല. വ്യക്തി സ്വാതന്ത്ര്യനു മോഡലിങിലൂടെ വഴിയൊരുക്കണം എന്നാണ് ലക്ഷ്യം. വ്യക്തി സ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം.

ഞാൻ എന്തുചെയ്യണം എങ്ങനെ വസ്ത്രം ധരിക്കണം. എന്താഹാരം കഴിക്കണം എന്നത് എന്റെ മാത്രം തീരുമാനമായിരിക്കണം. വ്യക്തികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തലത്തിലേക്കെത്തണം. വസ്ത്രവും നഗ്നതയും ഒരിക്കലും അശ്ലീലതയല്ല. ആ ചിന്താഗതിയാണ് മാറേണ്ടത്. സ്വാതന്ത്ര്യ സമരത്തിലേക്ക് ഒരുപിടി ആളുകള്‍ ഇറങ്ങിയതുകൊണ്ടല്ലേ ഇന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അന്നാരും അങ്ങനെ ചെയ്യാതിരുന്നെങ്കിലോ. ഞാൻ മോഡലിങിലൂടെ മുന്നോട്ടു വയ്ക്കുന്നത് ഒരു വ്യക്തിക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ഇഷ്ടമുള്ള ആഹാരം ചെയ്യാനും സ്വാതന്ത്ര്യം തരുന്ന സ്ത്രീ ശരീരത്തിൽ അശ്ലീലത മാത്രം കാണാതിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ്,

Resmi R Nair രശ്മി ആർ നായർ

രശ്മിയുടെ ഫോട്ടോകൾ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നൊരു വാദമുണ്ടല്ലോ ?

ഒരു കുട്ടിയുടുപ്പിട്ട് ഒരു പെൺകുട്ടി റോഡിൽ കൂടി പോയാൽ എന്റെ മകൻ വഴിതെറ്റുമെന്ന് ചിന്തിക്കുന്നത് എന്റെ തെറ്റല്ല, അവർ മകനെ വളർത്തുന്ന രീതിയാണ് തെറ്റ്. എല്ലാവരേയും ബോധ്യപ്പെടുത്തി ഒരാൾക്കും ജീവിക്കാനാകില്ല. പെൺകുട്ടിയുടെ വസ്ത്രത്തിനുള്ളിലെ അശ്ലീലത കണ്ടുപിടിക്കാനാകരുത് ആൺമക്കളെ വളർത്തുന്നത്. സമൂഹമാണ് മാറേണ്ടത്. എന്റെ ശരീരവും എന്റെ ജീവിതവുമാണ്. അത് എനിക്കിഷ്ടമുള്ളതു പോലെ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയെന്ന ജനാധിപത്യ രാജ്യം തരുന്നുണ്ട്, ഞാനാരെയും കൊന്നിട്ടോ മോഷ്ടിച്ചിട്ടോ അല്ല ജീവിക്കുന്നത്. എനിക്കറിയാവുന്ന തൊഴിൽ ചെയ്ത് വളരെ മാന്യമായി ജീവിക്കുന്ന ഒരാളാണ്.

സോഷ്യൽമീഡിയകളിലെ ആക്രമണത്തിന് ഇരയാകാത്ത നടിമാർ കുറവാണ്. ഒരു മോഡലിന് നേരിടേണ്ടി വരുന്നത് ഇതിനുമപ്പുറത്തായിരിക്കുമല്ലോ ?

തീർച്ചയായും. വളരെയധികമാണ്. ഒരു സമൂഹത്തിൽ മതിൽകെട്ടി അതിനുള്ളിൽ ജീവിക്കുന്ന ഞരമ്പ് രോഗികളാണ് ഇങ്ങനെ പടച്ചുവിടുന്നത്. എനിക്കവരോട് ഒന്നും പറയാനില്ല. പറഞ്ഞിട്ട് കാര്യമില്ല. എന്നെങ്കിലും അവർക്ക് സ്വയം തോന്നി നിർത്തുന്നെങ്കിലേയുള്ളൂ. അല്ലാതെ എന്തെങ്കിലും കൊണ്ട് ഇവരുടെ രോഗം മാറ്റാനാകുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ തൊഴിൽ വളരെ ആസ്വദിച്ച് ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. എന്റെ ഫോട്ടോകൾക്ക് താഴെ അശ്ലീല കമന്റുകൾ ഇടുന്നവർ ഇതറിയുക. അങ്ങനൊക്കെ എഴുതുമ്പോൾ നിങ്ങൾക്ക് നല്ല സുഖം കിട്ടുമായിരിക്കും. പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞാൻ വിലകൽപ്പിക്കുന്നില്ല, ശ്രദ്ധിക്കുന്നുമില്ല. അതങ്ങനെ തുടരും എന്നറിയാം. എന്നെയാതൊരു കാരണവശാലും അത് ബാധിക്കുവാൻ പോകുന്നില്ല.

Resmi R Nair രശ്മി ആർ നായർ

സെൽഫിയെടുക്കുന്നതും ബീഫ് കഴിക്കുന്നതും വരെ അടികിട്ടാനുള്ള മാർഗമാണല്ലോ ഇക്കാലത്ത് ?

വസ്ത്രമില്ലാത്തെ ബിംബങ്ങളെ ആരാധിച്ചിട്ട് സംസ്കാരം പുലമ്പാൻ വരുന്നവരാണിവർ. കാമസൂത്രം എഴുതിയ മാറ് മറയ്ക്കാത്ത സ്ത്രീകളുണ്ടായിരുന്ന കാലഘട്ടം നമുക്കുണ്ടായിരുന്നു., അതും നമ്മുടെ സംസ്കാരമല്ലേ. ഇതൊക്കം പുലമ്പലുകൾ മാത്രാണ്. അതിനെ ഒന്നും നോക്കാതെ തള്ളിക്കളയുക. ഞാൻ ബീഫ് കഴിക്കാറുണ്ട്. വയ്ക്കാറുമുണ്ട്. എന്റെ വീട്ടിൽ എല്ലാവരും അങ്ങനെ തന്നെയാണ്,

ചുംബന സമരത്തിലൂടെയാണ് രശ്മിയെ കൂടുതലറിയുന്നത്. ചുംബന സമരത്തിന് എന്ത് മാറ്റമാണ് സമൂഹത്തിലുണ്ടാക്കുവാൻ കഴിഞ്ഞത്?

പുറത്തുപറയുവാൻ മടിച്ചിരുന്ന പല കാര്യങ്ങളെ കുറിച്ചും., പ്രത്യേകിച്ച് ആർത്തവത്തിന് കൽപ്പിച്ചിരിക്കുന്ന അയിത്തത്തെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വളരെ തുറന്ന ചർച്ചകൾക്ക് വഴിയൊരുക്കി. സോഷ്യൽ മീഡിയകൾക്ക് ഒരു വലിയ പ്രതിഷേധ കൂട്ടത്തെ അണിനിരത്താൻ കഴിയുമെന്ന് തെളിയിച്ചത് ചുംബന സമരമാണ്. പിന്നീട് പലതും നമ്മൾ കണ്ടു. ആളുകളിലെ പ്രതികരണ ശേഷിയെ ഒട്ടും മൂടിവയ്ക്കാതെ പങ്കുവയ്ക്കാനുള്ള ഒരു വേദി സോഷ്യൽ മീഡിയ തരുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടു. അതാണ് ചുംബന സമരത്തിന്റെ ആഫ്ടർ ഇഫക്ട്. ഞാനൊരു ഫെമിനിസ്റ്റല്ല. പക്ഷേ സ്ത്രീകൾക്കെതിരെയുള്ള വിഷയങ്ങളിൽ പ്രതികരണമുണ്ടാകും എന്റെ ഭാഗത്തു നിന്ന്.

ചിത്രങ്ങൾക്കു കടപ്പാട്:ഫേസ്ബുക്ക്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.