Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സത്യസന്ധതയ്ക്കു മുന്നിൽ പകച്ചുപോയി പാരിസ് ഹിൽട്ടൻ

Paris Hilton വജ്രമോതിരമണിഞ്ഞ് പാരിസ് ഹിൽട്ടൻ

ഒരു മോതിരം കളഞ്ഞു പോയാൽ എന്തു സംഭവിക്കും? അമ്പലപ്പറമ്പിൽ നിന്ന് അഞ്ച് രൂപ കൊടുത്തു വാങ്ങിയ മോതിരമാണെങ്കിൽ അതങ്ങു പോട്ടേയെന്നു വയ്ക്കും. കാമുകി സ്നേഹത്തോടെ വാങ്ങിത്തന്നതാണെങ്കിലോ? നെഞ്ചു പിടയ്ക്കും. ഇനി വിവാഹമോതിരമാണെങ്കിൽ പുതിയൊരു മോതിരം വാങ്ങി പ്രിയതമയുടെ കയ്യിൽ ചാർത്തുന്നതു വരെ സങ്കടമാണ്. പക്ഷേ നഷ്ടപ്പെട്ട മോതിരത്തിന് രണ്ട് കോടി രൂപ വിലയുണ്ടെങ്കിലോ? ബോധം പോയി ചളുക്കോ പിളുക്കോയെന്നു വീഴുകയേ വഴിയുള്ളൂ. ഹോളിവുഡ് നടിയും ഗായികയും മോഡലുമായ പാരിസ് ഹിൽട്ടനും ഏകദേശം അതേ അവസ്ഥയിലായിരുന്നു. കാരണം 3.5 ലക്ഷം ഡോളർ (ഏകദേശം 2.10 കോടി രൂപ) വിലയുള്ള വജ്രമോതിരമാണ് പാരിസിനു നഷ്ടമായത്.

ഓഗസ്റ്റ് 31നായിരുന്നു സംഭവം. പോളണ്ടിൽ ഒരു ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പാരിസ്. ലോഡ്സ് വിമാനത്താവളത്തിൽ നിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിലായിരുന്നു യാത്ര. എല്ലാവരോടും യാത്രയും പറഞ്ഞ് വിമാനത്തിൽ കയറി പാതിവഴിയിൽ എത്തിയപ്പോഴാണറിഞ്ഞത്– അപൂർവരത്നങ്ങൾ പതിപ്പിച്ച സ്വർണമോതിരം കാണാനില്ല. വിമാനം പാതിവഴിയിൽ നിർത്തി തിരികെ പോകാനാകില്ല. പോയാൽത്തന്നെ എവിടെപ്പോയി അന്വേഷിക്കാനാണ്? മൂന്നരലക്ഷം ഡോളർ സ്വാഹ എന്ന മട്ടിൽ സങ്കടപ്പെട്ട് അമേരിക്കയിലേക്ക് വിമാനമിറങ്ങുകയേ ഉള്ളൂ വഴി. സംഗതി പക്ഷേ വാർത്തയായി. പാരിസിന്റെ ഐഡന്റിറ്റിയുടെ തന്നെ അടയാളമായി സകല ചടങ്ങുകളിലും വിരലിലുണ്ടായിരുന്നതാണ് ആ മോതിരം.

സംഗതി മറന്നു കളയുകയേ ഇനി വഴിയുള്ളൂ എന്ന മട്ടിൽ കാര്യങ്ങളൊക്കെ മുന്നോട്ടു പോകവേ ഒരുനാൾ പോളണ്ടിൽ നിന്നൊരു സന്ദേശം. വിമാനത്തിലേക്ക് കയറാൻ എയർപോർട്ടിലൂടെ പാരിസിനെ കൊണ്ടു പോയ ഷട്ടിൽ വാഹനത്തിൽ മോതിരമുണ്ടായിരുന്നത്രേ. പതിവു പരിശോധനകൾക്കിടയിൽ അഗ്നിസംരക്ഷണ സേനയിലെ ഒരു ജീവനക്കാരനാണ് നിലത്തു കിടന്ന മോതിരം കിട്ടിയത്. ആരുടേതെന്നറിയാതെ കക്ഷി അത് വിമാനത്താവളത്തിലെ അധികൃതരെ ഏൽപിക്കുകയും ചെയ്തു. പാരിസിന്റെ മോതിരം നഷ്ടമായെന്ന വാർത്ത വായിച്ചിരുന്ന അവർ അപ്പോൾത്തന്നെ സംഗതി തിരിച്ചറിയുകയും നടിയെ വിവരമറിയിക്കുകയുമായിരുന്നു. വാർത്ത കേട്ട പാരിസിനാകട്ടെ മരിക്കാൻ കിടന്നവന് ജീവശ്വാസം കിട്ടിയ സന്തോഷം. മോതിരം തിരിച്ചേൽപിച്ച ജീവനക്കാരന്റെ വിലാസം ചോദിച്ചിരിക്കുകയാണിപ്പോൾ പാരിസ്. അദ്ദേഹത്തിന് പഴ്സനലായും കുടുംബത്തിനും ഒരുഗ്രൻ സമ്മാനം കൊടുക്കാനാണത്രേ നടിയുടെ തീരുമാനം. പക്ഷേ സമ്മാനമെന്താണെന്നു മാത്രം പറഞ്ഞിട്ടില്ല. എന്തായാലും ഒട്ടും കുറയാൻ ഇടയില്ല.

2011ൽ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ തന്റെ വാഹനത്തിനരികിലെത്തിയ യാചകയ്ക്ക് പാരിസ് നൽകിയത് 100 ഡോളറായിരുന്നു. ജീവിതത്തിലിന്നേ വരെ ഡോളർ കാണാത്ത അവർ അടുത്തുണ്ടായിരുന്ന ഒരാളോടു ചോദിച്ചപ്പോഴാണറിഞ്ഞത്, അത് അന്നത്തെ വിനിമയനിരക്ക് പ്രകാരം ഏകദേശം അയ്യായിരം രൂപ വരുമെന്ന്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.