Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രനും മക്കളും കഴിഞ്ഞ് എനിക്കു സിനിമ

Poornima പൂർണിമ ഇന്ദ്രജിത്ത്

പൂർണിമ മോഹൻ‍... മലയാളിത്തത്തിന്റെ യഥാർഥ മുഖം, ഒട്ടും അലങ്കാരങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ പ്രേക്ഷക മനസുകളിലിടം നേടിയ താരം. എണ്ണത്തിൽ കുറവെങ്കിലും പൂര്‍ണിമ ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു... ശേഷം ഇന്ദ്രജിത്ത് എന്ന യുവനടനെ വിവാഹം കഴിച്ചപ്പോഴും പൂർണിമ എന്ന കലാകാരി സ്ക്രീനുകളിൽ നിറഞ്ഞുനിന്നു.. പ്രാണ എന്ന സ്ഥാപനത്തിലൂടെ വസ്ത്രാലങ്കാര രംഗത്ത് ഒരു പൂർണിമ സ്റ്റൈൽ തന്നെ കൊണ്ടുവന്നു. പ്രാണയുടെയും വസ്ത്രാലങ്കാരങ്ങളുടെയും കുടുംബത്തിന്റെയും വിശേഷം മനോരമ ഓണ്‍ലെനുമായി പങ്കുവെക്കുന്നു പൂർണിമ....

നാടൻ പെൺകുട്ടിയായി മലയാളിയുടെ മനസുകളിലിടം നേടിയ പൂർണിമയുടെ മേക്ഓവർ ഒരുകാലത്ത് സംസാരവിഷയമായിരുന്നു. എന്തു തോന്നുന്നു?

സത്യം പറഞ്ഞാൽ അതു മനപ്പൂർവമല്ല. മേക്ഓവർ അറിയാതെ സംഭവിച്ചതാകാം. പിന്നെ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടന്‍ ആയിരുന്നു, അതുവച്ചാണ് പ്രേക്ഷകർ എന്നെ വിലയിരുത്തിയത്. എന്നെ പേഴ്സണലി അടുപ്പമുള്ളവർക്കറിയാം ഞാൻ അൽപം വേറിട്ട കാഴ്ച്ചപ്പാടുള്ളയാളാണെന്ന്. തീർച്ചയായും കാലം മാറുന്നതിനനുസരിച്ച് നാം കൂടുതൽ എക്സ്പോസ്ഡ് ആവുന്നുമുണ്ടാവാം.

Poornima പൂർണിമ ഇന്ദ്രജിത്ത്

വിവാഹശേഷം അഭിനയം നിർത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നതാണോ?

അതിനു ഞാൻ അഭിനയം നിർത്തിയിട്ടില്ലല്ലോ. പിന്നെ സിനിമ വളരെ കമ്മിറ്റഡ് ആയ ഒരു മേഖലയാണ്. 100 ശതമാനവും അർപ്പണബോധത്തോ‌‌ടെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളേ ഞാൻ ഏറ്റെടുക്കാറുള്ളു. രാവിലെ ഒമ്പതു മുതൽ വൈകീട്ടു അഞ്ചു വരെയെ അഭിനയിക്കൂ എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമല്ലല്ലോ. എത്രയോപേരുടെ കഷ്ടപ്പാടല്ലേ സിനിമ, അപ്പോൾ നമ്മളും അത്രത്തോളം ഡെഡിക്കേറ്റഡ് ആവണം. ഓരോ കാലഘട്ടത്തിലും ഓരോ കാര്യത്തിനാകും മുൻഗണന, ഇപ്പോൾ എനിക്ക് സിനിമയ്ക്കല്ല ഒന്നാം സ്ഥാനം. പക്ഷേ സിനിമയെ എന്നും ഞാൻ അഭിമാനത്തോടെയെ ഓർക്കൂ എനിക്കു പ്രേക്ഷകര്‍ക്കിടയിൽ ഒരു സ്ഥാനം നൽകിയതു സിനിമയാണ്. ഇന്ദ്രന്റെയും മക്കളുടെയും തിരക്കുകൾക്കിടയിൽ സിനിമയിലേക്ക് എന്നെ പൂർണമായും മാറ്റിവയ്ക്കാൻ പറ്റാത്തതുകൊണ്ടാണ്.

വസ്ത്രാലങ്കാരം മനസിൽ കയറിക്കൂടിയതെപ്പോൾ മുതലാണ്?

പതിനെട്ടു വർഷത്തിനു മുകളിലായി ഞാൻ ടിവി പ്രോഗാമുകൾ ചെയ്യാൻ തുടങ്ങിയിട്ട്. അപ്പോൾ മുതൽ നല്ല നിറങ്ങളും മെറ്റീരിയലും എല്ലാം ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഇതൊരിക്കലും ഒരു ജോലിയായി തിരഞ്ഞെടുക്കുമെന്നു കരുതിയതല്ല. പ്രാണ തുടങ്ങിയതും ഒരുപാടു പേരുടെ പിന്തുണയോടെയാണ്. ശരിക്കും പറഞ്ഞാൽ എല്ലാം വെല്ലുവിളിയാണ്. ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തതല്ല, എല്ലാം സ്വാഭാവികമായിരുന്നു.

Poornima പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ താരങ്ങള്‍

പെൺമക്കള്‍ ആയതുകൊണ്ട് അവർക്കും വസ്ത്രങ്ങളും ആഭരണങ്ങളും ഭ്രമമായിരിക്കുമല്ലോ?

പറയാനുണ്ടോ. അച്ഛൻ ഡോക്ടർ ആയാൽ മക്കൾക്ക് അസുഖങ്ങൾ കൂടുതലായിരിക്കും എന്നു കേട്ടിട്ടില്ലേ.. എന്റെ അമ്മ ടീച്ചർ ആയതുകൊണ്ട് ചെറുപ്പത്തിൽ ഞാനും കുട്ടികളെയൊക്കെ പിടിച്ചിരുത്തി പഠിപ്പിക്കുമായിരുന്നു. എന്റെ മക്കൾക്ക് ഇത്തിരി കൂടുതലുമാണെന്നു തോന്നുന്നു(ചിരി).

ആൻഡ്രിയയ്ക്കു വേണ്ടി ജാക്വിലിനു വേണ്ടി പ്രിയാമണിയ്ക്കും മ‍ഞ്ജു വാര്യർക്കും നയൻ താരയ്ക്കും വേണ്ടി..... ടെന്‍ഷൻ തോന്നാറില്ലേ..? പ്രത്യേകിച്ച് ഇവരെല്ലാം മീഡിയയുമായി സദാ സമ്പർക്കം പുലര്‍ത്തുന്നവർ?

തീര്‍ച്ചയായും ചലഞ്ചിങ് ആണ്. പലരും നായികമാരെ കഥാപാത്രങ്ങളിലൂടെ കാണുന്നവരാണ്. അതുകൊണ്ട് നമ്മൾ കുറച്ചു വ്യത്യസ്തമായ ശൈലി അവരിൽ പരീക്ഷിച്ചാൽ എപ്പോഴും അതു സ്വീകരിക്കപ്പെടണമെന്നില്ല. വേറിട്ട രീതിയിൽ കൂടുതൽ സുന്ദരിയായി കാണണം ​എന്നാഗ്രഹിച്ചാണ് അവർ വരിക. ഒത്തിരി പരീക്ഷണങ്ങൾ ചെയ്യാൻ പറ്റില്ല, എങ്കിലും ശ്രമിക്കും. ഇപ്പോൾ വനിതയ്ക്കു വേണ്ടി മഞ്ജുവിന് വസ്ത്രം ചെയ്തപ്പോൾ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല മഞ്ജു അത്ര മോഡേൺ ഔട്‍ലുക്കിൽ വരുമെന്ന്. പക്ഷേ അതെല്ലാവർക്കും ഇഷ്ടമാവുകയും െചയ്തു. എന്റെ ക്രിയേറ്റിവിറ്റി കാണിയ്ക്കണമെന്നതിനൊപ്പം ജനങ്ങളുടെ ഇടയിൽ അവർക്കുള്ള ഇഷ്ടവും പോകരുത്. അവാർഡ് നൈറ്റിനു വേണ്ടി നസ്റിയ വ്യത്യസ്തമായൊരു വേഷം വേണമെന്നാണു പറ‍ഞ്ഞത്. വിവാഹിതയായതു കൊണ്ട് എ്ലലാവരും ആ കുട്ടി സാരിയുടുത്തായിരിക്കും വരികയെന്നാണ് പ്രതീക്ഷിച്ചത്. എനിക്കു ഭയങ്കര ടെൻഷൻ ആയിരുന്നു പക്ഷേ നസ്റിയയ്ക്കു നല്ല ആത്മവിശ്വാസമായിരുന്നു. ആ ഡ്രസിനും ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. അടുത്തതായി സായ് പല്ലവിയ്ക്കു വേണ്ടിയാണു ചെയ്യുന്നത്. അതും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നെ സമീപിക്കുന്നവർ ആർട്ടിസ്റ്റാണോ സാധാരണക്കാരാണോയ‌െന്നൊന്നും നോക്കാറില്ല. അവർക്കു വേണ്ടതെന്തോ അതു നൽകും. ബ്രൈഡ്സിനു വേണ്ടിയാണ് 75 ശതമാനവും ചെയ്യുന്നത്. അതാണു ഏറ്റവും വലിയ വെല്ലുവിളി. സിനിമാതാരങ്ങൾ ചിലപ്പോൾ കോംപ്രമൈസ് ചെയ്യും. പക്ഷേ കല്ല്യാണപ്പാർട്ടിക്കാർ അങ്ങനെയല്ല, അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമല്ലേ അതൊരിക്കിലും ഫ്ലോപ് ആകുവാൻ അവർ സമ്മതിക്കില്ല.

Poornima പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ താരങ്ങള്‍

ഏറ്റവും സാറ്റിസ്ഫാക്ഷൻ തോന്നിയ വർക്?

അയ്യോ അങ്ങനെയൊന്നും പറയാൻ പറ്റില്ല. എല്ലാം പരീക്ഷണങ്ങളാണ്. ചിലതു വിജയിക്കും ചിലതു ഫ്ലോപ് ആകും. അവയിൽ നിന്നും പാഠങ്ങളുൾക്കൊള്ളുകയാണു വേണ്ടത്. ഒന്നിൽ പഠിക്കുമ്പോൾ വിചാരിക്കും അതാണ് വലുതെന്ന് പിന്നെ കയറിപ്പോകുമ്പോഴല്ലേ ഇനിയും എത്രയോ പഠിക്കാനുണ്ടെന്നു മനസിലാവുക. ആ പ്രക്രിയ ഒരിക്കലും അവസാനിക്കില്ല. ചെയ്യുന്ന കാര്യങ്ങൾ ചലഞ്ചിങ് ആകണമെന്ന് ആഗ്രഹമുണ്ട്. പുതുതായി പഠിക്കാനുള്ള കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു.

സ്വയം അലങ്കാരം ചെയ്യുന്ന വസ്ത്രങ്ങളിൽ പൂർണിമ സ്റ്റൈല്‍ കൊണ്ടുവരാറുണ്ടോ?

എല്ലായിടത്തും പൂർണിമ സ്റ്റൈൽ കൊണ്ടുവരാൻ പറ്റില്ലല്ലോ. വരുന്നയാളുടെ ഇഷ്ടത്തിനല്ലേ പ്രാധാന്യം, എന്റെ വസ്ത്രങ്ങൾ എനിക്കുവേണ്ടി സംസാരിക്കുകയെന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്. ചിലപ്പോഴൊക്കെ ആള്‍ക്കാർ പറഞ്ഞിട്ടുണ്ട്, അതു കണ്ടപ്പോഴേ കരുതി പൂർണിമ ഇന്ജ്രജിത്തിന്റേതായിരിക്കുമെന്ന് എന്ന്. സന്തോഷം തോന്നി അതു കേട്ടപ്പോൾ.

Poornima പൂർണിമ ഇന്ദ്രജിത്ത്

സിനിമാ വസ്ത്രാലങ്കാരത്തിലേക്ക് കടക്കാത്തതെന്തുകൊണ്ടാണ്?

സത്യം പറഞ്ഞാൽ സമയമില്ലാത്തതു കൊണ്ടാണ്. സിനിമയുമായി ബന്ധപ്പെട്ടുള്ളതിനെല്ലാം സമയപരിധിയില്ലേ. ഇപ്പോൾ കല്യാൺ പരസ്യങ്ങൾക്കു വേണ്ടിയൊക്കെ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ഇന്ദ്രനും അടുത്തുണ്ടാകില്ല. മക്കൾക്ക് ഞാൻ അടുത്തുവേണ്ട സമയമാണ്. മൂത്തയാൾ ആറിലും ചെറിയയാൾ ഒന്നിലുമാണ്. ബാല്യം ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ, അവരുടെ ബാല്യം എന്റെ ഉത്തരവാദിത്തം കൂടിയാണ്. വീടും സുഹൃത്തുക്കളും ഒക്കെ എപ്പോഴും എന്റെ ചുറ്റിലും വേണം ഇല്ലെങ്കിൽ എനിക്കു വട്ടാകും.

ഇന്ദ്രജിത്തിന്റെ സപ്പോര്‍ട്ട് എത്രത്തോളമുണ്ട്? ഒരു ഭർത്താവെന്ന നിലയിലും നടനെനന നിലയിലും ഫാഷൻ സെൻസുള്ളയാളെന്ന നിലയിലും?

അങ്ങനെ വേർതിരിച്ചു പറയുന്നില്ല. ഈ പറഞ്ഞ മേഖലകളിലെല്ലാം ഇന്ദ്രൻ എന്റെ പങ്കാളിയാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പറയാറുമുണ്ട്യ ഒപ്പം അച്ഛൻ അമ്മ, വീട്ടിലെ ജോലിക്കാർ, എന്റെ സ്റ്റാഫ് ഇവരുടെയൊക്കെ പങ്ക് എടുത്തു പറയേണ്ടതുണ്ട്. ഇന്ദ്രന്റെ ഭാഗത്തു നിന്നൊരിക്കലും സമ്മർദ്ദം ഉണ്ടാകാറില്ലെന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. പരമാവധി സ്വാതന്ത്ര്യം തന്നിട്ടുണ്ട്. മക്കളായാലും മനസിലാക്കുന്നവരാണ്. ഇതെല്ലാം ഒരുപോലെ വന്നാൽ മാത്രമേ എനിക്കു ബാലൻസ്ഡ് ആയി കൊണ്ടുപോകുവാൻ കഴിയൂ. ഈ ബാലന്‍സ് തെറ്റുമ്പോഴാണ് പ്രശ്നങ്ങൾ വരുന്നത്.

Poornima പൂർണിമ ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പം

അമ്മായിയമ്മയെ വസ്ത്രങ്ങൾ സമ്മാനിച്ച് സോപ്പിടാറുണ്ടോ?

അമ്മ ഖത്തറിലായതുകൊണ്ട് കാണുക തന്നെ വല്ലപ്പോഴുമാണ്. കണ്ടാലോ ഭക്ഷണം കഴിക്കണം, ആരോഗ്യം നോക്കണം മക്കളെ ശ്രദ്ധിക്കണം ഇതൊക്കെയാണ്. സരിക്കും അത്ഭുതം തോന്നും ഈ പ്രായത്തിലും അമ്മ അവിടെ നാലു റെസ്റ്റോറന്റുകളും കഫേയും ഒക്കെ നോക്കി നടത്തുന്നുണ്ട്. കണ്ടു പഠിക്കാനുണ്ട് അമ്മയിൽ നിന്നും.

ഫാഷൻ തിരക്കുകളും ഷോകളുമെല്ലാം മാറ്റിനിർത്തിയാൽ പൂർണിമ എന്ന വീട്ടമ്മയുടെ ഒരു ദിവസം എങ്ങനെയാണ്?

ചോദിക്കാനുണ്ടോ, മക്കൾക്കു പിറകെ ഓട്ടം തന്നെ. രണ്ടുപേരും ഞങ്ങളെപ്പോലെ തന്നെ പാട്ടും ഡാൻസുമൊക്കെ ഇഷ്ടമുള്ളവരാണ്. അപ്പോ അവരുടെ ഇഷ്ടങ്ങൾക്കും ഒപ്പം പഠിപ്പിച്ചുമൊക്കെ ഒരു ദിവസം പോകും. പിന്നെ ഇന്ദ്രനുള്ളപ്പോള്‍ ഇന്ന ഭക്ഷണം വേണമെന്നു പറയുമ്പോൾ അതു വച്ചു കൊടുക്കാറുണ്ട്. അല്ലാതെ എന്നും പാചകം ചെയ്യാനൊന്നും സമയമില്ല.

Poornima പൂർണിമ ഇന്ദ്രജിത്ത്

യാത്രകൾ ഏറെ ഇഷ്ടമാണെന്നു കേട്ടിട്ടുണ്ട്.. എങ്ങനെ സമയം കണ്ടെത്തുന്നു..?

അതാണു ഞാൻ പറഞ്ഞത് ബാലൻസ്ഡ് ആയിരിക്കണമെന്ന്. എല്ലാത്തിനും സമയം കണ്ടെ്തണം. അന്യരാജ്യത്തു പോകുമ്പോഴാണ് നമ്മളെ ശരിക്കും മനസിലാക്കുന്നത്, അവിടെ ആരും നമ്മളെ തിരിച്ചറിയില്ല. ഒന്നും അറിയാതെ സ്ഥലങ്ങൾ തേടിപ്പിടിച്ചു പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. ഒപ്പം അവിടങ്ങളിലെ ഫാബ്രിക്സ്, നിറങ്ങൾ ഒക്കെ കണ്ടു മനസിലാക്കാറുണ്ട്.

സിനിമയിൽ ജനറേഷൻ ഗ്യാപ്പുകളില്ലാതെ സൗഹൃദങ്ങൾ സൂക്ഷിക്കുന്നയാളാണു പൂർണിമയെന്നു കേട്ടിട്ടുണ്ട്?

ഞാൻ വളരെ നാച്ചുറൽ ആണ്. പണ്ട് ശ്രീവിദ്യാമ്മയും ഞാനും സൂക്ഷിച്ചിരുന്ന ബന്ധം ആർക്കും പറഞ്ഞാൽ മനസിലാകില്ല. എന്റെ പ്രായത്തിലുള്ള സുഹൃത്തിനോടു സംസാരിക്കുന്ന പോലെയാണ് ഞാൻ വിദ്യാമ്മയോടു സംസാരിക്കാറ്. അത്രയ്ക്കും ആത്മബന്ധമായിരുന്നു. എന്റെ കാര്യത്തിൽ പ്രായത്തിനും ജെൻഡറിനുമൊന്നും സ്ഥാനമില്ല. എല്ലാവരോടും ഒരു പോലെ പെരുമാറാന്‍ ശ്രമിക്കാറുണ്ട്.

Poornima പൂർണിമ സുഹൃത്തുക്കൾക്കൊപ്പം

ഇഷ്ടനിറം? മെറ്റീരിയൽ?

നിറം അങ്ങനെ എടുത്തു പറയാനില്ല. എല്ലാ നിറങ്ങളും ഇഷ്ടമാണ്. മെറ്റീരിയൽ പ്യുവർ കോട്ടൺ ആണ് ഇഷ്ടം. പക്ഷേ ബ്രൈഡ്സിനു കോട്ടൺ പറ്റില്ലല്ലോ, അപ്പോൾ എല്ലാം ചെയ്യും.

യുവാക്കൾക്കായി എന്തെങ്കിലും ഫാഷൻ ടിപ് ?

നമ്മൾ നമ്മളായിരിക്കുക. ഒട്ടും ആർട്ടിഫിഷ്യൽ ആവരുത്. ഒത്തിരി ചെയ്യാന്‍ ശ്രമിക്കരുത് അതു മുഴച്ചു നിൽക്കും. ഡോക്ടറോടു ചോദിക്കാം പംക്തി പോലെയാണ് എന്റെ ഫേസ്ബുക്ക് പേജ്. പറ്റുന്നവർക്കെല്ലാം ഞാൻ മറുപടി കൊടുക്കാറുണ്ട്.

Poornima പൂർണിമ ഇന്ദ്രജിത്ത്

അവസാനമായി ചോദിച്ചോട്ടെ ഈ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം ?

എന്റെ അച്ഛനും അമ്മയും തന്നെ(ചിരി). മക്കൾക്ക് എന്റെ മുടി കിട്ടണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. മൂത്തയാൾ ജനിച്ചപ്പോഴേ നീളൻ മുടിയായിരുന്നു. പക്ഷോ ഇപ്പോ എന്റേതു പോലെ വരുന്നുണ്ട്. അടിസ്ഥാനപരമായി ജനറ്റിക്സ് തന്നെ. പിന്നെ വൈകല്യമുള്ള ആൾക്കാരെയൊക്കെ കാണുമ്പോൾ നമ്മൾ ഒത്തിരി അനുഗ്രഹിക്കപ്പെട്ടതാണെന്നു തോന്നിയിട്ടുണ്ട്. ഇനി കാണാൻ നല്ല സുന്ദരിയായിട്ട് വായ തുറന്നാൽ മുഴുവൻ ചീത്ത വിളിക്കുന്ന ആളായാലോ? അപ്പോൾ സ്വഭാവം തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം

Poornima പൂർണിമ ഇന്ദ്രജിത്തിനൊപ്പം
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.