Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഗറ്റീവ് ടച്ചുള്ള പോസിറ്റീവ് അമ്മ

rekha-rathish-4 രേഖ രതീഷ്

അമ്മായിയമ്മമാർ പത്മത്തെ പോലെയാവണം. സാധാരണ സീരിയലുകളിലെല്ലാം അമ്മായിഅമ്മ മരുമക്കളെ ദ്രോഹിക്കുന്നതാണ് കാണുന്നതെങ്കിൽ പരസ്പരം എന്ന സീരിയലിൽ പത്മം എന്ന അമ്മ മരുമകളെ പഠിപ്പിച്ച് ഐപിഎസ് ഒാഫീസറാക്കി. അവളെ സ്വന്തം മകളപ്പോലെ നെഞ്ചോട് ചേർത്ത് നിർത്തി. മക്കളെ എങ്ങനെ ഇത്രയും സ്നേഹിക്കാൻ കഴിയുന്നുവെന്നതിന്റെ കാരണം പത്മത്തിന്റെ വേഷത്തിലെത്തുന്ന രേഖ രതീഷ് തന്നെ പറയും.

ഇത്ര ചെറുപ്പത്തിലേ നാലുമക്കളുടെ അമ്മയായി വേഷമിടാൻ മടിതോന്നിയില്ലേ?

എനിക്ക് സ്വയം ഒരു സംശയം ഉണ്ടായിരുന്നു , ഞാനിത് ചെയ്താൽ ശരിയാവുമോ എന്ന്. അപ്പോൾ പരസ്പരത്തിന്റെ പ്രൊഡ്യൂസർ ജയകുമാർ സാറാണ് പറഞ്ഞത് ഇതിലുള്ളത് കുറച്ചു ചെറുപ്പക്കാരിയായ അമ്മയാണെന്ന്. എപ്പോഴും പ്രായമായ അമ്മമാരെ കാണിക്കണമെന്നു നിർബന്ധമില്ലല്ലോ? അമ്മമാർ മുണ്ടും നേര്യതും മാത്രമേ ഉടുക്കാവു എന്നും നിർബന്ധമില്ലല്ലോ? പ്രൊഡ്യൂസർ തന്ന ധൈര്യമാണ് പത്മത്തിലെത്തിച്ചത്. ഇതിലെത്തിയതോടെ ഒാരോ അമ്മയുടേയും ഉത്തരവാദിത്വം മനസിലായി.

പിന്നെ ഞാൻ ആദ്യമായി അമ്മവേഷത്തിലെത്തുന്നത് മഴവിൽ മനോരമയിലെ ആയിരത്തിലൊരുവൾ എന്ന സീരിയലിലാണ്. അതിലെ മഠത്തിലമ്മ എന്നകഥാപാത്രം കണ്ടിട്ടാണ് പരസ്പരത്തിലേക്ക് വിളിക്കുന്നത്.

rekha-ratheesh-1 രേഖ രതീഷ് സഹസീരിയൽ താരങ്ങള്‍ക്കൊപ്പം

പരസ്പരത്തിലെ ദീപ്തിയോടുള്ള പെരുമാറ്റം വിമർശിക്കപ്പെട്ടോ?

സാധാരണ അമ്മായിയമ്മയിൽ നിന്ന് വ്യത്യസ്തയാണ് പത്മാവതി. ഇൗ സീരിയലിലെ ഒാരോ ബന്ധത്തിനും ഒാരോ മഹത്വം ഉണ്ട്. പത്മവും കൃഷ്ണനും തമ്മിലും ദീപ്തിയും സൂരജും തമ്മിലും ഒക്കെ വളരെ ബഹുമാനം കൊടുക്കുന്ന ബന്ധമാണ്. മിക്ക സീരിയലുകളിലും അമ്മായിയമ്മ വളരെ ദുഷ്ടയായ സ്ത്രിയായിരിക്കും. അമ്മായിയമ്മ നെഗറ്റീവ് മാത്രമുള്ള സ്ത്രീയല്ല, അമ്മയും കൂടിയാണ് എന്നു മനസിലാക്കാൻ പത്മം എന്ന കഥാപാത്രം സഹായിക്കും. നെഗറ്റീവ് ടച്ചുള്ള പോസിറ്റീവ് അമ്മയാണ് പത്മം. ഇതിൽ നായികയെ ദ്രോഹിക്കുന്നില്ല. ഒരു മക്കളെയും മരുമക്കളെയും ദ്രോഹിക്കുന്നത് ഇൗ സീരിയലിൽ‍ കാണിച്ചിട്ടില്ല. പല സീരിയലുകളിലും ഭർത്താവിനെ താഴ്ത്തിക്കെട്ടിക്കാണിക്കുന്ന പ്രവണതയുണ്ട്, എന്നാൽ ഇൗ സീരിയലിന്റെ ഹൈലൈറ്റ് ഭർത്താവും ഭാര്യയും തമ്മിലുള്ള ഇഴയടുപ്പമാണ്.

പുറത്തുപോകുമ്പോഴുള്ള പത്മത്തെ ആളുകൾ തിരിച്ചറിയാറുണ്ടോ?

സീരിയലിൽ കാണുന്നതിൽ നിന്നും വളരെ വ്യത്യാസമുണ്ട് എന്നെ നേരിട്ടുകാണാൻ. ആളുകൾക്ക് പുറത്തുവച്ച് എന്നെ കാണുമ്പോൾ മനസിലാകാറില്ല. പിന്നെ ഞാൻ എന്റെ മോനോട് സംസാരിക്കുന്നത് കേട്ട് എന്റെ ശബ്ദത്തിൽ നിന്നാണ് അവർ ഇത് പത്മം തന്നെയാണെന്ന് മനസിലാക്കുന്നത്. എനിക്ക് ഇത്ര പ്രായക്കുറവാണെന്ന് ആർക്കും അറിയില്ല. അവർ 55 നും 60നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയായിട്ടാണ് എന്നെ കണക്കാക്കി വച്ചിരിക്കുന്നത്. എന്നെക്കാളും പ്രായമുള്ള അമ്മമാരൊക്കെ വന്ന് എന്നെ അമ്മേ എന്നാണ് വിളിക്കാറ്. അതുകേൾക്കുമ്പോൾ സന്തോഷം തോന്നും.

rekha-rathish-2 രേഖ രതീഷ്

അഭിനയ ജീവിതത്തിൽ നിന്ന് ഒരു ഇടവേളയെടുത്തിരുന്നല്ലോ, കാരണം?

കുടുംബ പ്രശ്നങ്ങളായിരുന്നു കാരണം. അതെല്ലാവർക്കുമറിയാം. നമ്മുടെ ഭാഗത്ത് തെറ്റുണ്ടോ ശരിയുണ്ടോ എന്നൊന്നും ആരും ശ്രദ്ധിക്കില്ല. നമ്മുടെ ഭാഗം ന്യായീകരിച്ചാലും ആരും അത് വിശ്വസിക്കില്ല, കണക്കിലെടുക്കുകയുമില്ല. ഞാനൊരു ട്രാപ്പിൽ പെടുകയായിരുന്നു. പിന്നെ മോനുണ്ടായി. എല്ലാവരും വിചാരിച്ചു, ഞാൻ അഭിനയം നിർത്തിയെന്ന്. രേഖ എന്ന ആർടിസ്റ്റ് ഇനി അഭിനയ ലോകത്തേക്ക് തിരിച്ചുവരില്ല എന്നാണ് എല്ലാവരും കരുതിയത്. പിന്നെ ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ കൂടിയാണ് ഞാൻ തിരിച്ചെത്തുന്നത്.

പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്തു?

അഭിനയം എന്റെ തൊഴിലാണ്. എനിക്ക് മോനെ വളർത്തണം. എന്റെ അച്ഛനും അമ്മയും ഇൗ ഫീൽഡിലുള്ളവരായിരുന്നു. അച്ഛൻ ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. അമ്മ സിനി ആർടിസ്റ്റും. നമുക്ക് നമ്മളിലുള്ള ഒരു വിശ്വാസമുണ്ടല്ലോ അതാണ് തിരിച്ചുവരാൻ സഹായിച്ചത്, എനിക്ക് മോനെ വളർത്തിയേ പറ്റുമായിരുന്നുള്ളൂ, അങ്ങനെ തിരിച്ചെത്തി, പിന്നെ എന്റെ ഭർത്താവ് വളരെ പിന്തുണ നൽകുന്നുണ്ട്.

rekha-rathish-3 രേഖ രതീഷ് മകൻ അയാനൊപ്പം

കുടുംബം?

ഭർത്താവ് ര‍ഞ്ജിത്ത് പ്രൊഡക്ഷൻ കൺട്രോളർ ആണ്. മോൻ അയാന് ഇപ്പോൾ നാലരവയസായി. അവനോട് സ്കൂളിൽ ചെല്ലുമ്പോൾ കുട്ടികൾ ചോദിക്കും നീ പത്മാവതിയുടെ മോനല്ലേ എന്ന്. അവൻ അതെ എന്നു പറയും. മോന് ഞാൻ അഭിനയിക്കുന്ന ഒാരോ കഥാപാത്രവും അറിയാം. ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് ഞാനും വലുതാകുമ്പോൾ വലിയ നടനാകുമെന്ന്.