Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സങ്കടക്കടലുകൾ രേഖ താണ്ടിയത് ഇങ്ങനെയാണ്

rekha-1 രേഖ

ഒരുകാലത്തു ബോളിവുഡിന്റെ താരറാണിയായിരുന്നു രേഖ. നാൽപതുവർഷക്കാലം സിനിമാ ലോകത്തു വാഴുന്നതിനിടയിൽ രേഖയുടെ വ്യക്തി ജീവിതവും പലപ്പോഴും മാധ്യമങ്ങൾക്കു ചർച്ചാവിഷയമായിരുന്നു. പ്രണയവും വിവാഹവും പിന്നീടു തനിയെയുള്ള ജീവിതവുമൊക്കെ രേഖ എന്ന നടിയെ സിനിമകളിൽ കാണുന്ന കരുത്തുറ്റ നായികമാര്‍ക്കപ്പുറം ധീരയാക്കി. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, താരത്തിന്റെ ആത്മകഥയാണ്. യാസിർ ഉസ്മാൻ എഴുതി പുറത്തിറക്കിയ രേഖ, ദി അൺടോൾഡ് സ്റ്റോറി എന്ന ആത്മകഥ ബോളിവുഡിലെമ്പാടും ചർച്ചയായിരിക്കുകയാണ്.

രേഖയുടെ സ്വകാര്യജീവിതത്തിലെ ഉയർച്ച താഴ്ച്ചകളും വിവാദങ്ങളുമൊക്കെ മറയില്ലാതെ തുറന്നെഴുതിയതാണ് ചര്‍ച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്. പതിനഞ്ചാം വയസിൽ സിനിമാലോകത്തു നിന്നുമുണ്ടായ അപമാനശ്രമവും ഭർത്താവിന്റെ ആത്മഹത്യയോടെ ബോളിവുഡ് ലോകം തന്നെ ഒറ്റപ്പെ‌ടുത്തിയതുമെല്ലാം പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്.

rekha-2 രേഖ

ബോബെയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ അഞ്ചാന സഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു രേഖ സ്വപ്നത്തിൽപോലും കരുതാത്ത സംഭവം അരങ്ങേറിയത്. അന്നു രേഖയും നടന്‍ ബിസ്‌വജീതും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആക്ഷൻ പറഞ്ഞപ്പോഴേക്കും ബിസ്‌വജീത് രേഖയെ തന്റെ കൈകളില്‍ എ‌ടുത്ത് അമർത്തി ചൂംബിച്ചു. തിരക്കഥയിലൊന്നും പറയാത്ത കാര്യം സംഭവിച്ചതിൽ രേഖ സ്തബ്ധയായി. സംവിധായകന്‍ കട്ട് പറയുകയോ ബിസ്‌വജീത് നിർത്തുകയോ ചെയ്തില്ല. അഞ്ചുമിനിറ്റിനു ശേഷമാണു ബിസ്‌വജീത് രേഖയെ വിടുന്നത്. അപ്പോഴേക്കും യൂണിറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആർത്തുവിളിക്കുകയായിരുന്നു. അന്നു രേഖ തിരിച്ചിറങ്ങിയത് നിറഞ്ഞ കണ്ണുകളോടെയാണ്. എ​ന്നാൽ ആ സംഭവം സംവിധായകന്റെ നിർദ്ദേശത്തോടെയാണെന്നായിരുന്നു ബിസ്‌വജീതിന്റെ മറുപട‌ി.

വിവാഹജീവിതവും രേഖയെ സംബന്ധിച്ചി‌ടത്തോളം ദുരന്തകാലമായിരുന്നുവെന്നു പുസ്കത്തിൽ പറയുന്നു. വ്യവസായിയായ മുകേഷുമൊത്തുള്ള ലണ്ടനിലെ ആദ്യദിനങ്ങളെല്ലം സന്തോഷഭരിതമായിരുന്നു. പക്ഷേ പതുക്കെയാണ് താൻ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ എന്നു രേഖയ്ക്കു മനസിലാകുന്നത്. അങ്ങനെ ഭർത്താവുമൊത്തു പിരിഞ്ഞു താമസിച്ചു തുടങ്ങിയ രേഖ പിന്നീടു കേൾക്കുന്നത് മുകേഷിന്റെ മരണ വാർത്തയാണ്. നേരത്തെയും ആത്മഹത്യാശ്രമങ്ങൾ നടത്തിയിരുന്ന മുകേഷ് തന്റെ മരണത്തിന് ആരെയും കുറ്റപ്പെ‌ടുത്തരുതെന്നും എഴുതിവച്ചിരുന്നു. മുകേഷിന്റെ മരണത്തോടെ രേഖയെ ആളുകൾ കുറ്റപ്പെടുത്തി തുടങ്ങി. കൊലപാതകിയെന്നു വരെ പലരും പരസ്യമായി വിളിച്ചു. പക്ഷേ അവയെയൊക്കെ മറികടന്ന് രേഖ വീണ്ടും സിനിമാലോകത്ത് തന്റെ ഇടം ഉറപ്പിച്ചു തുടങ്ങി.

rekha രേഖ

മറ്റൊരിക്കൽ ജനം വീണ്ടും ഞെട്ടിയത് നിറുകയിൽ സിന്ദൂരമണിഞ്ഞ് റിഷി കപൂറിന്റെ വിവാഹത്തിന് രേഖ എത്തിയപ്പോഴാണ്. രേഖ വീണ്ടും വിവാഹിതയായോ എന്ന ചോദ്യങ്ങൾ ഉയർന്നു. ​​​എന്നാൽ അന്ന് ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ നിന്നും ഇറങ്ങുന്നതിനിടയിൽ സിന്ദൂരം മായ്ച്ചുകളയാൻ താൻ മറന്നുപോയതാണെന്ന് രേഖ വ്യക്തമാക്കി. പിന്നീ‌ടും പല അവസരങ്ങളിൽ രേഖ നിറുകയിൽ കുങ്കുമം അണിഞ്ഞ് അവതരിച്ചിരുന്നു, അതു തനിക്കു ചേരുന്നതിനാലാണ് എന്നായിരുന്നു അപ്പോഴൊക്കെയും രേഖയുടെ മറുപടി.

Your Rating: