Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പരസ്യ’മായി വാഗ്വോദത്തിലേർപ്പെട്ട് സാനിയയും ശുഐബ് മാലിക്കും

Sania Mirza ശുഐബ് മാലിക്ക്, സാനിയ മിർസ

ഇന്ത്യ–പാക് ക്രിക്കറ്റ് മത്സരം വന്നാൽ സ്റ്റേഡിയത്തിൽ മാത്രമല്ല അതിനു പുറത്തും ‘വെടിക്കെട്ട്’ ഉറപ്പാണ്. ഇക്കണ്ട കാലത്തിനിടെ ലോകകപ്പിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാനായിട്ടില്ലെന്നതിനെ കളിയാക്കിക്കൊണ്ട് സ്റ്റാർ സ്പോർട്സ് കഴിഞ്ഞവർഷം പുറത്തിറക്കിയ ‘പടക്കപ്പരസ്യം’ തന്നെ അതിന്റെ മികച്ച ഉദാഹരണം. പാകിസ്ഥാൻ ജയിക്കുമ്പോൾ പൊട്ടിക്കാനായി പണ്ടു വാങ്ങിയ പടക്കങ്ങൾ 2015 ആയിട്ടും പൊട്ടിക്കാനാകാതെ വിഷമിക്കുന്ന പാക് ആരാധകന്റെ സങ്കടമായിരുന്നു ആ പരസ്യത്തിൽ. ഇപ്പോഴിതാ ട്വന്റി 20 ലോകകപ്പിൽ മത്സരിക്കാനായി പാക് ടീം വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നു. സുരക്ഷാപ്രശ്നവും വേദിമാറ്റ വിവാദവുമെല്ലാം കഴിഞ്ഞാണ് ടീമിന്റെ വരവു തന്നെ. ഇന്ത്യയിൽ വന്നിറങ്ങിയപ്പോൾത്തന്നെ ഷാഹിദ് അഫ്രീദി പറഞ്ഞു– ‘പാകിസ്ഥാനിലുള്ളവരെക്കാളുമേറെ ഇന്ത്യക്കാർ തങ്ങളെ സ്നേഹിക്കുന്നുണ്ട്..’ അതോടെ പാകിസ്ഥാനിലുള്ളവർക്ക് ഹാലിളകി, അഫ്രീദി പുലിവാലും പിടിച്ചു. ആ വിവാദമങ്ങനെ കൊഴുക്കുമ്പോഴാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന പോലെ പുതിയൊരു പരസ്യത്തിന്റെ വരവ്. നായിക ഇന്ത്യയുടെ സ്വന്തം ടെന്നിസ് താരം സാനിയ മിർസ, നായകൻ സാനിയയുടെ ഭർത്താവും പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്ക്. നെസ്‌ലെ എവരിഡേയുടെ ഈ ‘ട്വന്റി20 സ്പെഷൽ’ പരസ്യത്തിൽ പരസ്പരം കൊച്ചുകൊച്ചുവാഗ്വാദത്തിലേർപ്പെടുന്ന സാനിയയും മാലിക്കുമാണുള്ളതെങ്കിലും ആത്യന്തികമായ ലക്ഷ്യം ‘ഇന്ത്യ–പാക്’ സമാധാനമാണ്. അതിനാൽത്തന്നെ വിവാദങ്ങളെക്കാളേറെ ഒരു ചെറുപുഞ്ചിരി കൊണ്ട് സ്വീകരിക്കാവുന്ന വിധമാണ് പരസ്യമൊരുക്കിയിരിക്കുന്നതും.

ക്രിക്കറ്റിലാണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും തങ്ങളുടെ രാജ്യമാണ് കിടിലമെന്നാണ് പരസ്യത്തിൽ ഇരുവരും വാദിക്കുന്നത്. അമൃത്‌സറിലെ ലഡുവാണ് കിടുവെന്ന് സാനിയ പറയുമ്പോൾ മുൾട്ടാനിലെ ഹൽവയ്ക്കാണ് ടേസ്റ്റെന്നും പറഞ്ഞ് ശുഐബിന്റെ കൗണ്ടർ. ഷിംലയിലെ തണുപ്പോർത്ത് സാനിയ കുളിരുകോരുമ്പോൾ ഇസ്‌ലാമാബാദിലെ മഴയിലാണ് ശുഐബ് തണുക്കുന്നത്. സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവിൽ സാനിയ അഭിമാനം കൊള്ളുമ്പോൾ അക്തറിന്റെ യോർക്കറാണ് ബെസ്റ്റെന്ന് ശുഐബിന്റെ തിരിച്ചടി. ഹിന്ദി പാട്ടോർത്ത് സാനിയയിരിക്കുമ്പോൾ പാകിസ്ഥാനിലെ പോപ് മ്യൂസിക്കാണ് ശുഐബിന്റെ മനസ്സുനിറയെ. ഇതിനിടയിൽപ്പെട്ടുഴലുന്ന വേലക്കാരൻ ഒടുവിൽ ഇരുവർക്കും ഒരേഅഭിപ്രായം വരുന്ന ഒരു സംഗതി നൽകുന്നു. അതോടെ ഇരുവരും കൂൾ. സാനിയ പിന്നെയുമൊന്ന് തട്ടിനോക്കുമ്പോഴും ശുഐബ് സ്നേഹത്തോടെ സൂചന നൽകുന്നുണ്ട്–‘ഞാൻ തല്ലിനും വഴക്കിനുമൊന്നുമില്ലേ...’

യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വിഡിയോ ലക്ഷക്കണക്കിനു ലൈക്കുകളും വാങ്ങി മുന്നേറുകയാണ്. ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. പക്ഷേ വർഗീയ വിഷം തുപ്പുന്നവ കുറവാണ്. വേലക്കാരനായി വരുന്നത് അക്തറാണെന്നും പാകിസ്ഥാനിലെവിടെയാണ് പോപ് മ്യൂസിക്കെന്നും ചോദിച്ചുള്ള കളിയാക്കൽ കമന്റുകളും ഏറെയുണ്ട്. പക്ഷേ തമാശയ്ക്കു ചെയ്ത ഒരു പരസ്യം അതിന്റെ അതേ സ്പിരിറ്റോടെത്തന്നെയാണ് കാഴ്ചക്കാർ ഏറ്റെടുത്തിരിക്കുന്നതും. പരസ്യത്തിലൂടെയല്ലെങ്കിലും സാനിയ നേരത്തേത്തന്നെ ഇന്ത്യ–പാക് ക്രിക്കറ്റിലെ തന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്–‘ഇന്ത്യക്കു വേണ്ടിയായിരിക്കും ഞാൻ കൈയ്യടിക്കുക. അതിനൊപ്പം എന്റെ ഭർത്താവിന്റേത് മികച്ച പെർഫോമൻസായിരിക്കണമെന്നും ആഗ്രഹമുണ്ട്...’. കഴിഞ്ഞ ലോകകപ്പ് ഫൈനൽ സിയാൽകോട്ടിൽ ശുഐബിന്റെ വീട്ടിലിരുന്ന് കാണുമ്പോൾ അവിടെ എല്ലാവരും ഇന്ത്യയെ പ്രോൽസാഹിപ്പിക്കുകയായിരുന്നെന്നും സാനിയ പറഞ്ഞിട്ടുണ്ട്.

Your Rating: