Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലീനയ്ക്കും തുണി അലർജിയായി

Selen Gomez

കെട്ടിനു മുൻപു തന്നെ സദ്യ വിളമ്പുന്നതൊരു തെറ്റല്ല. കല്യാണ മുഹൂർത്തം നട്ടുച്ചയ്ക്കാവുകയും അതിരാവിലെത്തന്നെ നാട്ടുകാരെല്ലാം എത്തുകയും ചെയ്താൽ ഊണു വിളമ്പിയില്ലെങ്കിലും പന്തിയിൽ ഇലയിട്ട് പ്രലോഭിപ്പിക്കുകയെങ്കിലും വേണം. അതേ തന്ത്രം തന്നെയാണിപ്പോൾ പോപ് ഗായികയും ഹോളിവുഡ് നടിയുമായി സെലീന ഗോമസ് പ്രയോഗിച്ചിരിക്കുന്നതും. സെലീനയുടെ ഏറ്റവും പുതിയ ആൽബം ‘റിവൈവൽ’ ഒക്ടോബർ ഒൻപതിന് പുറത്തിറങ്ങുമെന്ന വാർത്ത കുറച്ചേറെ നാളായി സംഗീത ലോകത്ത് ചുറ്റിക്കറങ്ങുന്നു. എന്തായാലും ആ സംഗീത സദ്യ വിളമ്പുന്നതിനു മുന്നോടിയായി ഇലയിട്ടു കഴിഞ്ഞു ഈ ഇരുപത്തിമൂന്നുകാരി സുന്ദരി. റിവൈവലിന്റെ ആൽബം കവർ കഴിഞ്ഞ ദിവസം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയപ്പോൾ ആരാധകരെല്ലാം വിഭവസമൃദ്ധമായ സദ്യകഴിച്ച അവസ്ഥയിലാണ്. കാരണം, ലേഡി ഗാഗയുടെയും മഡോണയുടെയും ജെന്നിഫർ ലോപ്പസിന്റെയുമെല്ലാം പാത പിന്തുടരുകയാണോ കക്ഷി എന്നു സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ബ്ലാക്ക് ആൻഡ് വൈറ്റ് കവർ ചിത്രം.

പേരിനു മാത്രം വസ്ത്രം ധരിച്ചുള്ള കവർ ചിത്രത്തിൽ മെയ്ക്ക് അപ്പും വളരെ കുറവ്. റിവൈവൽ എന്ന പേരു സൂചിപ്പിക്കും പോലെത്തന്നെ മൊത്തത്തിലൊരു ആത്മപരിശോധനയ്ക്കൊരുങ്ങുകയാണെന്നു തോന്നുന്നു സെലീന എന്നാണ് വിദേശമാധ്യമങ്ങൾ ഇതിനെപ്പറ്റി പറഞ്ഞത്. എന്നാൽ ആൽബത്തിന്റെ കവർ പോലെത്തന്നെ കിടിലനായ ഗാനങ്ങളുമായിട്ടായിരിക്കും റിവൈവലിന്റെ വരവെന്നു പറയുന്നു സെലീന. ചിത്രത്തിൽ തന്റെ ലുക്ക് എങ്ങനെയാണോ അത്രയും നാച്വറലായിട്ടായിരിക്കും ഗാനങ്ങളെന്നും പറയുന്നു ഇവർ. റാപ് മ്യൂസിക്കിന്റെ സ്വാധീനത്തിലാണത്രേ ആൽബത്തിലെ പാട്ടുകളെല്ലാം ഒരുക്കിയിരിക്കുന്നത്. ഇത്രയും നാൾ തനിക്ക് സംഗീതം കുട്ടിക്കളിയായിരുന്നു, ഇപ്പോൾ മുതിർന്നിരിക്കുന്നു. തന്റെ റിവൈവലിലും അതിന്റെ അലയൊലികൾ ആസ്വദിച്ചറിയാനാകും. പ്രണയമായാലും സംഗീതമായാലും സ്വയം തീരുമാനങ്ങളെടുക്കാനാകുന്ന വിധം മുതിർന്നതിന്റെ ആദ്യസൂചനകളാണത്രേ ആൽബം കവറിലൂടെ സെലീന പുറത്തുവിട്ടിരിക്കുന്നതും.

അതിനിടെ സെലീന ഗോമസിന്റെ ഏറ്റവും അവസാനത്തെ കാമുകൻ ‘ബേബി’ ഗായകൻ ജസ്റ്റിൻ ബീബറും പുതിയ വാർത്തയുമായെത്തിയിട്ടുണ്ട്. സെലീനയെ മറക്കാൻ ഇതുവരെ തന്നെക്കൊണ്ടായിട്ടില്ലെന്നും ആ പ്രണയത്തകർച്ചയുടെ സങ്കടം മുഴുവൻ തീർന്നിട്ടേ ഇനി അടുത്ത ബന്ധത്തെപ്പറ്റി ആലോചിക്കുകയുള്ളൂവെന്നുമായിരുന്നു ഒരു ഇന്റർവ്യൂവിനിടെ ബീബറിന്റെ വാക്കുകൾ. ബീബറിന്റെ അവസാനമിറങ്ങിയ ‘വാട്ട് ഡു യു മീൻ’ എന്ന ഗാനവും ഹിറ്റായിട്ടുണ്ട്. ഇനി റിവൈവൽ കൂടി ഹിറ്റായാൽ സെലീന–ബീബർ ബന്ധം വീണ്ടും പൂവിടുമോയെന്നും ആരാധകലോകം നോക്കിയിരിപ്പാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.