Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ തല്ല് കരണത്ത് കിട്ടേണ്ടതായിരുന്നു!!!

Archana Suseelan അർച്ചന

സിനിമയിലും സീരിയലിലുമൊക്കെ വില്ലൻ കഥാപാത്രത്തെ കണ്ടിട്ടുണ്ടാകും. എന്നാൽ ഒറ്റ ഒരാളെ മാത്രമേ സൂപ്പർ വില്ലത്തി എന്ന് വിളിക്കാനാവൂ. വില്ലത്തികളിലെ സൂപ്പർസ്റ്റാർ അർച്ചന തന്റെ വില്ലത്തി വിശേഷങ്ങൾ പങ്കുവെക്കുന്നു. മാനസപുത്രിയിലെ ഗ്ലോറി മുതൽ പൊന്നമ്പിളിയിലെ ഭൈരവി വരെയുള്ള വില്ലത്തിവേഷങ്ങളെക്കുറിച്ച്.

ഒരേ സമയം രണ്ടു വില്ലത്തിവേഷങ്ങൾ

കറുത്തമുത്തിലെ ഡോക്ടർ മരീനയായി അഭിനയിക്കുന്ന അതേ അവസരത്തിൽ തന്നെയാണ് പൊന്നമ്പിളിയിലെ ഭൈരവിയായും എത്തുന്നത്. സാധാരണ ഞാൻ ചെയ്യുന്ന വില്ലത്തി വേഷങ്ങൾ ഒരു കാരണവുമില്ലാതെ നായകന്റെ പുറകെ നടന്ന് ദ്രോഹിക്കുകയാണ്. നായകന്‍ പ്രേമിച്ചില്ലെങ്കിൽ ദ്രോഹിക്കുന്ന വില്ലത്തിയിൽ നിന്നും വ്യത്യസ്തയാണ് ഭൈരവി. ഭൈരവിയുടെ വില്ലത്തരത്തിന് കാരണമുണ്ട്. അവളുടെ കുടുംബം തകർത്തതിന്റെ പ്രതികാരം വീട്ടാനാണ് നായകന്റെ കുടുംബത്തെ ദ്രോഹിക്കുന്നത്. ഡോക്ടർ മെറീന ഒരു സൈക്കോ കഥാപാത്രമാണ്. സൈക്കോ ആകുമ്പോഴാണ് മെറീനയിലെ വില്ലത്തി പുറത്തുചാടുന്നത്.

Archana Suseelan അർച്ചന

വില്ലത്തി വേഷങ്ങൾ ജീവിതത്തിൽ വില്ലനായിട്ടുണ്ടോ

അയ്യോ മാനസപുത്രി അഭിനയിക്കുന്ന സമയത്തായിരുന്നു ഏറ്റവും കൂടുതൽ പണികിട്ടിയത്. ഒരു ദിവസം സെറ്റിൽ ബ്രേക്കിന്റെ സമയത്ത് ഞാൻ മാറി നിന്ന് ഫോൺ ചെയ്യുകയായിരുന്നു. അപ്പോൾ ഒരു അമ്മൂമ്മ ഓടി വന്ന് ഒരൊറ്റയടി. കരണത്ത് കൊള്ളേണ്ട അടിയായിരുന്നു, മാറിയതു കൊണ്ട് കൈക്കിട്ടാണ് കൊണ്ടത്.

അന്ന് എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. അപ്പോൾ ഡയറക്ടർ പറഞ്ഞു സാരമില്ല അർച്ചന ഈ കിട്ടിയ അടി നിന്റെ കഥാപാത്രത്തിന്റെ വിജയമാണെന്ന്. ഡോക്ടർ മെറീനയോടും ആളുകൾക്ക് ദേഷ്യമുണ്ട്. എന്നാലും അതിലെ ചെറിയ കുട്ടി അക്ഷരയോട് കുറച്ച് സ്നേഹം കാണിക്കുന്നതുകൊണ്ട് ദേഷ്യം കുറവുണ്ട്. ഒരു ദിവസം ഒരു ചേച്ചി എന്റെ അടുത്തു വന്ന് ലോഹ്യം കൂടിയിട്ട് കൈയ്യിൽ നല്ല രണ്ടു പിച്ച് തന്നു. തരം കിട്ടിയിരുന്നെങ്കിൽ രണ്ടു പൊട്ടിക്കണമെന്ന് അവർക്കുണ്ടായിരുന്നു.

ആളുകളുടെ ഈ ഒരു രീതി കാരണം പുറത്തൊക്കെ ഇറങ്ങുമ്പോൾ ഞാൻ അൽപ്പം ജാഡ കാണിച്ചിട്ടേ നടക്കൂ. അല്ലെങ്കിൽ ആളുകൾ അടുത്തുകൂടിയിട്ട് എപ്പോഴാ തല്ലുന്നതെന്ന് പറയാൻ പറ്റില്ല.

ഗ്ലോറി എന്ന ഗ്ലോറിഫൈഡ് വില്ലത്തി

ഞാൻ ചെയ്ത വില്ലത്തിവേഷങ്ങൾ എനിക്ക് ഏറെയിഷ്ടം ഗ്ലോറിയാണ്. ഒരു അഭിനയത്രിക്ക് കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഗ്ലോറി. പാവമായി തുടങ്ങി അവസാനം എക്സെൻട്രിക്ക് ആകുന്നതു വരെയുണ്ട്. സീരിയൽ കഴിഞ്ഞ് ഇത്ര നാളായിട്ടും ആളുകൾ ഗ്ലോറിയെ മറന്നിട്ടില്ല. ഇപ്പോൾ ചെയ്യുന്നതെല്ലാം ഗ്ലോറിയുടെ മോഡിഫൈഡ് വേർഷനാണ്.

Archana Suseelan അർച്ചന

വില്ലത്തി വേഷങ്ങൾ മടുത്തു തുടങ്ങിയില്ലേ

ഏയ് ഇല്ല. എനിക്ക് വില്ലത്തിയാകാൻ ഇഷ്ടമാണ്. അമ്മക്കിളിയിൽ ഞാൻ ഒരു പോസിറ്റീവ് കഥാപാത്രത്തെ ചെയ്തിരുന്നു. അത് എനിക്ക് ബോറടിച്ചു. കരച്ചിൽ മാത്രമേ ആ കഥാപാത്രത്തിനുള്ളൂ. വില്ലന്മാരൊക്കെ നമ്മുടെ മുന്നിൽ വന്ന് അടിപൊളിയായി അഭിനയിക്കുമ്പോൾ നമ്മൾ എല്ലാം സഹിച്ച് നിൽക്കണം. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. വില്ലത്തിയാകുമ്പോൾ എല്ലാ ഭാവങ്ങളും ചെയ്യാം. ഇടയ്ക്ക് ആക്ഷനൊക്കെ ഉണ്ടല്ലോ.

ഗ്ലാമർ വേഷങ്ങളിൽ നിന്നും സാരിയിലേക്കുള്ള മാറ്റം

സാരി എനിക്ക് അത്ര ഇഷ്ടമുള്ള ഡ്രസ് അല്ല. പക്ഷെ ഡോക്ടർ മെറീന് കുറച്ച് പക്വതയുള്ള കഥാപാത്രമാണ്. അതുകൊണ്ടാണ് സാരിയിലോട്ട് മാറിയത്. പൊന്നമ്പിളിയിൽ വിവാഹം കഴിഞ്ഞ കഥാപാത്രമാണ്. കല്ല്യാണം കഴിഞ്ഞ കഥാപാത്രങ്ങളെ പൊതുവേ സാരിയിൽ കാണാനാണ് കേരളത്തിലുള്ളവർക്ക് ഇഷ്ടം. മെറീനയ്ക്ക് അധികം കളർഫുൾ സാരി ഉടുക്കാനുള്ള അനുവാദമില്ല, അതിന്റെ സങ്കടം ഭൈരവിയിൽ തീർക്കുന്നുണ്ട്.

Archana Suseelan അർച്ചന

മലയാളം നന്നായി പഠിച്ചല്ലോ

ഇത്ര വർഷമായില്ലേ പഠിക്കാതെ പറ്റില്ലല്ലോ. തുടക്കസമയത്ത് എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നവർ സ്റ്റുഡിയോയിൽ നിന്ന് ഇടയ്ക്ക് ഇറങ്ങി പോയിട്ടുണ്ട്, ഇവർ എന്താ ഈ പറഞ്ഞുവെച്ചിരിക്കുന്നതെന്ന് ചോദിച്ചിട്ട്. അതിൽ നിന്നൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.

മലയാളമറിയാത്ത ആങ്കറിങ്ങ് കാലം

ആങ്കറാകണമെന്ന് കരുതി ആങ്കറായതല്ല. ഞാനും എന്റെയൊരു കൂട്ടുകാരിയും കൂടി അവളുടെ ഓഡിഷനായി ചാനലിൽ പോയതാണ്. എന്നെ കണ്ടപ്പോൾ കൂടെ വന്ന മംഗോളിയൻ ലുക്ക് ഉള്ള പെൺകുട്ടി ഏതാണെന്ന് അവിടുള്ളവർ ചോദിച്ചു. അവൾക്ക് ആങ്കറാകാൻ താൽപ്പര്യമുണ്ടെങ്കിൽ ഒരു കൈനോക്കാമെന്ന് പറഞ്ഞു. മലയാളം ഒന്നും അറിയില്ല എന്ന് പറഞ്ഞിട്ടും വിട്ടില്ല, എന്തൊക്കെയോ മലയാളത്തിൽ പറയിപ്പിച്ചു. ഓഡിഷനൊന്നും പാസാകുമെന്ന് വിചാരിച്ചതല്ല, പക്ഷെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സെലക്ട് ആയെന്നു പറഞ്ഞ് വിളിച്ചു. അങ്ങനെയാണ് ഞാൻ ആങ്കറാകുന്നത്.

Archana Suseelan അർച്ചന

കുടുംബം

ഞങ്ങൾ മൂന്നു പേരാണ് ചേച്ചി. ചേട്ടൻ, പിന്നെ ഞാൻ. രണ്ടുവർഷം മുമ്പ് എന്റെ കല്ല്യാണം കഴിഞ്ഞു. ഭർത്താവ് മനോജ്‌ യാദവ് നോർത്ത് ഇന്ത്യനാണ്. ഡൽഹിയിലാണ് അദ്ദേഹം. ഷൂട്ടിങ്ങ് തിരക്കുകൾ ഉള്ളതുകൊണ്ട് രണ്ടുമാസം കൂടുമ്പോഴാണ് മനോജിന്റെ അടുത്ത് പോകുന്നത്. അല്ലാത്ത സമയം അച്ഛന്റെയും അമ്മയുടെയും ഒപ്പം തിരുവനന്തപുരത്ത് തന്നെയാണ് താമസം. എന്റെ ചേട്ടന്റെ ഭാര്യയാണ് ബഡായി ബംഗ്ലാവിലെ ആര്യ.