Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരുടെ സ്നേഹസുഗന്ധം ഈ അഞ്ചുവയസ്സുകാരി!

Kesiya കെസിയ

ബൈബിളിലെ ഒരു കഥാപാത്രമാണ് കെസിയ. ഇയ്യോബിന്‍റെ മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തവള്‍. ബൈബിള്‍ പാരായണത്തിനിടയില്‍ ഈ പേര് വിക്ടര്‍ ജോണിന്‍റെ മനസ്സില്‍ ഇടംതേടി. മകള്‍ സല്‍ദാനയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അവള്‍ക്കു കെസിയ എന്നു പേരുവിളിക്കാന്‍ വിക്ടര്‍ ജോണ്‍ മറന്നില്ല. കെസിയ എന്നാല്‍ സുഗന്ധം പരത്തുന്നവള്‍ എന്നും അര്‍ഥമുണ്ട്.

ഇയ്യോബിന്‍റെ വംശത്തില്‍ ഇത്രയും സുന്ദരിയായ ഒരു കുഞ്ഞ് മുന്‍പു ജനിച്ചിട്ടില്ലത്രേ ! ഇനി ജനിക്കാനും പോകുന്നില്ലെന്നു ചരിത്രം. എന്തായാലും വിക്ടറിന്‍റെ പേരക്കുട്ടി കെസിയ ആ പേര് അര്‍ഥവത്താക്കി. സീരിയല്‍ രംഗത്ത് അഭിനയ മികവിന്‍റെ സുഗന്ധം പരത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ അഞ്ചരവയസ്സുകാരി ഇപ്പോള്‍. കെസിയ നിലവില്‍ രണ്ടു സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്. മഴവില്‍ മനോരമയിലെ ‘സുന്ദരി’യിലും സൂര്യയിലെ ‘ഭാഗ്യലക്ഷ്മി’യിലും. രണ്ടിലും കഥാപാത്രത്തിന്‍റെ പേര് ആമിയെന്നാണ്.

മൂന്നു വയസ്സുള്ളപ്പോള്‍ ‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണു കെസിയ ആദ്യമായി ക്യാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. ഇതില്‍ പക്ഷേ, ആണ്‍കുട്ടിയുടെ വേഷമായിരുന്നു കെസിയയ്ക്ക്. നടി ദിവ്യയുടെ മകന്‍ കണ്ണനായി പ്രേക്ഷകരെ അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു കെസിയയുടെ പെര്‍ഫോമന്‍സ്. ആദ്യ സീരിയലിലേക്കു ക്ഷണിക്കപ്പെട്ടതു തികച്ചും യാദൃച്ഛികമായിട്ടായിരുന്നുവെന്നു കെസിയയുടെ അമ്മ സല്‍ദാന ഒാര്‍ക്കുന്നു: ‘സീരിയലിലേക്കു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കുന്ന വിനോദാണു കുഞ്ഞിനെ അഭിനയിക്കാന്‍ വിടുമോ എന്നു ചോദിച്ചത്. ആദ്യം തെല്ലു മടി തോന്നിയെങ്കിലും മോളുടെ പപ്പയുടെ സമ്മതപ്രകാരം അനുവാദം നല്‍കുകയായിരുന്നു.’

Kesiya കെസിയ

രണ്ടാമത്തെ സീരിയല്‍ ‘സംഗമം’ ആണ്. ഇതിലും കഥാപാത്രത്തിന്‍റെ പേര് ആമിയെന്നായിരുന്നു. മൂന്നു സീരിയലിലും ഒരേ പേരു വന്നത് യാദൃച്ഛികം. മൂന്നാമത്തെ സീരിയലായ ‘മഞ്ഞുരുകുംകാല’മാണു കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരമായി കെസിയയെ ഉയര്‍ത്തിയത്. ഈ സീരിയലിലെ ജാനിക്കുട്ടി അത്രയ്ക്കും പോപ്പുലറായി. ജാനിക്കുട്ടിയുടെ രണ്ടര വയസ്സു മുതലുള്ള കാലഘട്ടമായിരുന്നു കെസിയയ്ക്ക് അഭിനയിക്കാനുണ്ടായിരുന്നത്. പതിനാറ് എപ്പിസോഡില്‍ ജാനി എന്ന കഥാപാത്രത്തെ അനശ്വരമാക്കി ഈ െെചല്‍ഡ് ആര്‍ട്ടിസ്റ്റ്. അന്നു ജാനിക്കുട്ടിയുടെ അമ്മ രത്നമ്മയെ അവതരിപ്പിച്ചത് പ്രശസ്ത നടി ലാവണ്യ ആയിരുന്നു. യഥാര്‍ഥ അമ്മയും മകളും പോലെയായിരുന്നു രണ്ടുപേരും. ആ സ്നേഹം പൂര്‍‍വാധികം ശക്തിയോടെ ഇന്നും തുടരുന്നുവെന്ന് സല്‍ദാന:

‘ടിവിയില്‍ ജാനിക്കുട്ടിയായി മറ്റൊരു കുട്ടിയെ ലാവണ്യയുടെ കൂടെ കണ്ടപ്പോള്‍ മോള്‍ക്ക് തെല്ല് കുശുമ്പൊക്കെ തോന്നിയിരുന്നു. അവളെന്തിനാ എന്‍റമ്മയുടെ കൂടെ നടക്കുന്നത് എന്നെല്ലാം ചോദിക്കാറുണ്ടായിരുന്നു. ലാവണ്യയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അതെന്‍റെ അനുജത്തിയാണെന്നാണ് കെസിയ അവകാശപ്പെട്ടത്. കുഞ്ഞിന്‍റെ നൂലുകെട്ടു ചടങ്ങിനു ഞങ്ങളെല്ലാം പോയിരുന്നു.’

‘മഞ്ഞുരുകുംകാല’ത്തിന്‍റെ സെറ്റായിരുന്നു കെസിയയുടെ ലോകം. രാവിലെ ഉറക്കമുണരുമ്പോള്‍ ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനായി വാഹനം വന്നിട്ടുണ്ടാകും. രാത്രി ഒന്‍പതര വരെ ഷൂട്ടിങ്. അതുകഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ െകസിയ ഉറക്കമായിട്ടുണ്ടാകും. പിറ്റേന്നു വീണ്ടും ഷൂട്ടിങ് സ്ഥലത്തേക്ക്.

Kesiya കെസിയ അമ്മയ്ക്കും അച്ഛനും ഒപ്പം

കെസിയയുടെ അഭിനയത്തെക്കുറിച്ചു പറയുമ്പോള്‍ സല്‍ദാന അതിന്‍റെ മുഴുവന്‍ ക്രെഡിറ്റും നല്‍കുന്നതു സംവിധായകന്‍ ബിനു വെള്ളത്തൂവലിനാണ്. കെസിയയില്‍ ഒളിഞ്ഞുകിടന്നിരുന്ന പ്രതിഭ മുഴുവനായും പുറത്തെടുക്കാന്‍ കഴിഞ്ഞത് സംവിധായകന്‍റെ കഴിവാണെന്നു സല്‍ദാന പറയുന്നു.


ശംഖുംമുഖം സെന്‍റ് മേരീസ് സ്കൂളില്‍ യുകെജി വിദ്യാര്‍ഥിനിയാണു കെസിയ. സ്കൂളിലെ അധ്യാപകരെല്ലാം ഫുള്‍ സപ്പോര്‍ട്ടാണു നല്‍കുന്നത്. ക്ലാസ് മിസ്സാവുമ്പോഴെല്ലാം പ്രത്യേക ട്യൂഷന്‍ നല്‍കി അവര്‍ കുട്ടിയെ പ്രോല്‍സാഹിപ്പിക്കുന്നു. പഠനത്തിനും അഭിനയത്തിനും പുറമേ കെസിയ നൃത്തം പഠിക്കുന്നുണ്ട്. സുനിലാണു ഗുരു. പൊള്ളാച്ചിയില്‍ ഒരു െെപ്രവറ്റ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായ സഞ്ജയ് തോമസാണു കെസിയയുടെ പിതാവ്.