Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി അത്ര പാവമല്ല!!!

nikitha നികിത

ഓ കുട്ടി ഇത്രേം വലുതായോ എന്ന് ചോദിക്കാത്തവരുണ്ടാകില്ല മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ കണ്ടിട്ട്. സിനിമ വളർത്തി വലുതാക്കിയത് എന്ന് പറയും പോലെ സീരിയലുകളുടെ കുട്ടിയാണ് നികിത. ബാലതാരമായി പിന്നീടിപ്പോൾ മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലമെന്ന സീരിയലിലൂടെ വലിയ കുട്ടിയുടെ വേഷപ്പകർച്ചയിലേക്ക് മാറിയ നികിത. കുഞ്ഞു നികിതയുടെ വിശേഷങ്ങളിലേക്ക്...

മുത്തശ്ശിമാരുടെ താരം

ഞാൻ ജാനിക്കുട്ടിയെ പോലെയേ അല്ല എന്നാണ് നികിതയ്ക്ക് പറയാനുള്ള ഏറ്റവും വലിയ കാര്യം. കക്ഷിയുടെ മുത്തശ്ശിയും അത് സമ്മതിക്കും. സ്ക്രീനിലെ ജാനിക്കുട്ടിയെ കണ്ട് സ്നേഹം കൂടിയവർ വീട്ടിലേക്കൊന്നു വരണമെന്നാണ് മുത്തശ്ശിയുടെ പക്ഷം. കുട്ടിയെ കുറിച്ചുള്ള പാവം ചിന്തകൾ അതോടെ മാറിക്കിട്ടും. അത്രയ്ക്ക് ബഹളക്കാരിയാണ് വീട്ടിൽ. മുത്തശ്ശിക്ക് തന്നെ കുറിച്ചുള്ള വർത്തമാനമിതാണെന്ന് പറയുമ്പോൾ നികിത പൊട്ടിച്ചിരിക്കുകയായിരുന്നു. നികിതയ്ക്ക് ഒരുപാട് മുത്തശ്ശിമാരാണ്. പുറത്തേക്ക് പോയാൽ ഏറ്റവുമധികം സംസാരിക്കുന്നതും അമ്മുമ്മമാരാണ്. എല്ലാവർക്കും പറയാനുള്ളത് ഒറ്റക്കാര്യമേയുള്ളൂ. മോള് കുറച്ച് കൂടി ബോൾഡ് ആയിട്ട് സംസാരിക്കണം. രത്നമ്മ (സീരിയലിൽ ജാനിക്കുട്ടിയുടെ വളർത്തമ്മയുടെ അമ്മ) പറയുന്ന കാര്യങ്ങളോട് കരഞ്ഞുകൊണ്ട് നിൽക്കരുത്. നല്ല മറുപടി കൊടുക്കണം. അമ്മുമ്മമാരുടെ ആരാധികയായി നികിത മാറിയിട്ട് കുറേ വർഷങ്ങളായി. മുൻപ് മറ്റൊരു സീരിയലിൽ ദേവിയായി വേഷമിട്ടപ്പോൾ അമ്പലത്തിൽ വച്ച് ഒരു അമ്മൂമ്മ കാലിൽ വീണ് അനുഗ്രഹം വാങ്ങിയ സംഭവത്തില്‍ നികിതയ്ക്കിപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല.

nikitha-1 നികിത

എനിക്കറിയില്ല ഒന്നും

സീരിയലിലെ അടുത്ത എപ്പിസോഡിലെ കാര്യങ്ങളെ കുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. സത്യത്തിൽ നികിതയ്ക്ക് അതിനെ കുറിച്ച് ഒരു പിടിയുമില്ല. സീരിയലിന്റെ മുൻ എപ്പിസോഡ് കാണാത്ത നോവൽ വായിക്കാത്ത ഒരാൾക്ക് എങ്ങനെ ഇത് പറയാനാകുമെന്ന് നികിത ചോദിക്കുന്നു. ഇപ്പോഴത്തെ എപ്പിസോഡുകൾ തന്നെ ഞാൻ കാണാറില്ല. സമയം കിട്ടാത്തതുകൊണ്ടാണത്. സീരിയൽ സെറ്റിൽ ചെല്ലുമ്പോൾ സംവിധായകൻ പറഞ്ഞു തരുന്നതെന്തോ അത് ചെയ്യുന്നു. അത്രേയുള്ളൂ. സംവിധായകൻ ബിനു വെള്ളത്തൂവൽ നല്ലപോലെ പറഞ്ഞു തരും എന്താണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച്. അത് ചെയ്യുന്നു അത്രമാത്രം. അഭിനയത്തെ കുറിച്ച് അങ്ങനെ ആഴത്തിൽ പറയാനൊന്നും അറിയില്ല നികിത പറഞ്ഞു.

അയ്യോ ഇത്രേം വലുതായോ?

സീരിയലിൽ അഭിനയിച്ചു തുടങ്ങിയതിൽ പിന്നെ നികിതയെന്ന പേരു തന്നെ എല്ലാവരും മറന്ന മട്ടാണ്. വീടിനു പുറത്തേക്കിറങ്ങിയാൽ എല്ലാവരും വിളിക്കുക ജാനിക്കുട്ടിയെന്നാണ്. പിന്നെയൊരു ചോദ്യവും അയ്യോ ഇത്ര ചെറിയ ആളാണോയെന്ന്. സ്ക്രീനിൽ കാണുമ്പോൾ ഒത്തിരി വലിയ കുട്ടിയെ പോലെയാണ് നികിത. പക്ഷേ ടിവിയിൽ കാണുന്നത്രയ്ക്ക് വലുതൊന്നുമല്ല. പുറത്തുവച്ച് കാണുമ്പോൾ എല്ലാവരും അത് പറയാറുമുണ്ട്. നികിത ചിരിക്കുന്നു.

nikitha-2 നികിത

പഠനവും സീരിയലും

തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. സീരിയലിൽ മിക്ക ദിവസവും ഷൂട്ടിങ് ഉണ്ട്. ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നതെന്നതുകൊണ്ടു തന്നെ പാഠങ്ങളെല്ലാം നല്ല കട്ടിയാണ്. ഇപ്പോള്‍ പരീക്ഷയും. രണ്ടും കൂടി എങ്ങനെ കൊണ്ടുപോകുന്നുവെന്ന് ചോദിച്ചാൽ അതെനിക്കു തന്നെ അറിയില്ല. എങ്ങനെയൊക്കെയോ ചെയ്യുന്നു. നികിതയ്ക്ക് തന്നെ കൺഫ്യൂഷൻ.

ടീച്ചേഴ്സിന്റെ സപ്പോർട്ട്

സീരിയലിൽ അഭിനയിക്കാൻ പോകുന്നതിന് സ്കൂളിൽ കൂട്ടുകാരേക്കാൾ ഇക്കാര്യത്തിൽ സപ്പോർ‌ട്ട് ടീച്ചേഴ്സ് ആണ്. ക്ലാസ് ടീച്ചർ ദീപയടക്കം എല്ലാവരും വലിയ പിന്തുണയാണ്.ഇങ്ങനൊരു ഓഫർ വന്നപ്പോൾ വേണ്ടെന്ന് വച്ചതാണ്. ടീച്ചേഴ്സ് ആണ് നിർബന്ധിച്ചത്, ഞങ്ങളൊക്കെ കാണുന്ന സീരിയൽ ആണ് എന്തായാലും നികിത അഭിനയിക്കണമെന്ന്.

nikitha-3 നികിത

അഭിനയം ഒരു സൈഡ് കാര്യം

സീരിയലിൽ സജീവമാണെങ്കിലും അഭിനയം ഒരു സൈഡായി കൊണ്ടുപോകാനാണ് താൽപര്യം. നികിതയുടെ ഏറ്റവും വലിയ പ്രചോദനം അച്ഛനാണ്. സീരിയൽ സംവിധായകനായ രാജേഷിന്റെയും ചിത്രയുടെയും ഏകമകളാണ് നികിത. അച്ഛന്റെ സുഹൃത്തിന്റെ സീരിയലായ ഓമനത്തിങ്കൾ പക്ഷിയിലൂടെയാണ് നികിത മിനിസ്ക്രീനിലെത്തുന്നത്. ബാലതാരത്തിനായി വലിയൊരു ഓഡിഷനൊക്കെ നടത്തിയിട്ടും കഥാപാത്രത്തിന് ചേരുന്നൊരാളെ കിട്ടാതെ വന്നപ്പോഴാണ് നികിതയിലേക്ക് അവസരം വന്നത്. മകളെ കൂടെ ഓഡിഷന് കൊണ്ടുവരൂ എന്ന് പറഞ്ഞപ്പോൾ അച്ഛന് ആദ്യം മടിയായിരുന്നുവെന്ന് നികിത പറയുന്നു. പിന്നീട് തന്നെ കണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുകയും ഒന്ന് രണ്ട് സീനുകളിൽ അഭിനയിപ്പിക്കുകയും ചെയ്തപ്പോൾ പിന്നെ ഉറപ്പിച്ചു സീരിയലിലെ ബാലതാരം നികിത തന്നെ. ഇപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ ഇഷ്ടമാണ് അവരാണ് ഏറ്റവും വലിയ പിന്തുണയും. അഭിനയമാണ് ഇപ്പോൾ ചെയ്യുന്നതെങ്കിലും നികിതയ്ക്ക് അത് മാത്രം കൊണ്ടുപോകാൻ താൽപര്യമില്ല. നല്ല കഥാപാത്രങ്ങൾ കിട്ടുന്നെങ്കിൽ അഭിനയം വിടുകയുമില്ല. കാമറക്ക് പിന്നിൽ നിൽക്കാനാണ് ഏറ്റവുമിഷ്ടം. പ്ലസ് ടു കഴിഞ്ഞ് വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കാനാണ് നികിതയ്ക്കിപ്പോൾ ആഗ്രഹം.

എനിക്കിഷ്ടം ബോൾഡ് ആകാൻ

ഇതുവരെ ചെയ്ത സീരിയലുകളിലെല്ലാം തീര്‍ത്തും പാവം കഥാപാത്രമായിരുന്നു. ഇനിയങ്ങോട്ടും ഇങ്ങനെ മതിയെന്നാണ് എല്ലാവരും പറയാറ്. പക്ഷേ നികിതയ്ക്ക് കുറച്ചുകൂടി ബോൾ‍ഡ് ആയ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

nikitha-4 നികിത

ഇവയെന്റെ പ്രിയപ്പെട്ടവ

ടിവി കാണലാണ് പ്രധാന ഹോബിയെന്ന് പറയാം. ഏതാണ് പ്രിയപ്പെട്ട പരിപാടിയെന്ന് ചോദിച്ചാൽ ഉത്തരമില്ല. കാരണം ടിവി റിമോട്ട് എടുത്ത് മാറ്റിമാറ്റി കളിക്കുകയാണ് ചെയ്യാറ്. പിന്നെ ഡ്രോയിങും. ഡ്രോയിങ് പഠിച്ചിട്ടൊന്നുമില്ല. വെറുതെ വരയ്ക്കും അത്രതന്നെ.