Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ വാർത്ത കേട്ട് ഞെട്ടി '

ശ്രീകല ശ്രീകല

മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകള്‍ സീരിയലാകുമ്പോള്‍ അതിലെ നായികാ കഥാപാത്രം നടി ശ്രീകലയെ തേടിച്ചെല്ലാറുണ്ട്. ‘എന്‍റെ മാനസപുത്രി’യിലെ സോഫിയയും ‘രാത്രിമഴ’യിലെ അര്‍ച്ചനയും അങ്ങനെ സംഭവിച്ചതാണ്.

കെ.െക. സുധാകരന്‍ ആന്‍സി ജോസഫ് എന്ന തൂലികാനാമത്തില്‍ എഴുതിയ നോവലാണ് ‘പുനര്‍ജന്മം.’  ഇത് അതേ പേരിലും ഒരിടവേളയ്ക്കുശേഷം ‘എന്‍റെ മാനസപുത്രി’ എന്ന പേരിലും സീരിയലായി.  സോഫിയ എന്ന ദുഃഖപുത്രിയെ അവതരിപ്പിക്കാന്‍ അന്നു നറുക്കുവീണതു താടിക്കുഴിയുള്ള സുന്ദരി ശ്രീകലയ്ക്കായിരുന്നു.

ശ്രീകല ശ്രീകല

‘എന്‍റെ മാനസപുത്രി’യിലെ അഭിനയമാണു ശ്രീകല എന്ന കണ്ണൂര്‍കാരിയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. സോഫിയ മിനിസ്ക്രീനില്‍ തരംഗമായി. സോഫിയ കരഞ്ഞപ്പോള്‍ പ്രേക്ഷകരും ഒപ്പം കരഞ്ഞു. സോഫിയയെ സദാ കുത്തിനോവിച്ചിരുന്ന ഗ്ലോറിയ എന്ന കഥാപാത്രത്തെ അവര്‍ ശപിച്ചു. 

മനോരമ ആഴ്ചപ്പതിപ്പില്‍ മായാേദവി എഴുതിയ സൂപ്പര്‍ഹിറ്റ് നോവല്‍ ‘രാത്രിമഴ’ ഇപ്പോള്‍ ഫ്ളവേഴ്സില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിലെ  നായിക അര്‍ച്ചനയാവാന്‍ ശ്രീകല മതിയെന്നു തീരുമാനിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. വായനക്കാരുടെ മനസ്സില്‍ ഇന്നും ശോഭ പരത്തിനില്‍ക്കുന്ന ത്യാഗത്തിന്‍റെ നിറച്ചാര്‍ത്തായ അര്‍ച്ചന ഇനി കുടുംബപ്രേക്ഷകരുടെ മനസ്സിലേക്കും കുടിയേറുന്നു. അര്‍ച്ചനയെപോലെ ഇങ്ങനെയും ഒരു പെണ്‍ജന്മമോ? നോവല്‍ വായിച്ച ലക്ഷക്കണക്കിനു വായനക്കാര്‍ അന്ന് അങ്ങനെ ചോദിച്ചു. ഈ ചോദ്യം വരുംനാളുകളില്‍ കുടുംബസദസ്സുകളിലും ഉയര്‍ന്നുകേള്‍ക്കാം. 

ശ്രീകല ശ്രീകല

അഭിനയരംഗത്തു ശ്രീകലയെ  കുറച്ചുനാളായി കാണാതിരുന്നതിന്‍റെ സങ്കടത്തിലായിരുന്നു പ്രേക്ഷകര്‍. ശ്രീ എവിടെയാണ് എന്ന ചോദ്യത്തിന് അടുത്തകാലത്താണ് ഉത്തരം ലഭിച്ചത്. ഫെയ്സ്ബുക്കിലും വാട്സ്ആപിലും ശ്രീകലയുടെ കുറിപ്പുകള്‍ വന്നപ്പോള്‍. ലണ്ടനില്‍ സോഫ്റ്റ്‍്‍വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് വിപിനുമൊത്ത് കുറെക്കാലം വിദേശ വാസത്തിലായിരുന്നു ശ്രീകല. എന്നും യാത്രകള്‍ ഇഷ്ടപ്പെടുന്ന ശ്രീകല അതേക്കുറിച്ച്:

‘ഒരു ചെറിയ ഇടവേള. ഒത്തിരി യാത്രകള്‍, ഒത്തിരി മുഖങ്ങള്‍. പല നാടുകള്‍ – അതായിരുന്നു ഈ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലെ എന്‍റേതുമാത്രമായ സ്വകാര്യലോകം. എന്നെ ഞാനാക്കിയതു പ്രേക്ഷകര്‍ നല്‍കിയ സ്നേഹവും പ്രോല്‍സാഹനവുമാണ്. ആ സ്നേഹത്തിന്‍റെ തണല്‍ തേടി ഞാന്‍ വീണ്ടും വന്നിരിക്കുകയാണ്.’

ശ്രീകല ശ്രീകല

രണ്ടാംവരവിന്‍റെ ത്രില്ലോടെ ക്യാമറക്കണ്ണിലേക്കു വീണ്ടുമെത്തിയ ശ്രീകലയെ തിരുവനന്തപുരം ബാലരാമപുരത്തെ ലൊക്കേഷനില്‍‍വച്ചാണു കാണുന്നത്. രണ്ടുവര്‍ഷം മുന്‍പു കണ്ട ശ്രീകലയാണോ ഇത്? ശ്രീ ഒന്നുകൂടി ശാലീനസുന്ദരിയായിരിക്കുന്നു. ആ താടിച്ചുഴികള്‍ക്കുമുണ്ട് മുന്‍പു കാണാത്ത ഒരു പ്രത്യേക ചന്തം!

ലണ്ടനിലായിരുന്നപ്പോള്‍ വ്യായാമത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ശ്രീകല. മകന്‍ മൂന്നര വയസ്സുകാരന്‍ സാംവേദുമൊത്ത് എല്ലാ ദിവസവും നടക്കാനിറങ്ങും. നാട്ടില്‍ തിരിച്ചെത്തിയതിനുശേഷവും ചിട്ടയായ വ്യായാമം തുടരുന്നു. 

ലണ്ടനിലെ മലയാളികള്‍ നല്‍കിയ സ്നേഹം ഒരനുഭൂതിയായി കൊണ്ടുനടക്കുകയാണ് ശ്രീകല. അവതരിപ്പിച്ച കഥാപാത്രങ്ങളോരോന്നും അവരുടെ വാക്കുകളിലൂടെ പുനര്‍ജനിച്ചപ്പോള്‍ വിസ്മയിച്ചുപോയി നമ്മുടെ മാനസപുത്രി. ഇപ്പോഴും ഫെയ്സ്ബുക്കിലൂടെ, വാട്സ്ആപ്പിലൂടെ അവര്‍ ശ്രീയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. ‘രാത്രിമഴ’യെക്കുറിച്ചും അര്‍ച്ചനയെക്കുറിച്ചുമാണ് അവര്‍ക്ക് അറിയാനുള്ളത്. 

‘ലണ്ടനില്‍‍വച്ച് അപ്രതീക്ഷിതമായി കലാഭവന്‍ മണിച്ചേട്ടനെ കാണാനിടയായി. നാട്ടില്‍‍വച്ചോ ഇന്ത്യയില്‍ വച്ചോ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ആ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ കുറെ നിമിഷങ്ങള്‍. മണിച്ചേട്ടന്‍റെ ‘മണിമുഴക്കം’ എന്ന പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചു. മൂന്നു സ്റ്റേജുകളില്‍ ഞാന്‍ നൃത്തം ചെയ്തു. വളരെ നല്ല അഭിപ്രായമാണ് ആ വലിയ കലാകാരനില്‍നിന്നു ഞാന്‍ കേട്ടത്. എന്‍റെ മോനുമായി മണിച്ചേട്ടന്‍ എത്ര പെട്ടെന്നാണ് കമ്പനിയായത്. പിന്നീടു മൂന്നു മാസങ്ങള്‍ക്കുശേഷം ഞാന്‍ കേട്ടത് അദ്ദേഹത്തിന്‍റെ അകാലത്തിലുള്ള മരണവാര്‍ത്ത ആയിരുന്നു. സത്യത്തില്‍ ഞെട്ടിത്തരിച്ചുപോയി ഞാന്‍.’

കണ്ണൂര്‍ ചെറുകുന്ന് ജയകലയില്‍ ശശിധരന്‍റെയും ഗീതയുടെയും മകളാണ് ശ്രീകല. ഒരു ചേച്ചിയുണ്ട് ശ്രീജയ.ബിസിനസ് തിരക്കിനിടയിലും അച്ഛനാണു ശ്രീകലയ്ക്കു വേണ്ടത്ര പ്രോല്‍സാഹനം നല്‍കിയിരുന്നത്. ചെറുപ്പം മുതല്‍ക്കേ നൃത്തത്തിലായിരുന്നു താല്‍പര്യം. ഭരതനാട്യം,  മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുഡി, ഒാട്ടന്‍തുള്ളല്‍, നാടോടിനൃത്തം, ഒപ്പന എന്നീ ഇനങ്ങളില്‍ ധാരാളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തു കലാതിലകപ്പട്ടവും കരസ്ഥമാക്കി.

കെ.കെ.രാജീവിന്‍റെ ‘ഒാര്‍മ’യാ ണു ശ്രീകലയുടെ ആദ്യ സീരിയല്‍. തുടര്‍ന്ന‌ു കൃഷ്ണകൃപാസാഗരം, വിക്രമാദിത്യന്‍, കായംകുളം കൊച്ചുണ്ണി, കടലിനക്കരെ, വീണ്ടും ജ്വാലയായ്, കാണാക്കിനാവ്, അമ്മമനസ്സ്, എന്‍റെ മാനസപുത്രി, അമ്മ തുടങ്ങിയ സീരിയലുകള്‍ ചെയ്തു. 

‘രാത്രിമഴ’യുടെ കഥ ശ്രീകല കേട്ടത് അമ്മയില്‍നിന്നാണ്. അമ്മയും അച്ഛനും മനോരമ ആഴ്ചപ്പതിന്‍റെ സ്ഥിരം വായനക്കാരാണ്. കഥ കേട്ടപ്പോള്‍തന്നെ നോവലിലെ അര്‍ച്ചനയാവാന്‍ മാനസികമായി തായാറെടുത്തുകഴിഞ്ഞിരുന്നു ശ്രീകല.

എന്നും ജനപ്രിയ പരമ്പരകള്‍ നിര്‍മിച്ചു വിജയങ്ങള്‍ മാത്രം സ്വന്തമാക്കിയ െെബജു ദേവരാജാണു ‘രാത്രിമഴ’യുടെ പ്രൊഡ്യൂസറും പ്രോജക്ട് ഡയറക്ടറും. ‘സ്നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍’ എന്ന സിനിമയും തൂവല്‍സ്പര്‍ശം, അവള്‍ അറിയാതെ, മൂന്നുമണി എന്നീ സീരയലുകളും സംവിധാനം ചെയ്ത റിജു നായരാണ് എപ്പിസോഡ് ഡയറക്ടര്‍. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ മുരളി നെല്ലനാട് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.