Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളക്കരയാകെ തരംഗം ഈ ചുള്ളൻ!

ശ്രീനിഷ് അരവിന്ദ് ശ്രീനിഷ് അരവിന്ദ്

പ്രണയം സീരിയലിലെ ശരൺ ജി മേനോൻ എന്ന കഥാപാത്രമാണ് കേരളീയരായ സീരിയൽ പ്രേക്ഷകരുടെ ഇടയിലെ പുതിയ തരംഗം. ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും ശരണായി അഭിനയിക്കുന്ന പയ്യൻ നോർത്ത് ഇന്ത്യനാണോയെന്ന്? എന്നാൽ കേട്ടോളൂ, ശരണിനെ അവതരിപ്പിക്കുന്ന ശ്രീനിഷ് അരവിന്ദ് അസൽ മലയാളിയാണ്. ശരൺ ജി മേനോനായി മലയാളികളുടെ ഹൃദയം കവർന്ന ശ്രീനിഷുമായുള്ള അഭിമുഖം.

ശ്രീനിഷ് മലയാളിയാണെന്ന് പലർക്കും അറിയില്ല. എവിടെയാണ് പഠിച്ചതും വളർന്നതും?

എന്റെ യഥാർഥ പേരു പോലും പലർക്കും അറിയില്ല. പലരും എന്നെ കാണുമ്പോൾ ശരൺ എന്നാണ് വിളിക്കുന്നത്. പാലക്കാടാണ് സ്വദേശം. ജനിച്ചത് പാലക്കാട്ടാണ്, പക്ഷെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ്. ചെന്നൈയിലാണ് പഠിച്ചതും വളർന്നതുമെല്ലാം. അച്ഛന്റെയും അമ്മയുടെയും നാട് പാലക്കാടാണ്. അച്ഛൻ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറാണ്.  അച്ഛന്റെ ജോലി സംബന്ധിച്ചാണ് ഞങ്ങൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയത്.

ശ്രീനിഷ് അരവിന്ദ് ശ്രീനിഷ് അരവിന്ദ്

ചെന്നൈയിൽ നിന്നും എങ്ങനെയാണ് മലയാളസീരിയലിൽ എത്തുന്നത്?

സീരിയൽ താരം കന്യചേച്ചി ഞങ്ങളുടെ കുടുംബ സുഹൃത്താണ്. ചേച്ചിയാണ് പ്രണയം സീരിയലിൽ നായകനെ അന്വേഷിക്കുന്ന കാര്യം അച്ഛനോട് പറയുന്നത്. അങ്ങനെയാണ് ഓഡിഷന് പോകുന്നതും ശരണായി മാറുന്നതും.

അഭിനയത്തിൽ മുൻപരിചയമുണ്ടോ?

നാലു തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം അടുത്തമാസം പുറത്തിറങ്ങും. ബാലൂമഹേന്ദ്ര സാറിന്റെ ഫിലിം ഇന്റസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ചതിന് ശേഷമാണ് ഈ മേഖലയിലേക്ക് വരുന്നത്. 

ചെറുപ്പം മുതൽ അഭിനയമോഹമുണ്ടായിരുന്നോ?

ആദ്യമൊക്കെ എനിക്ക് ക്യാമറയുടെ മുന്നിൽ നിൽക്കാൻ പേടിയായിരുന്നു. അതുകൊണ്ട് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പേടിയും ചമ്മലും കാരണം പല ഓഡിഷനും പോയിട്ടില്ല. അപ്പോഴൊക്കെ അച്ഛൻ എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു നിനക്ക് അഭിനയിക്കാൻ പറ്റും, നീ അഭിനയിക്കണം എന്നുപറയുമായിരുന്നു. പക്ഷെ അപ്പോഴൊക്കെ ക്യാമറയുടെ മുന്നിൽ നിൽക്കാനുള്ള ആത്മവിശ്വാസമില്ലാതിരുന്നതിനാൽ വേറെ ജോലിക്ക് ശ്രമിച്ചു. 

ശ്രീനിഷ് അരവിന്ദ് ശ്രീനിഷ് അരവിന്ദ്

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അഭിനയിക്കണമെന്ന മോഹം ശരിക്കും തോന്നുന്നത്. തോന്നിക്കഴിഞ്ഞപ്പോൾ ആഗ്രഹം അച്ഛനോട് പറഞ്ഞ് ജോലി ഉപേക്ഷിച്ച് മോഡലിങ്ങ് രംഗത്തേക്കും അഭിനയരംഗത്തേക്കും എത്തി. 

മലയാളം സീരിയലിലെ അരങ്ങേറ്റം എങ്ങനെയുണ്ട്?

ആദ്യം മലയാളം ഡയലോഗ് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉച്ചാരണമൊന്നും അത്ര കൃത്യമാകാറില്ലായിരുന്നു. പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലായതു കൊണ്ട് മലയാളം തീരെ അറിയില്ലായിരുന്നു. സഹപ്രവർത്തകരൊക്കെ നല്ല സഹകരണമായിരുന്നു. ഇപ്പോൾ മലയാളം നന്നായി എഴുതാനും വായിക്കാനും പറയാനുമറിയാം. 

സീരിയലിലെ കഥാപാത്രത്തെപ്പെലെ തന്നെ ജീവിതത്തിലും സീരിയസാണോ? 

രണ്ടു കുട്ടികളുടെ അച്ഛനാണ് ശരൺ ജി മേനോൻ. വളരെ പക്വതയുള്ള കഥാപാത്രമാണ്. അധികം ചിരിക്കുകയൊന്നുമില്ല. തുടകത്തിൽ നല്ല മസിലുപിടുത്തമായിരുന്നു. ലക്ഷ്മി എന്ന കഥാപാത്രം ജീവിതത്തിൽ എത്തിയതിന് ശേഷമാണ് അൽപ്പമെങ്കിലും ചിരിക്കാൻ തുടങ്ങിയത്. ഞാൻ അങ്ങനെയൊന്നുമല്ല. എപ്പോഴും ചിരിച്ച് സന്തോഷമായി ഇരിക്കുന്നയാളാണ്. 

അരാധികമാരുണ്ടോ?

ഫേസ്ബുക്കിലൊക്കെ നിരവധിപേർ മെസേജൊക്കെ അയക്കാറുണ്ട്. ധാരാളം പെൺകുട്ടികൾ വിളിക്കാറുണ്ട്. എന്റെ ഫോൺനമ്പർ എങ്ങനെയോ ലീക്ക് ആയി. അതിനുശേഷം നിരവധി ഫേക്ക് കോൾസും വരാറുണ്ട്. ഇന്റർവ്യൂവിനാണെന്നൊക്കെ പറഞ്ഞുവിളിച്ച് പറ്റിക്കാറുണ്ട്. 

ചിലർ പെൺകുട്ടിയാണെന്നു പറഞ്ഞ് ഫേസ്ബുക്കിൽ സംസാരിക്കാൻ വരും എന്നിട്ട് കള്ളഫോട്ടോയൊക്കെ അയക്കും. അത്തരം ആളുകളെ അകറ്റി നിർത്താറാണ് പതിവ്. അവരുടെ കള്ളത്തരം തിരിച്ചറിഞ്ഞുകഴിയുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നാറുണ്ട്. വ്യാജ ഫോൺകോളുകൾ നിരവധി വരുന്നത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഞാൻ ഫോൺ കോളുകൾ സ്വീകരിക്കുന്നത്. സത്യസന്ധമായി കമന്റ്സ് പറയുന്ന ആരാധകരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാറുണ്ട്.

ശ്രീനിഷ് അരവിന്ദ് ശ്രീനിഷ് അരവിന്ദ്

കേരളത്തിലെ ആളുകൾക്ക് സീരിയൽ താരങ്ങളോട് ആരാധന കൂടുതലാണ്. യഥാർഥ ജീവിതത്തിൽ ആരാധന മൂലം എന്തെങ്കിലും രസകരമായ സംഭവങ്ങളുണ്ടായിട്ടുണ്ടോ? 

ഞാൻ പറഞ്ഞല്ലോ പലരും എന്നെ ശരൺ എന്നാണ് വിളിക്കുന്നതു പോലും. നേരിട്ട് കാണുമ്പോൾ ശരൺ എന്തിനാ എപ്പോഴും എങ്ങനെ മസിൽ പിടിക്കുന്നത്, ഒന്ന് ചിരിച്ചുകൂടെ. ആ മാളുവിനോട് ഇടയ്ക്കെങ്കിലും സ്നേഹമായി പെരുമാറിക്കൂടെ, ലക്ഷ്മിയുമായി എന്തിനാ എപ്പോഴും വഴക്ക് കൂടുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. അവരോടൊക്കെ ശരി ഇനി മുതൽ അങ്ങനെ ചെയ്യാമെന്നു പറഞ്ഞാണ് രക്ഷപെടുന്നത്.

കുടുംബം?

അച്‌ഛന്‍ അരവിന്ദ്‌, അമ്മ ലക്ഷ്‌മി കുമാരി. രണ്ടു സഹോദരിമാരുണ്ട്‌ . വീട്ടുകാരുടെ പിന്തുണയുള്ളത് കൊണ്ടാണ് എനിക്ക് അഭിനയരംഗത്തേക്ക് വരാൻ സാധിച്ചത്. സാധാരണ ആരും ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് ഇറങ്ങാൻ അനുവദിക്കാറില്ല. പക്ഷെ അച്ഛനും ചേച്ചിമാർക്കുമൊന്നും യാതൊരുവിധ പ്രശ്നവുമില്ലായിരുന്നു. ശരൺ ജി മേനോന്റെ ചേച്ചി എന്ന രീതിയിലാണ് അവരോട് എല്ലാവരും ഇപ്പോൾ സംസാരിക്കുന്നത്.

വിവാഹം ഉടൻ ഉണ്ടാകുമോ?

ആലോചനകൾ തുടങ്ങിയിട്ടുണ്ട്. അടുത്തവർഷം ചിലപ്പോൾ കാണും. 

Your Rating: