Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപ്രഭയിൽ ഈ ശ്രുതിലയം

Sruthilaya ശ്രുതിലക്ഷ്മിയും സഹോദരി ശ്രീലയയും

കലയ്ക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണു ലിസി ജോസിന്റെ ജീവിതം. പ്രഫഷനൽ നാടകവേദികളിൽ നിറഞ്ഞു നിന്ന ഈ കലാകാരി പിന്നീടു സീരിയലുകളിലും സിനിമകളിലും അഭിന യമികവിന്റെ കയ്യൊപ്പു ചാര്‍ത്തി.

ദൈവത്തിന്റെ വരദാനം പോലെ പ്രശസ്തിയിലേക്കു കുതിക്കാൻ രണ്ടു മക്കളുണ്ടായി ലിസ്സിക്ക്. ശ്രീലയയും ശ്രുതിലക്ഷ്മിയും. ‘വന്നു കണ്ടു കീഴടക്കി’യതു പോലെ അഭിനയരംഗത്ത് ഇരുവരും സ്വന്തം സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ എറണാകുളം കാക്കനാട് കങ്ങരപ്പടിയിൽ മക്കളുടെ പേരിട്ട് ഒരു വീട് ശ്രുതിലയം.

Sruthilaya ശ്രുതിലക്ഷ്മി

കുടുംബനാഥനും കലാസ്വാദകനുമായ ജോസുമുണ്ട് മക്കൾക്ക് പ്രോൽസാഹനത്തിന്റെ ഊർജം പകരാൻ. ഗൾഫിൽ നിന്നു മടങ്ങിയെത്തിയ ജോസിനു കൃഷിയോടാണു താൽപര്യം. ‘ശ്രുതിലയ’ത്തിൽ വന്നിട്ടുളളവർ ഹരിതഭംഗിയേറും ആ കാഴ്ചകൾ കണ്ടിട്ടുണ്ടാകും.

ചെറുപ്രായത്തിൽ കലാരംഗത്തു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ലിസി ഒരു പ്രഫഷണൽ നടിയാകുന്നതു കല്യാണത്തിനു ശേഷമാണ്. കണ്ണൂർ ഗാന്ധാരയുടെ ‘ജനഹിതം’ എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. ശർമിളാ ദേവി തമ്പുരാട്ടി എന്ന നായിക കഥാപാത്രം. ലിസ്സിയുടെ അഭിനയം അന്നു കേരളമാകെ പ്രകീർത്തിക്കപ്പെട്ടു. നാടകവും ഹിറ്റായി. നാടക നിരൂപകൻ എ.എൻ. ഗണേഷ് ലിസിയെക്കുറിച്ച് പ്രശംസിച്ചെഴുതിയത് ലിസ്സി ഓർക്കുന്നു. യവനിക ഗോപാ ലകൃഷ്ണന്റെ ‘അഭയ’ മാണു രണ്ടാമതു ചെയ്ത നാടകം. അയൽരാജ്യം, ദ് ബ്രിഡ്ജ് തുടങ്ങി നാലു നാടകങ്ങള്‍ക്കു ശേഷമാണു ലിസ്സിക്കു സിനിമയിലേക്കു വിളി വന്നത്. അതേക്കുറിച്ച് ലിസ്സി:‍

Sruthilaya ശ്രീലയ

‘‘നാടകത്തിൽ അഭിനയിക്കുമ്പോൾ തന്നെ ഞാന്‍ ആകാശ വാണിയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. നാടകത്തിലൂടെ കിട്ടിയ അംഗീകാരമാവണം സിനിമയിലേക്കുളള വഴി തുറന്നത്. ആദ്യ സിനിമ ‘മാട്ടുപ്പെട്ടിമച്ചാൻ’ ആയിരുന്നു. ഇതിൽ ക്യാപ്റ്റൻ രാജുവിന്റെ ജോടിയായാണ് അഭിനയിച്ചത്. ഈ സിനിമ നന്നായി ഓടി. ധാരാളം ഓഫറുകൾ എന്നെത്തേടിയെത്തി. പിന്നീടതു പഞ്ചലോഹം, തച്ചിലേടത്ത് ചുണ്ടൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, വാമനപുരം ബസ്റൂട്ട് തുടങ്ങി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. ‘മാട്ടുപ്പെട്ടി മച്ചാന്റെ’ വിജയമാണു സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണം.’’

സീരിയലിൽ നിന്നു സിനിമയിലെത്തിയവരാണു പലരും. എന്നാൽ ലിസി ജോണിന്റെ കാര്യത്തിൽ ഇതു നേരെ തിരിച്ചാണ്. സിനിമയിൽ അഭിനിയിച്ചുകൊണ്ടിരിക്കുമ്പോഴാണു ലിസി സീരിയലിലേക്കു ക്ഷണിക്കപ്പെട്ടത്. യന്ത്ര മീഡിയയുടെ ‘സ്ത്രീ’ ആയിരുന്നു ആദ്യ സീരിയൽ. ‘ജ്വാലയായ്, മഞ്ഞുപോലെ, അവകാശികൾ’ തുടങ്ങി നൂറിലധികം സീരിയലുകൾ ചെയ്തു. ഏറ്റവും ഒടുവിൽ ചെയ്ത ‘അവകാശികൾ’ക്കു മികച്ച സഹനടിക്കുളള അടൂർഭാസി പുരസ്കാരം ലഭിച്ചു.

Sruthilaya ശ്രുതിലക്ഷ്മിയും സഹോദരി ശ്രീലയയും ​അച്ഛൻ ജോസിനും അമ്മ ലിസി ജോസിനുമൊപ്പം

അഭിനയജീവിതം തുടരുമ്പോൾതന്നെ, മക്കളെ കലാപരമായും വിദ്യാഭ്യാസപരമായും ഉയർത്തിക്കൊണ്ടുവരാൻ ഈ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ തെളിവാണ് ലയയും ശ്രുതിയും. സീരിയലിലും സിനിമയിലും ഈ സഹോദരിമാർ അഭിനയമികവിന്റെ പൊൻതിളക്കത്തിലാണ്. ‘‘വളരെ ചെറുപ്പത്തിൽ തന്നെ നാടകവും സിനിമയും സീരിയലുമൊക്കെ കണ്ടു വളര്‍ന്നവരാണ് ലയയും ശ്രുതിയും. എന്റെ നാടകങ്ങൾ ഏറ്റവും മുന്നിലിരുന്ന് കണ്ടിട്ടുളളവരാണിവർ. റിഹേഴ്സല്‍ ക്യാമ്പുകളിലും അവർ എന്നോടൊപ്പം വരാറുണ്ട്. സീരിയൽ സിനിമാ ഷൂട്ടിങ്ങുകൾക്കും കൂടെ കൂട്ടാറുണ്ട്. അതോടൊപ്പം പഠനവും നടക്കും. മൂത്തവൾ ലയ ബിഎസ്സി നഴ്സിങ് കഴിഞ്ഞാണ് അഭിനയരംഗത്തേക്ക് വന്നത്. ശ്രുതി തിരുവനന്തപുരം എൻഎസ്എസ് കോളജില്‍ നിന്നു ഗ്രാജുവേഷൻ പൂർത്തിയാക്കി. രണ്ടുപേരും ശാസ്ത്രീയ ന‍ൃത്തം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഷീല–ലീല സഹോദരിമാരാണു ഗുരസ്ഥാനത്ത്.’’

ലയ ആദ്യമായി അഭിനയിത്ത ചിത്രം ‘കുട്ടിയും കോലു’മാണ്. നടൻ ഗിന്നസ് പ്രകു ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സനുഷയും ലയയുമായിരുന്നു പ്രധാന താരങ്ങൾ. അതിനുശേഷം ‘മാണിക്യം’ എന്ന അവാർഡ് സിനിമയിൽ ടൈറ്റിൽ റോളായ കുഞ്ഞുമാണിക്യത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടി. നടൻ സലിംകുമാറിന്റെ ‘കമ്പാർട്ട്മെന്റി’ലാണു ലയ ഏറ്റവും ഒടുവിൽ‌ അഭിനയിച്ചത്. മഴവിൽ മനോരമയുടെ ‘ഭാഗ്യദേവത’യാണു ലയയുടെ ആദ്യ സീരിയൽ. ഇതിൽ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തെ മികച്ച താക്കി ലയ. ‘കൺമണി. മൂന്നുമണി, എന്നിവയാണു മറ്റു സീരിയലുകൾ.

Sruthilaya ശ്രുതിലക്ഷ്മി ഭർത്താവ് എവിനൊപ്പം

ഒരു ബാലനടിയായി വന്ന് ചെറുപ്രായത്തിൽ തന്നെ നേട്ടങ്ങൾ വെട്ടിപ്പിടിച്ച അഭിനേത്രിയാണു ശ്രുതി ലക്ഷ്മി. ഷാജിയെമ്മിന്റെ ‘നിഴലുകൾ’ എന്ന ഹൊറർ സീരിയലിലായിരുന്നു ആദ്യമാ യി അഭിനയിച്ചത്. അപ്പോൾ പ്രായം ഒൻപത്. പിന്നീടു സിനിമാ ലോകത്തേക്കു പറന്നുയരുന്ന ശ്രുതിയെയാണു പ്രേക്ഷകർ കണ്ടത്. ദിലീപിന്റെ നായികയായി ‘റോമിയോ’. മോഹൻലാലി ന്റെ സഹോദരിയായി ‘കോളജ് കുമാരൻ’, മമ്മൂട്ടിയുടെ ‘ലൗ ഇൻ സിംഗപ്പൂർ’, ആസിഫ് അലിയുടെ ‘ഡ്രൈവർ ഓൺ ഡ്യൂട്ടി’, ‘സ്വന്തം ഭാര്യ സിന്ദാബാദ്’, ‘ഹോട്ടൽ കാലിഫോർണിയ’ തുടങ്ങി നിറയെ സിനിമകൾ! ശ്രുതി ഏറ്റവും ഒടുവിൽ ചെയ്ത സിനിമ മമ്മൂട്ടിയുടെ ‘പത്തേമാരി’യാണ്. ഇതിൽ മമ്മൂട്ടിയുടെ സഹോദരീപുത്രിയുടെ വേഷമായിരുന്നു ശ്രുതിക്ക്. കെ.കെ രാജീവിന്റെ ‘പോക്കുവെയില്‍’ ആണു ശ്രുതി ലക്ഷ്മി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സീരിയൽ. വിവാഹിതയാണു ശ്രുതി. ഡോ. എവിൻ ആന്റോയാണു ഭർത്താവ്.

തിരക്കുളളവരായതുകൊണ്ട് ‘ശ്രുതിലയ’ത്തില്‍ എല്ലാ അംഗങ്ങളും ഒത്തുചേരുന്നത് വളരെ വിരളം. കഴിഞ്ഞ ഈസ്റ്ററിനാണ് എല്ലാവരും ഒന്നിച്ചുണ്ടായത്. അന്നു ശ്രുതിലയത്തിലാകെ ഉദിച്ചുയർന്നത് ആനന്ദോൽസവത്തിന്റെ പതിനാലാം രാവ്!
 

Your Rating: