Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കിറ്റിലൂടെ തേജോവധം ചെയ്യരുത്: സുബി സുരേഷ്

subi-suresh സുബി സുരേഷ്

ചില ചാനലുകളിൽ അവതാരികയായി കാണാം. ചില സ്കിറ്റുകളിൽ സോണിയ ഗാന്ധിയുടെ വേഷത്തിലുണ്ടാകും. ചിലപ്പോൾ സിനിമയിൽ കാണാം. അവതാരികയായും സ്കിറ്റ് താരമായും നടിയായുമെല്ലാം തിളങ്ങുന്ന, വാ തുറന്നാൽ കോമഡിമാത്രം പറയുന്ന സുബി സുരേഷിന്റെ വിശേഷങ്ങളിലേക്ക്.

അവതാരിക, നടി ഇത്രയും എനർജി എവിടുന്നു കിട്ടുന്നു?

അവതരണത്തിൽ ഒന്നും കരുതിക്കൂട്ടി പറയുന്നതല്ല. അറിയാതെ വന്നു പോകുന്നതാണ്. പിന്നെ ഞാൻ അവതരിപ്പിക്കുന്ന പരിപാടികൾക്ക് ചാനലുകൾ ഒരു നിയന്ത്രണവും വയ്ക്കാറില്ല. നമുക്ക് നല്ല ഫ്രീഡം തരാറുണ്ട്. കുട്ടിപ്പട്ടാളമാണെങ്കിലും മേയ്ഡ് ഫോർ ഇൗച്ച് അദർ ആണെങ്കിലും എല്ലാം നല്ല സ്വാതന്ത്ര്യം തന്നിരുന്നു. മെയ്ഡ് ഫോർ ഇൗച്ച് അദറിലൊക്കെ അഴിച്ചുവിട്ടതു പോലെയായിരുന്നു. അഭിരാമിയാണെങ്കിലും യാതൊരു താര ജാഡയും കാണിച്ചിരുന്നില്ല.. പരിപാടിയുടെ സംവിധായകൻ സതീഷ് ചേട്ടനെ നേരത്തെ അറിയാമായിരുന്നു.

കുട്ടിപ്പട്ടാളത്തിൽ കുട്ടികളോട് ചോദിക്കുന്ന ചോദ്യങ്ങൾ അതിരു വിടുന്നു എന്നു പറയാറില്ലേ?

കുട്ടികളുമായി ബന്ധപ്പെട്ട എന്തും ചോദിക്കാം എന്ന് പറഞ്ഞിരുന്നു. ഞാൻ ഒന്നും നേരിട്ടു ചോദിക്കാറില്ല. അച്ഛൻ കള്ളുകുടിക്കാറുണ്ടോ എന്ന് നേരിട്ട് കുട്ടികളോട് ചോദിക്കില്ല. വഴക്കാണെങ്കിൽ പോലും രസകരമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ രക്ഷകർത്താക്കൾ‌ ഇതുവരെ നമ്മളെ വിമർശിച്ചിട്ടില്ല. പരിപാടി ഇപ്പോൾ 200 എപിസോഡ് ആകുന്നു. എരിതീയിൽ എണ്ണ ഒഴിക്കുക എന്ന രീതിയിൽ ഒന്നും ഞാൻ ചെയ്യാറില്ല. കുട്ടികളുടെ തമാശ കാണാൻ വേണ്ടിയാണ് ആളുകൾ ടിവി വയ്ക്കുന്നത്. ഒന്നു രണ്ടു പേര് കുട്ടികളോട് ചോദിച്ചതിനെ വിമർശിച്ച് നെറ്റിലിടുകയോ മറ്റോ ചെയ്തിരുന്നു. അതൊന്നും ഞാൻ കാര്യമാക്കാറില്ല.

താങ്കളും അനുകരിക്കാറുള്ള ആളല്ലേ? കോട്ടയം നസീർ തിരുവഞ്ചൂരിനെ അനുകരിച്ചതിന് മാപ്പ് പറഞ്ഞിരുന്നു.?

എല്ലാ പരിപാടിയും അതിന്റേതായ സ്പിരിറ്റിലൂടെ എടുക്കുക. അതിലെ തമാശ മാത്രം എടുക്കുക. ആരെയും തേജോവധം ചെയ്യാൻ വേണ്ടി സ്കിറ്റ് ചെയ്യാതിരിക്കുക. അപ്പോൾ ചിലപ്പോൾ മാപ്പ് പറയേണ്ടി വരും. ഇപ്പോൾ കുട്ടിപ്പട്ടാളം തന്നെ ഒരുപാട് പേർ സ്റ്റേജിൽ അവതരിപ്പിക്കാൻ ക്ഷണിക്കാറുണ്ട്. പക്ഷേ ഞാൻ ചെയ്യില്ല. ഞാൻ തമാശ രൂപേണ അവരോട് പറയാറുണ്ട്. സ്റ്റേജിൽ അടി കിട്ടിയാൽ ഞാൻ ഒറ്റയ്ക്കു തടുക്കണം. എന്നാൽ പ്രോഗ്രാമിലാണെങ്കിൽ ഒരു പാട് ക്രൂ ഉണ്ട് തടുക്കാനെന്ന്.

subi-suresh-2 സുബി സുരേഷ്

കഴിഞ്ഞ ദിവസം ഒരു ഉദ്‍ഘാടനച്ചടങ്ങിൽ കുട്ടിപ്പട്ടാളം സ്റ്റേജിൽ അവതരിപ്പിക്കാൻ നിർബന്ധിച്ചു. ആ സമയത്ത് ചില രക്ഷകർത്താക്കൾ വന്ന് രഹസ്യമായി പറഞ്ഞു, ഞാൻ രണ്ടെണ്ണമൊക്കെ അടിക്കാറുണ്ട്. സുബി ഇനി വല്ലതുമൊക്കെ ചോദിക്കുമോ എന്ന് പേടിയുണ്ടെന്ന്. . ഞാൻ അവരോടെല്ലാമായി പറ‍ഞ്ഞു ഇത് കുട്ടിപ്പട്ടാളമല്ല . കിഡ്സ് ഫെസ്റ്റ് ആണെന്നും ആരെയും ഇൗ പരിപാടിയിലൂടെ നാണം കെടുത്തില്ല എന്നും.

എന്തുകൊണ്ടാണ് സിനിമാ മോഹം ഇല്ലെന്ന് പറയുന്നത്?

ഒരു സിനിമയ്ക്ക് വേണ്ടി ഒരുപാട് ദിവസം ജോലിചെയ്യണം. ഒരു പ്രോഗ്രാമാണെങ്കിൽ നൂറ് കിലോമീറ്റർ സഞ്ചരിച്ചാലും നാല് മണിക്കൂർ കൊണ്ട് വീട്ടിൽ തിരിച്ചെത്താം. സ്റ്റേജിൽ പ്രോഗ്രാമിൽ പ്രതിഫലം പേശി വാങ്ങാം. സിനിമയിൽ വലിയ റോളും കിട്ടില്ല, പരിധിയിൽ കൂടുതൽ പ്രതിഫലവും കിട്ടില്ല. എങ്കിലും 15 ഒാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പല നല്ല സിനിമകളും ഡേറ്റ് ക്ലാഷ് കൊണ്ട് അഭിനയിക്കാൻ സാധിക്കാതെ വന്നിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി കുറഞ്ഞത് 10 ദിവസമെങ്കിലും നൽകേണ്ടി വരും. അപ്പോഴേക്കും കുറഞ്ഞത് മൂന്ന് പ്രോഗ്രാമുകൾ നഷ്ടമാകും. പിന്നെ സിനിമ ഭാവിയിലും ചെയ്യാം. പ്രോഗ്രാം ഇപ്പോൾ മാത്രമേ ചെയ്യാനാകൂ.

ആർമി ഒാഫീസറാകണമെന്നായിരുന്നു ചെറുപ്പത്തിലെ മോഹം എന്ന് കേട്ടിട്ടുണ്ട്?

ചെറുപ്പത്തിലേ എൻസി സിയിലൊക്കെ ഉണ്ടായിരുന്നു. നിരവധി ക്യാംപുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ഒാൾ കേരള കമാൻഡറൊക്കെ ആയിരുന്നു. അങ്ങനെ വലിയൊരു മോഹമായിരുന്നു ആർമി ഒാഫീസറാകണമെന്നത്.

subi-suresh-1 സുബി സുരേഷ്

ഇൗ ധൈര്യവും ആർമി ഒാഫീസറുടേതാണോ?

അങ്ങനെ പറയാൻ കഴിയില്ല. എന്നെ വളർത്തിയത് ഒരു പാട് ധൈര്യം തന്നാണ്. എന്റെ അമ്മയുടെ പകുതി ധൈര്യം മാത്രമേ എനിക്കുള്ളൂ. പിന്നെ ‍ഞാനിടപെടുന്ന മേഖലയിൽ കൂടുതലും ആണുങ്ങളാണ്. അപ്പോൾ കുറച്ച് ധൈര്യമൊക്കെ കാണിച്ചാലെ പിടിച്ചു നിൽക്കാനാവൂ. ചിലർ പറയും ജാഡയാണെന്നൊക്കെ. പക്ഷേ ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ്.

ഇൗ ബാച്ചിലർ ലൈഫ് അവസാനിപ്പിക്കുന്നതെന്നാണ്.?

വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്. പിടിച്ചു കെട്ടിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു. വിവാഹം കഴിക്കും. എന്നേയും കുടുംബത്തേയും സ്നേഹിക്കുന്ന ഒരാളായിരിക്കണം എന്ന ആഗ്രഹമേ ഉള്ളൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.