Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേസ്റ്റല്ല ഈ ഫാഷൻ ഷോ

Trash Fashion Show പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടും സിഗററ്റ് പായ്ക്കറ്റുകൾകൊണ്ടും നിർമിച്ച വസ്ത്രങ്ങൾ

ലോകത്തിൽ ഓരോ വർഷവും ഉൽപാദിപ്പിക്കപ്പെടുന്നതിൽ ഒൻപതു കോടി തുണിത്തരങ്ങളും വെറും വേസ്റ്റായിപ്പോവുകയാണ് പതിവ്. വിദേശങ്ങളിൽ നിലംനികത്തുന്നതിനായാണ് പ്രധാനമായും ഈ തുണിമാലിന്യം ഉപയോഗിക്കുന്നത്. പക്ഷേ ഇങ്ങനെ വലിച്ചെറിഞ്ഞു കളയുന്നതിൽ 90 ശതമാനം തുണിത്തരങ്ങളും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാമെന്നതാണു സത്യം. ലോക പരിസ്ഥിതി ദിനത്തിൽ ഫാഷനിലും അത്തരമൊരു റീസൈക്ലിങ് നടത്തി ശ്രദ്ധേയമാവുകയാണ് മാസിഡോണിയയിലെ ഒരു കൂട്ടം വിദ്യാർഥികൾ.

Trash Fashion Show സെൽഫോൺ ഭാഗങ്ങൾ കൊണ്ട് ബെൽറ്റ്

പ്ലാസ്റ്റിക് കപ്പ്, ബാഗ്, പഴയ പത്രക്കടലാസ്, കാർഡ്ബോർഡ് കഷണങ്ങൾ, പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് വയറുകൾ, അലൂമിനിയം കേനുകൾ, ബട്ടണുകൾ, കീറിയ സോക്സ്, പഴയ സെൽഫോൺ ഭാഗങ്ങൾ, യന്ത്രഭാഗങ്ങൾ എന്നു വേണ്ട വലിച്ചെറിഞ്ഞുകളയുന്ന സിഗററ്റു പായ്ക്കറ്റു കൊണ്ടു വരെ ഒന്നാന്തരം ഡ്രസുകളുണ്ടാക്കി ഒരു ഫാഷൻ ഷോ തന്നെ നടത്തിക്കളഞ്ഞു ഇവർ. ഒഎക്സ്ഒ എന്ന എൻജിഒ ആണ് രാജ്യത്തെ വിദ്യഭ്യാസ വകുപ്പിന്റെ കൂടെ പിന്തുണയോടെ ‘ട്രാഷ് ഫാഷൻ ഷോ–2015’ സംഘടിപ്പിച്ചത്. ഏതാനും വർഷങ്ങളായി ലോക പരിസ്ഥിതി ദിനത്തിൽ ഈ സംഘം ഇത്തരത്തിൽ ‘റീസൈക്ളിങ്’ വസ്ത്രങ്ങളും ആക്സസറികളും ഉപയോഗിച്ച് ഫാഷൻ ഷോ നടത്താറുണ്ട്. പ്രകൃതിയുടെ പ്രാധാന്യത്തെയും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ഹൈസ്കൂൾ കുട്ടികളെ ബോധവൽകരിക്കുകയാണു ലക്ഷ്യം.

Trash Fashion Show പ്ലാസ്റ്റിക് വയറുകൾകൊണ്ടും പഴയ ബട്ടണുകൾ കൊണ്ടും ഒരുക്കിയ ഉടുപ്പുകൾ

ഇത്തവണ മാസിഡോണിയയിലെ 48 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് തങ്ങളുടെ ഫാഷൻ വൈഭവം റാംപിലെത്തിച്ചത്. വലിച്ചെറിഞ്ഞു കളയുന്ന വസ്തുക്കളുപയോഗിച്ച് വസ്ത്രങ്ങളും മറ്റും ഡിസൈൻ ചെയ്യുകയാണ് ഷോയിൽ പങ്കെടുക്കാനുള്ള യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് തങ്ങളുടെ ഡിസൈൻ റാംപിലെത്തിക്കാനുള്ള സഹായം ഒഎക്സ്ഒയും സർക്കാരും നൽകും. സ്കൂളിലെ ഒരു അധ്യാപികയും അഞ്ചു വിദ്യാർഥികളുമടങ്ങുന്നതാണ് ഒരു ടീം. അതിലൊരാൾ തന്നെയായിരിക്കണം സംഘം ഡിസൈൻ ചെയ്യുന്ന വസ്ത്രമണിഞ്ഞെത്തേണ്ട മോഡലാകേണ്ടതും. പത്രക്കടലാസുപയോഗിച്ച് സ്യൂട്ട്, പഴയ ബലൂണുകളുപയോഗിച്ച് ബാഗ്, പ്ലാസ്റ്റിക് വയർ കൊണ്ട് ടോപ്, പ്ലാസ്റ്റിക് കുപ്പികൊണ്ട് ഗൗൺ, ആയിരക്കണക്കിന് ബട്ടണുകൾ കൊണ്ട് ഉടുപ്പ്, സിഗററ്റ് പായ്ക്കറ്റുകൾ കൊണ്ട് ഗൗൺ, സെൽഫോൺ ഭാഗങ്ങൾ കൊണ്ട് ബെൽറ്റ്...ഇങ്ങനെ മാലിന്യങ്ങളിൽ നിന്ന് മനം മയക്കുന്ന ഫാഷൻ കാഴ്ചകളാണ് ഇത്തവണ കുട്ടിക്കൂട്ടം റാംപിലെത്തിച്ചത്.

Trash Fashion Show മോട്ടോർബൈക്കിന്റെ ഭാഗങ്ങൾ കൊണ്ടുള്ള ആക്സസറികളും പഴയ കടലാസുകൾ കൊണ്ടുള്ള സ്യൂട്ടും.
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.