Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡൽ മെലിഞ്ഞു, പരസ്യം ഔട്ട്!

gucci

പരസ്യത്തിലെ മോഡലുകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോയെന്നു ഇനി ബ്രാൻഡുകൾക്കു ശ്രദ്ധിക്കേണ്ടി വരും! തീരേ കൊലുന്നനെയുള്ള മോഡലിനെ അഭിനയിപ്പിച്ചതിന്റെ പേരിൽ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ പരസ്യം ബ്രിട്ടനിൽ നിരോധിച്ചിരിക്കുകയാണ്. പരസ്യ സുന്ദരിയുടെ കൈകളും ശരീരവും വളരെ മെലിഞ്ഞിരിക്കുന്നുവെന്നു ബ്രിട്ടനിലെ അഡ്വർട്ടൈസിങ് സ്റ്റാൻഡർഡ്സ് അതോറിറ്റി കണ്ടു പിടിച്ചു കളഞ്ഞു. ആരോഗ്യമില്ലാത്ത മോഡലിനെ പരസ്യത്തിൽ അഭിനയിപ്പിച്ച് സ്ത്രീകളെ വഴി തെറ്റിക്കുന്നുവെന്നതാണ് ഗൂച്ചിയുടെ മേലുള്ള കുറ്റം.

ഫാഷൻ ഷോകളും മാസികകളുടെ കവറുകളുമെല്ലാം അടക്കി വാണിരുന്ന അൾട്രാ തിൻ മോഡലുകൾക്കു പൊതുവേ ഇപ്പോൾ നല്ല കാലമല്ല. തീരേ മെലിഞ്ഞ മോഡലുകൾ ഫാഷൻ ഷോകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നതിനു ആദ്യം വിലക്ക് ഏർപ്പെടുത്തിയത് സ്പെയിനാണ് . മോഡലിങ് ഏജൻസുകളുടെ മാനദണ്ഡങ്ങൾ പാലിക്കാൻ മോഡലുകളും മോഡലുകളെ കണ്ട് ഹരം കയറി സ്ത്രീ ജനങ്ങളും ഭക്ഷണമുപേക്ഷിക്കാൻ തുടങ്ങിയതാണ് കാരണം.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു പുറമേ പോഷകാഹാരക്കുറവു മൂലം മരണങ്ങളുമുണ്ടായി. ആരോഗ്യവതിയാണെന്ന സർട്ടിഫിക്കറ്റുള്ള മോഡലുകൾക്കേ ജോലി കൊടുക്കാവൂ എന്ന് ഫ്രാൻസും നിയമം പാസാക്കി. ആരോഗ്യകരമല്ലാത്ത അഴകളവുകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ വിവിധ രാജ്യങ്ങളിൽ ക്യാംപെയിനുകൾ നടക്കുന്നു. തീരേ മെലിഞ്ഞ മോഡലിനെ കവർ‌ പേജിൽ അവതരിപ്പിച്ചതിന് ഒരു ഡാനിഷ് ഫാഷൻ മാസിക മാപ്പു പറയേണ്ടിയും വന്നു.

മോഡലിനെ കണ്ടു അങ്ങനെ ആകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാണുന്നവർക്കില്ലേ എന്നാണു ഗുച്ചിയുടെ ചോദ്യം. പക്ഷേ അഡ്വർട്ടൈസിങ് സ്റ്റാൻഡർഡ്സ് അതോറിറ്റി കേട്ട മട്ടില്ല.

Your Rating: