Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവതാരകയിൽ നിന്ന് രാഷ്ട്രീയചൂടിലേക്ക് വീണ

Veena Nair വീണ നായർ

വെള്ളിവെളിച്ചത്തിന്റെ മായാലോകത്തു നിന്നും യാഥാർഥ്യത്തിന്റെ രാഷ്ട്രീയ ചൂടിലേക്ക് ഇറങ്ങിയിരിക്കുകയാണ് അഡ്വ: വീണാ.എസ്. നായർ. തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൗൺസിലർ സ്ഥാനാർഥിയായിട്ടാണ് അവതാരകയും അഭിഭാഷകയുമായ വീണയുടെ അരങ്ങേറ്റം. ജീവിതത്തിലെ ഈ പുതിയറോളിനെക്കുറിച്ച് വീണ മനസു തുറക്കുന്നു.

Veena Nair വീണ നായർ

രാഷ്ട്രീയം എന്ന പുതിയ വേദി എങ്ങനെയുണ്ട്?

ശാസാതമംഗലം പുറമേനിന്ന് നോക്കുമ്പോൾ അത്യാവശ്യം പുരോഗമനമുള്ള സ്ഥലമാണ്. എന്നാൽ പൊതുപ്രവർത്തക എന്ന നിലയിൽ ഇറങ്ങിചെന്നപ്പോഴാണ് ശാസ്തമംഗലം ഇനിയും പുരോഗമിക്കാൻ സാധ്യതകളുള്ള സ്ഥലമാണെന്ന് മനസ്സിലായത്. അവിടുത്തെ റോഡുകൾ, മാർക്കറ്റ് അതൊക്കെ ഇനിയും വികസിക്കണം. അത്തരം വികസനകാര്യങ്ങൾ എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസം പൊതുപ്രവർത്തനത്തിലൂടെ കൈവന്നു. പിന്നെ സാധാരണജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിയാൻ സാധിച്ചത് പുതിയ അനുഭവവും പാഠവുമായിരുന്നു. ഒരു മഴ വന്നാൽ വീട് നഷ്ടപ്പെടുന്ന ആളുകളുണ്ട് ശാസ്തമംഗലത്ത്, അവരുടെ നല്ല വീട് എന്ന അവകാശം സാധിച്ചുകൊടുക്കണമെന്ന അഗ്രഹവും ഉണ്ട്. രാഷ്ട്രീയം സാമൂഹികപ്രവർത്തനത്തിലുള്ള വേദിയായി കാണാനാണ് എനിക്ക് താൽപ്പര്യം.

രാഷ്ട്രീയത്തിലേക്ക് എത്തുന്നത് എങ്ങനെയായിരുന്നു?

രാഷ്ട്രീയവുമായി ബന്ധമുള്ള കുടുംബമാണ് എന്റേത്. ഭർത്താവിന്റെ അച്ഛന് കെപിസിസി ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണനാണ്. പിന്നെ എന്റെ അമ്മയും അച്ഛനുമൊക്കെ കെ.പി.സി.സിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്. നിയമവിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഞാനും സജീവമായി പൊതുപ്രവർത്തനത്തിൽ പങ്കാളിയാണ്. അസോസിയേഷന്‍ ഫോര്‍ ലീഗല്‍ എംപവര്‍മെന്റ് ആന്‍ഡ് റൂറല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, എന്ന സംഘടനയിലെ പ്രവര്‍ത്തക കൂടിയാണ് അതോടൊപ്പം പൊലീസിന്റെ നിർഭയപ്രവർത്തനത്തിലും സജീവമായി പ്രവർത്തിക്കാറുണ്ട്. അതുകൊണ്ട് രാഷ്ട്രീയം എനിക്ക് അപരിചിതമായ മേഖല അല്ല.

Veena Nair വീണ നായര്‍ ശശി തരൂരിനൊപ്പം പ്രചരണത്തിനിടയിൽ

പൊതുപ്രവർത്തകയായി മാറിയ വീണയോട് ജനങ്ങളുടെ സമീപനം എങ്ങനെയാണ്?

മിനിസ്ക്രീനിലൂടെയാണെങ്കിലും ഒരുപാട് പ്രേക്ഷകർ എന്നെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഓരോ വീടുകളിൽ ചെല്ലുമ്പോഴും അവർക്ക് എന്നോട് ഒരു അപരിചിതത്വം ഇല്ല. വീട്ടിലെ ഒരു അംഗത്തെപോലെയാണ് കാണുന്നത്. വളരെ സ്നേഹത്തോടെയാണ് എല്ലാവരും പെരുമാറുന്നത്. ഒരു ചേച്ചി സ്നേഹപൂർവ്വം ഒരുപാട് സ്വീറ്റ്സൊക്കെ തന്നിട്ടാണ് വിട്ടത്. അവർക്ക് അപരിചിതത്വം തോന്നാത്തത് വർഷങ്ങളായി അവതാരകയായൊക്കെ എന്നെ കാണുന്നത് കൊണ്ടാണ്.

യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെ എങ്ങനെ കാണുന്നു?

യുവജനങ്ങൾ മടികൂടാതെ കടന്നുവരേണ്ട രംഗം തന്നെയാണ് രാഷ്ട്രീയം. അവർക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. പുതിയ ആശയങ്ങൾ നാടിന്റെ നന്മയ്ക്ക് അനിവാര്യമാണ്. മാതൃകയാക്കാൻ പറ്റുന്ന ഒരുപാട് മുതിർന്ന നേതാക്കളും നമുടെ ഇടയിൽ ഉണ്ട്. അവരുടെ ആദർശങ്ങളും പുതിയ ആശയങ്ങളും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പുതുതലമുറയ്ക്ക് സാധിക്ക‌‌ണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.