Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''മിമിക്രിക്കാർ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതല്ല, സത്യത്തിൽ സംഭവിച്ചത് ഇതാണ്''

Santhosh Pandit

സന്തോഷ് പണ്ഡിറ്റ് ഫാൻസാണെന്നു പറയുന്നവർ ഞങ്ങളെ വെറുതേ വിടുന്ന മട്ടില്ല... ഫോൺ എടുത്താൽ അസഭ്യ വർഷമാണ്. ഒരു ടെലിവിഷൻ ടോക് ഷോ കൊണ്ട് ഇത്രയും പൊല്ലാപ്പുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.– പറയുന്നത് കോട്ടയം അലക്സ്. ഒരു സ്വകാര്യ ചാനൽ അടുത്തിടെ സംപ്രേഷണം ചെയ്ത ടോക് ഷോയിൽ പങ്കെടുത്ത് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയെന്നതാണ് ഇവർ ചെയ്തു കുറ്റം. ഫോണിലൂടെ മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെയും ട്രോൾ വർഷമാണ് ഈ കലാകാരൻമാർക്ക്.

‘‘സന്തോഷ് പണ്ഡിറ്റ് പറയുന്നത് അയാൾ സിനിമയെടുത്തിട്ടാണ്..., നീയൊക്കെ മറ്റുള്ളവനെ അനുകരിച്ച് ആളാകാൻ നടക്കുകയല്ലേ’’.– എന്ന മട്ടിലാണ് ട്രോളുകൾ. മലയാളത്തിലെ മിമിക്രി കലാകാരന്മാരും സന്തോഷ് പണ്ഡിറ്റും പങ്കെടുത്തിരുന്ന ടോക് ഷോയിൽ മിമിക്രി കലാകാരന്മാർ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അപമാനിച്ചുവെന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ ടോക് ഷോയിൽ പങ്കെടുത്ത കോട്ടയം അലക്സ് വനിത ഓൺലൈനോട് പറഞ്ഞത് ഇങ്ങനെയാണ്.

‘ഓണത്തോടനുബന്ധിച്ച് ഒരു ടോക് ഷോയിൽ പങ്കെടുക്കാനായാണ് ഞങ്ങളെ ക്ഷണിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക മിമിക്രി കലാകാരന്മാരും പങ്കെടുത്ത ആ പരിപാടിയിൽ സന്തോഷ് പണ്ഡിറ്റും വന്നിരുന്നു. മിമിക്രി താരങ്ങൾ അണിനിരക്കുന്നത് കൊണ്ട് ഒരു സമ്പൂർണ കോമഡി പരിപാടിയാണ് ചാനൽ ഉദ്ദേശിച്ചിരുന്നത്. ഞങ്ങൾക്ക് ചാനലിൽ നിന്നു കിട്ടിയ നിർദേശങ്ങളും അത്തരത്തിലുള്ളതായിരുന്നു.

മിമിക്രി താരങ്ങൾ പറയുന്നതിന് സന്തോഷ് പണ്ഡിറ്റ് കൗണ്ടർ പറയും, തരിച്ചും. ആളുകൾ ചിരിക്കാൻ ഇടയുള്ള സംഭാഷണങ്ങൾ മാത്രം ഉപയോഗിക്കണം എന്നും നിർദേശിച്ചിരുന്നു. ഞങ്ങൾ പരിപാടിയിൽ ഉടനീളം അത്തരം സംഭാഷണങ്ങൾ ഉപയോഗിച്ച് കോമഡി അവതരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ പരിപാടി അവസാനിക്കും വരെ സന്തോഷ് പണ്ഡിറ്റ് ഞങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിൽ സംഭാഷണങ്ങൾ ഉപയോഗിക്കുകയായിരുന്നു. 25 വർഷത്തോളമായി സിനിമാ മിമിക്രി മേഖലയിൽ പ്രവർത്തിക്കുന്ന ഏലൂർ ജോർജിനടക്കം മാന്യമല്ലാത്ത പെരുമാറ്റങ്ങളും നേരിടേണ്ടി വന്നു. പരിപാടി സംപ്രേഷണം കഴിഞ്ഞ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയിൽ ചാനൽ ഉൾക്കൊളളിച്ചതെന്നും മിമിക്രി താരങ്ങൾ വ്യക്തിഹത്യ ചെയ്തെന്നും പല മാധ്യമങ്ങളോട് അദ്ദേഹം പറയുകയും ചെയ്തു.

എന്നാൽ അതിനുശേഷം ഇതേ ചാനൽ തന്നെ ഞങ്ങളോടൊപ്പമുള്ള മിമിക്രി കലാകാരന്മാരെയും സന്തോഷ് പണ്ഡിറ്റിനെയും ഒരുപോലെ പങ്കെടുപ്പിച്ചുകൊണ്ട് മറ്റൊരു പരിപാടി ചെയ്തിരുന്നു. അതിൽ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തതാണ്. പിന്നീട് ഈ അടുത്ത ദിവസങ്ങളിലാണ് ട്രോളുകളുടെ രൂപത്തിൽ ഞങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങൾ വന്നു തുടങ്ങിയത്.

സന്തോഷ് പണ്ഡിറ്റ് പറയുന്നത് മാത്രമാണ് സത്യമെന്ന് തെറ്റിദ്ധരിച്ച് പ്രേക്ഷകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന് ഞങ്ങൾക്കെതിരെ അസഭ്യ മെസേജുകൾ അയക്കുകയാണ്. വാട്ട്സ് ആപ്പിലും മെസഞ്ചറിലും കറങ്ങി നടക്കുന്ന ട്രോളുകൾ വ്യക്തിപരമായും വളരെ വേദനപ്പെടുത്തുന്നു. ഇപ്പോൾ ഫോൺ ഓൺ ചെയ്ത് വയ്ക്കാൻ പോലും വയ്യാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തിനിൽക്കുന്നു.’’ – 20 വർഷമായി മിമിക്രി രംഗത്തുള്ള കോട്ടയം അലക്സിന്റെ വാക്കുകളിൽ വേദന.