Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ 10 ടിപ്സ്

Healthy Hair

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മുടികൊഴിച്ചിലിന്റെ കദനകഥകളേയൂള്ളൂ. കൊഴിഞ്ഞു പോകുന്ന മുടിനാരിഴകളുടെ കണക്കെടുക്കേണ്ട. കൂട്ടുന്തോറും മന:പ്രയാസം കൂടും, അതനുസരിച്ച് മുടി കൊഴിച്ചിലും കൂടും. (ഈ ടെൻഷന്റെ ഒരു പ്രശ്നമാണിത്. അതുണ്ടാകാനൊരു കാരണം, അതു കാരണം വേറെ പല പ്രശ്നങ്ങൾ!!). ടെൻഷൻ വേണ്ട, സധൈര്യം ഈ പ്രശ്നത്തെ നേരിടാം. പോഷകാഹാരക്കുറവ്, വിറ്റമിൻ എ അപര്യാപ്തത, പ്രോട്ടീൻ അപര്യാപ്തത, കാലാവസ്ഥ, താരൻ, കേശപരിപാലനത്തിലെ വീഴ്ചകൾ, ചില മരുന്നുകളുടെ പാർശ്വഫലം— ഇതെല്ലാമാണ് അനിയന്ത്രിത മുടി കൊഴിച്ചിലിലേക്കു ചെന്നെത്തിക്കുന്നത്. ഇതാ 10 പോംവഴികൾ :

1.വീറ്റ് ഗ്രാസ് ജ്യൂസ്— മുടിയെ ആരോഗ്യവതിയാക്കാൻ മികച്ചതെന്നു ഡയറ്റീഷ്യൻമാർ പറയുന്നു. എങ്ങനെ തയാറാക്കാമെന്നു നോക്കാം. കടയിൽ നിന്നു മുഴു ഗോതമ്പ് വാങ്ങി അടുക്കളത്തോട്ടത്തിൽ വിതയ്ക്കുക. എല്ലാം കിളിർത്തു നല്ല പച്ചപ്പാകുമ്പോൾ നുള്ളിയെടുത്ത് മിക്സിയിൽ അടിക്കുക. അരിച്ചെടുത്ത ശേഷം അൽപം നാരങ്ങാനീരും ഉപ്പും ചേർത്തു കുടിക്കാം.

2.വിറ്റമിൻ എ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. ഇലക്കറികൾ, മുരിങ്ങയിലത്തോരൻ എന്നിവയും നല്ലതാണ്.

3.പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും മുടിക്ക് ആവശ്യമാണ്. മുട്ടയുടെ വെള്ള, പയർ വർഗങ്ങൾ, പട്ടാണി, മൽസ്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. പാലും പാൽ ഉൽപന്നങ്ങളും ഒഴിവാക്കാതിരിക്കുക.

4.ധാരാളം വെള്ളം കുടിക്കുക. തണുപ്പല്ലേ എന്നു പറഞ്ഞ് വെള്ളം ഒഴിവാക്കരുത്. വെള്ളം കുറയുന്തോറും മുടിയുടെയും ത്വക്കിന്റെയും വരൾച്ചയും കൂടും.

5.മുടി വൃത്തിയായി സൂക്ഷിക്കുക. താരനെ അകറ്റി നിർത്തുക. താരന്റെ ശല്യം ഗുരുതരമാണെങ്കിൽ ചികിൽസ ആവശ്യമാണ്.

6.മൈലാഞ്ചിയില അരച്ചുണക്കി വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചാൽ തലമുടി നന്നായി വളരും. മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും.

7.കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേക്കുന്നതും ഇതേ ഫലം ചെയ്യും.

8.വീര്യമേറിയ ഷാംപൂ ഉപയോഗിക്കരുത്, പ്രത്യേകിച്ച് മഞ്ഞുകാലത്ത്. ഇതിനു പകരം പ്രോട്ടീൻ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക. മുട്ടയുടെ വെള്ള തലയിൽ തേയ്ക്കുന്നതും വളരെ നല്ലതാണ്.

9.ഷാംപൂവിനോടൊപ്പം കണ്ടീഷനറും ഉപയോഗിക്കണം. തേയിലവെള്ളം പ്രകൃതിദത്തമായ നല്ലൊരു കണ്ടിഷനറാണ്. തലേന്നു തിളപ്പിച്ച ചായയുടെ തേയിലക്കൊത്തുകൾ മുഴുവനിട്ട് വെള്ളം തിളപ്പിച്ചശേഷം അടച്ചുവച്ചിരുന്നാൽ പിറ്റേന്ന് അരിച്ചെടുത്ത് ഉപയോഗിക്കാം. പത്തു പൈസ മുടക്കാതെ നല്ലൊരു കണ്ടിഷനറായി.

10.വീട്ടിൽത്തന്നെ ഉണ്ടാക്കാൻ ഒരു പ്രകൃതിദത്ത ഷാംപൂ കൂടിയായാലോ? ഒരു കപ്പ് ചെറുപയർ പൊടിയിൽ ഒരു കപ്പ് ചീവയ്ക്കാ പൊടിയും കാൽ കപ്പ് ഉണക്കിപ്പൊടിച്ച വേപ്പിലയും ചേർത്ത് വയ്ക്കുക. ഇത് ആവശ്യാനുസരണം വെള്ളത്തിൽ കലക്കി തലയിൽ തേക്കാം. പയർ, ചീവയ്ക്കാ പൊടികളുടെ ഗന്ധം ഇഷ്ടമില്ലാത്തവർ ഇതോടൊപ്പം കാൽ കപ്പ് ചന്ദന പൗഡർ (കടകളിൽ വാങ്ങാൻ കിട്ടും) ചേർത്താൽ മതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.