Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഏഴ് കാര്യങ്ങൾ ഉപേക്ഷിക്കൂ, മുടികൊഴിച്ചിൽ പമ്പ കടക്കും, ഉറപ്പ്!

Hair Loss Representative Image

നീണ്ടിടതൂർന്ന മുടി സ്വപ്നം കാണാത്തവർ വളരെ വിരളമായിരിക്കും. ബോബ് ഹെയർസ്റ്റൈലും തോളൊപ്പം മുടി വെട്ടുന്നതുമൊക്കെ ട്രെൻഡ് ആയാലും നല്ല കട്ടിയുള്ള മുടി നീണ്ടു കിടക്കുന്നതു കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. മുടി സംരക്ഷണത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി മുടികൊഴിച്ചിൽ തന്നെയാണ്. എന്തൊക്കെ മരുന്നുകൾ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ തുടരുകയാണെങ്കിൽ അതിനു കാരണം നിങ്ങളുടെ ഈ ഏഴു ശീലങ്ങളാണ്. ഇവ ഉപേക്ഷിച്ചു നോക്കൂ, മുടികൊഴിച്ചിൽ പമ്പ കടക്കുന്നതു കാണാം. 

മുടി നനയ്ക്കാതെ ഇരിക്കുന്നത്

മുടി അടിക്കടി നനയ്ക്കരുതെന്ന ശീലം കൊണ്ടു നടക്കുന്നവരാണ് ഏറെപേരും. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ മുടി എണ്ണമയമുള്ളതാണെന്നു തോന്നിത്തുടങ്ങിയാൽ അപ്പോൾ നനയ്ക്കാൻ മടിവിചാരിക്കരുത്. അധികം എണ്ണമയമില്ലാത്ത ശിരോചർമത്തിലേ മുടിവളർച്ചയുണ്ടാകൂ. 

അമിതമായി എണ്ണ തേക്കുന്നത്

ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് ശിരോചർമത്തിനു വളരെ നല്ലതാണ്. എന്നു കരുതി ഇരുപത്തിനാലു മണിക്കൂറും എണ്ണ നന്നായി തേച്ച് ശിരോചർമത്തെ ബന്ധനത്തിലാക്കരുത്. മുടിയുടെ വേരുകൾക്കാവശ്യമായ എണ്ണ നമ്മുടെ ശരീരം സ്വാഭാവികമായി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടു മുടിയുടെ വേരുകളിൽ നന്നായി തേച്ചുപിടിപ്പിക്കുന്നതിനേക്കാൾ അഗ്രഭാഗത്ത് എണ്ണ വയ്ക്കുന്നതാകും നല്ലത്. 

കെമിക്കലുകളുടെ അമിത ഉപയോഗം

മുടി സ്റ്റൈലിഷ് ആക്കാനായി നിങ്ങൾ ഉപയോഗിക്കുന്ന കെമിക്കലുകളും സ്പ്രേകളുമൊക്കെ മുടിവളർച്ചയെ തടസ്സപ്പെ‌ടുത്തുന്നവയാണ്. എത്രത്തോളം കെമിക്കലുകൾ തലയിൽ ഉപയോഗിക്കുന്നുവോ അത്രത്തോളം മുടികൊഴിച്ചിലും വർധിക്കും. അതുകൊണ്ട് കഴിയുന്ന അത്രയും ഇവ അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഷാംപൂവും കണ്ടീഷണറും പോലും എത്രത്തോളം പ്രകൃതിദത്തം ആകുന്നുവോ അത്രത്തോളം നല്ലതായിരിക്കും. 

മയമില്ലാതെ മുടി ചീകുന്നത്

നിങ്ങളുടെ മുടി ഏറ്റവും മയത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ബലത്തോടെ മുടി ചീകുന്നത് വേരുകളെ ക്ഷയിപ്പിക്കുകയാണ് ചെയ്യുക. അതിനാൽ നിങ്ങൾ വേഗത്തിൽ ഒരുങ്ങുന്ന സമയമാണെങ്കിൽ പോലും മു‌‌ടിയെ കരുതലോടെ ചീകുവാൻ ശ്രദ്ധിക്കു. 

ദീർഘനേരം മുടി കെട്ടിവെക്കുന്നത്

കിടിലൻ ലുക്കിനായി മുടി പൊക്കി കെട്ടിവെക്കുന്നവരുടെ ശ്രദ്ധയ്ക്ക്. മുടി സദാസമയവും കെട്ടി വെക്കുന്നത് അത്ര നല്ല ശീലമല്ല. രോമകൂപങ്ങളെ അതു കേടാക്കുകയാണു ചെയ്യുക. മുടിയുടെ വേരുകൾക്കു ശ്വസിക്കാനായി ദീര്‍ഘനേരം മുടികെട്ടിവെക്കുന്നത് ഒഴിവാക്കുക. 

നനഞ്ഞ മുടി  കെട്ടി വയ്ക്കുന്നത്

മുടി നനഞ്ഞിരിക്കുന്ന സമയത്ത് ചീകിവച്ച് ഓഫീസിലേക്കും മറ്റും പായുന്നവരാണ് ഏറെയും. എന്നാൽ നനഞ്ഞിരിക്കുന്ന സമയത്ത് മുടിയുടെ വേരുകൾ ബലം കുറഞ്ഞായിരിക്കും ഇരിക്കുക, ഈ സമയത്ത് ചീകുമ്പോൾ കൂടുതൽ മുടി പൊഴിയാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുടി ഉണങ്ങിയതിനു ശേഷം മാത്രം ചീകാൻ ശ്രദ്ധിക്കുക. 

ഹെയർ ഡ്രൈയറിന്റെ അമിത ഉപയോഗം

പാറിപ്പറക്കുന്ന സുന്ദരമായ മുടിക്കായി, നനവു തോരാൻ കാത്തുനിൽക്കാതെ ഹെയർ ഡ്രൈയർ ഉപയോഗിച്ച് ഉണക്കുന്നവരുണ്ട്. പക്ഷേ ഇത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുന്നതാണു നല്ലത്, മറിച്ച് ശീലമാക്കിയാൽ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam