Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരണ്ട ചര്‍മ്മമാണോ ? കിടിലൻ ഒറ്റമൂലി!

 Dry Skin Representative Image

തണുപ്പിന്‍റെ പുതപ്പു പുതച്ച് തുടങ്ങി നാട്. ഈകാലത്ത് ഏറ്റവും അധികം പേടിക്കേണ്ടത് വരണ്ട ചര്‍മ്മത്തെയാണ്. വരണ്ട ചര്‍മ്മം സൗന്ദര്യ സംരക്ഷണത്തില്‍ എന്നും ഒരു വില്ലന്‍ തന്നെയാണ്. എന്തൊക്കെ ചെയ്തിട്ടും ചര്‍മ്മത്തിന് ആഘാതമേല്‍പ്പിച്ച് അതങ്ങനെ നില്‍ക്കും. എന്നാല്‍ ആയുര്‍വേദത്തില്‍ ഇതിനു ശാശ്വത പരിഹാരമുണ്ട്. ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കാന്‍ എന്നും ആയുര്‍വ്വേദം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ചില ആയുര്‍വേദ ഒറ്റമൂലികളെ പരിചയപ്പെടാം. 

തേനും പഴവും

പഴവും തേനും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എന്നും മുന്നിലാണ്. എന്നാല്‍ അതിലുപരി സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഒരു സ്പൂണ്‍ തേനില്‍ രണ്ടുസ്പൂണ്‍ പഴം ഉടച്ചതും ചേര്‍ത്തു മുഖത്തു നല്ലതു പോലെ തേച്ചു പിടിപ്പിക്കാം. ഇതു മുഖചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നതിലുപരി മുഖത്തിനു തിളക്കം നല്‍കാനും സഹായിക്കുന്നു. മാത്രമല്ല വരണ്ട ചര്‍മ്മത്തിനു പരിഹാരം നല്‍കുകയും ചെയ്യുന്നു.

പപ്പായ

പപ്പായ മുഖ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. പപ്പായയില്‍ ഉള്ള വിറ്റാമിന്‍ എ ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇതു ചര്‍മ്മത്തിലെ അധിക വരള്‍ച്ചയെ ഇല്ലാതാക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ ചര്‍മ്മത്തിലും മുഖത്തും തേച്ചു പിടിപ്പിക്കാന്‍ ശ്രദ്ധിക്കുക.

വെള്ളരിക്ക

സൗന്ദര്യസംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. വെള്ളരിക്ക കൊണ്ടു സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള മാജികും കാണിക്കാന്‍ കഴിയും. ഇതു ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മം ക്ലീന്‍ ആയിരിക്കാനും ചര്‍മ്മത്തിന്‍റെ സ്വഭാവം തന്നെ മാറുന്നതിനും സഹായിക്കുന്നു. വെള്ളരിക്ക ചെറുതായി അരിഞ്ഞ് ഒരു കഷണം തക്കാളിയില്‍ നല്ലതു പോലെ ഉരച്ച്‌ ഇതു മുഖത്തു തേച്ചു പിടിപ്പിച്ചാല്‍ മതി. ഇത് മുഖത്തിന് ആകര്‍ഷകത്വം നല്‍കുന്നു.

ചന്ദനം

ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റാന്‍ ചന്ദനവും മികച്ച ഒന്നാണ്. ചന്ദനത്തിന്‍റെ പൊടി പേസ്റ്റ് രൂപത്തിലാക്കി ഇതു മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചാല്‍ മതി. ഇത് മൃതകോശങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. അതിലുപരി ചര്‍മ്മകോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കവും ഫ്രഷ്നസും തോന്നാനും സഹായിക്കുന്നു.

കറ്റാര്‍ വാഴ

സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് കറ്റാര്‍ വാഴ എന്നു പറയാം. കാരണം അത്രയേറെ സൗന്ദര്യസംരക്ഷണ ഗുണങ്ങളാണ് കറ്റാര്‍ വാഴക്കുള്ളത്. മുടിയേയും ചര്‍മ്മത്തേയും സംബന്ധിക്കുന്ന ഏതു പ്രശ്നത്തിനും പരിഹാരം നൽകുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇതു വരണ്ട ചര്‍മ്മത്തെ വെറും നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു. കറ്റാര്‍ വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിച്ച്‌ രാവിലെ കഴുകിക്കളഞ്ഞാല്‍ മതി. 

ബാര്‍ലി

ബാര്‍ലി ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും എന്നും മുന്നിലാണ്. കടുകെണ്ണയില്‍ അല്‍പം മഞ്ഞൾപ്പൊടിയും ബാര്‍ലിയും മിക്സ് ചെയ്ത് മുഖത്തും ശരീരത്തില്‍ വരള്‍ച്ച തോന്നുന്ന മറ്റിടങ്ങളിലും തേച്ചു പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ജമന്തി

സൂര്യകാന്തി എണ്ണ കൊണ്ടും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാം. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി നല്ലൊരു മോയ്സ്ചറൈസിങ് പവര്‍ നല്‍കുന്നു. ചര്‍മ്മത്തിന്റെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. സൂര്യകാന്തി മാത്രമല്ല ജമന്തി എണ്ണയും ചര്‍മ്മത്തിന് ആരോഗ്യം നൽകുന്ന ഒന്നാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam