Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ചുണ്ടുകൾ വരണ്ടുകീറില്ല, അഞ്ചു വഴികൾ

Dry Lips Representative Image

മഞ്ഞുകാലമായാല്‍ പിന്നെ ചുണ്ടുവരണ്ടുകീറല്‍ സര്‍വസാധാരണമായ കാര്യമായി മാറും. ലിപ്സ്റ്റിക്കും ലിപ് ലൈനറുമെല്ലാം ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ചുണ്ടുവരണ്ടുണങ്ങുന്നത് വലിയൊരു പ്രശ്നം തന്നെയാണ്. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ലിപ് ബാമുകളേക്കാള്‍ ഇതിനു നല്ലത് പ്രകൃതിദത്തമായ നമ്മുടെ വീടുകളില്‍ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ്. യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇത്തരം ഒറ്റമൂലികള്‍ക്ക് ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.

വെണ്ണ

പശുവിന്‍പാലില്‍ നിന്നും ഉണ്ടാക്കുന്ന ശുദ്ധമായ വെണ്ണ ഒരല്‍പ്പമെടുത്ത് ചുണ്ടുകളില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ഇടയ്ക്കിടയ്ക്കു ചെയ്യുന്നത് ചുണ്ടുകളുടെ മൃദുത്വം വര്‍ധിപ്പിക്കുകയും വരണ്ടുകീറുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു.

റോസാപ്പൂവിതളും പാല്‍പാടയും

നല്ല സുന്ദരമായ ചുണ്ടുകളെ സൂചിപ്പിക്കുന്നതു തന്നെ റോസാപ്പൂവ് പോലെ എന്നൊക്കെയാണല്ലോ. ഈ റോസാപ്പൂവിന്‍ ഇതളുകള്‍ വരണ്ടചുണ്ടുകളുടെ സംരക്ഷവലയം കൂടിയായി പ്രവര്‍ത്തിക്കും. കുറച്ചു റോസാപ്പൂവിതളുകൾ എടുത്ത് അല്‍പ്പം പാല്‍പ്പാടയില്‍ അരച്ച് ചുണ്ടില്‍ പുരട്ടുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇതൊന്നു ചെയ്തുനോക്കു. വിണ്ടുകീറല്‍ പമ്പ കടക്കുമെന്നതില്‍ സംശയമില്ല.

തേന്‍

ചുണ്ടുകളില്‍ തേന്‍ തേക്കുന്നതുമൂലം വിണ്ടുകീറല്‍ മാത്രമല്ല അണുബാധയടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൂടി ഇല്ലാതാകുന്നു. പ്രത്യേകിച്ചു സമയമൊന്നും വേണ്ട ഇതിന്. അല്‍പം തേനെടുത്ത് പുരട്ടിയാല്‍ തിളക്കമാര്‍ന്ന ചുണ്ടുകള്‍ക്ക് ഉടമകളാകും നിങ്ങള്‍. നാരങ്ങനീരും തേനും കൂടി മിക്സ് ചെയ്ത് പുരട്ടുന്നതും ഈ പ്രശ്നത്തിനു മികച്ച പരിഹാരമാണ്. 

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ മറ്റൊരു പ്രതിവിധിയാണ്. കുറച്ചു ജെല്ലെടുത്ത് ചുണ്ടില്‍ പുരട്ടി 5 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ച്ചയില്‍ 2-3 വട്ടം ഇങ്ങനെ ചെയ്താല്‍ ഫലം നിശ്ചയം. 

വെള്ളരിക്ക

വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചുണ്ടിനെ ബാധിക്കുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഉത്തമപ്രതിവിധിയാണ്. ചുണ്ട് വിണ്ടുകീറല്‍, തൊലി പൊളിയല്‍, ഫംഗസ് തുടങ്ങിയവെല്ലാം വെള്ളരിക്കാ നീരിനാല്‍ നീക്കം ചെയ്യാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam