Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിൽ ചർമത്തിനും മുടിക്കും വേണം കൂടുതൽ സംരക്ഷണം, 5 ടിപ്സ്

Summer Beauty Representative Image

സൗന്ദര്യ സംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തവർ ഏറെ കരുതലോടെ കാത്തിരിക്കുന്ന കാലം വന്നെത്തിയിരിക്കുകയായി. വേനൽക്കാലം ഇങ്ങെത്തുന്നതോടെ വെയിലിന്റെ കാഠിന്യവും ചൂടുമൊക്കെ താങ്ങാവുന്നതിലും അപ്പുറമാകും. മുടിക്കും മുഖത്തിനും ചർമത്തിനുമൊക്കെ ഏറെ സംരക്ഷണം കൊടുക്കേണ്ട കാലമാണിത്. വേനൽക്കാലത്തും സുന്ദരിയായിരിക്കാൻ ചില കാര്യങ്ങൾ ശീലമാക്കിയാൽ മതി, അവയേതൊക്കെയെന്നു നോക്കാം. 

ഇടയ്ക്കിടെ മുഖം കഴുകാം

ദിവസവും മൂന്നോ നാലോ തവണ മുഖം കഴുകുന്നതു നല്ലതാണ്, വേണമെങ്കിൽ മൈൽഡ് ആയ ക്ലെൻസറും ഉപയോഗിക്കാം. ക്രീം ബേസ്ഡ് ആയ ക്ലെന്‍സറുകൾ ഒഴിവാക്കുന്നതാവും നല്ലത്, കാരണം ഇവ മുഖചർമത്തെ കൂടുതൽ എണ്ണമയമുള്ളതാക്കുന്നു. ജെൽ അടങ്ങിയിട്ടുള്ള സ്ക്രബ് വാങ്ങിയതിനു ശേഷം ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ അകറ്റാനും കരിവാളിപ്പകലാനും സഹായിക്കം. 

എണ്ണതേച്ചുകുളി

ദിവസവും എണ്ണ തേക്കണോ എന്ന കാര്യത്തിൽ പലർക്കും അത്ര ധാരണയില്ല. ന്യൂജെൻ ആണെങ്കിൽ എണ്ണ തേപ്പിൽ പുറകിലാണ്. പക്ഷേ വേനൽക്കാലത്ത് നന്നായി എണ്ണ തേക്കുകയും ഒപ്പം അവ ഷാംപൂ ചെയ്തു നീക്കുകയും ആവാം.  ഷാംപൂ ചെയ്യുന്നതിന് ഒരുമണിക്കൂർ മുമ്പ് എണ്ണതേച്ച് നന്നായി പിടിച്ചതിനു ശേഷം ഷാംപൂ ചെയ്യാം. കണ്ടീഷണർ ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഇപ്രകാരം ചെയ്യുന്നത് ശിരോചർമത്തിലെ ചെളി നീക്കം ചെയ്യുന്നതിനൊപ്പം മുടിയെ ആരോഗ്യകരമായി സംരക്ഷിക്കുകയും ചെയ്യും.

സൺസ്ക്രീൻ ക്രീം നിർബന്ധം

വേനൽച്ചൂടിൽ പുറത്തിറങ്ങാൻ തന്നെ മടിയുള്ളവരാണ് ഏറെയും. പുറത്തിറങ്ങാതിരിക്കുന്നതിനു പകരം ചർമ സംരക്ഷണത്തിൽ അതീവശ്രദ്ധ നൽകിയാൽ ഒന്നും പേടിക്കാനില്ല. പുറത്തിറങ്ങുന്നതിന് മിനിറ്റുകൾക്കു മുമ്പ് സൺസ്ക്രീൻ ക്രീം പുരട്ടണമെന്നതു നിർബന്ധമാണ്. ഒപ്പം മുഖത്തെ അധികമായുണ്ടാകുന്ന എണ്ണമയം തുടച്ചെടുക്കാൻ ഫേഷ്യൽ ബ്ലോട്ടിങ് പേപ്പറുകൾ കരുതാം. വെറ്റ് വൈപ്സും ലിപ് ബാമും മറക്കരുത്. ചുണ്ടുകൾ വരളുന്നുവെന്നു തോന്നുമ്പോൾ ലിപ് ബാം പുരട്ടണം. 

വെള്ളം ധാരാളം

വിയർത്തും മറ്റും ശരീരത്തിലെ ജലാംശം ഏറെ നഷ്ടപ്പെടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ സാധാരണ കുടിക്കുന്നതിലും ഇരട്ടി വെള്ളം കുടിക്കുന്നതിനൊപ്പം ജ്യൂസുകളും ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ശരീരത്തിലെ ടോക്സിനെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം ജലാംശം നിലനിർത്തുകയും ചെയ്യും. എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾക്ക് തൽക്കാലം വിടപറയുന്നതാകും നല്ലത്, കാരണം ഇവ മുഖ ചർമത്തെ കൂടുതൽ എണ്ണമയമാക്കുന്നു. 

മുടിക്കു കണ്ണിനും സംരക്ഷണം

മുടിക്കും കണ്ണിനും ഏറെ സംരക്ഷണം വേണ്ട സമയമാണ് വേനൽക്കാലം. പുറത്തേക്കു പോവുമ്പോൾ സൺഗ്ലാസുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കടുത്ത വെയിലും ചൂടും ഏൽക്കാതിരിക്കാൻ മുടിയിൽ വേണമെങ്കിൽ സ്കാർഫ് കെട്ടുകയോ തൊപ്പി വെക്കുകയോ ചെയ്യാം. നീളമുള്ള മുടിക്കാർ തോളൊപ്പം വെട്ടുകയോ അതല്ലെങ്കിൽ പൊക്കി കെട്ടിവെക്കുകയോ ചെയ്യുന്നത് ചൂടിൽ നിന്നും സംരക്ഷണം നൽകും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam