Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂവീലർ പ്രേമികളേ, അറിയുമോ ഈ സൗന്ദര്യപ്രശ്നങ്ങൾ?

 Beauty Tips Representative Image

ടൂവീലറിൽ പായുന്നതൊക്കെ കൊള്ളാം, ഒപ്പം ചില സൗന്ദര്യ സംരക്ഷണങ്ങൾ കൂടി ശീലമാക്കിയാൽ പിന്നെ നോ വറീസ്. വെയിലും കാറ്റുമൊക്കെയേറ്റ് ചർമത്തിന്റെ രൂപവും സൗന്ദര്യവുമൊക്കെ മാറിമറിയാതിരിക്കാനുള്ള ടിപ്സാണ് താഴെ നൽകിയിരിക്കുന്നത്.

പ്രശ്നങ്ങൾ

∙വെയിൽ: ടൂവീലറിൽ പോകുമ്പോൾ അനുഭവപ്പെടുന്ന പ്രധാന പ്രശ്നം സൂര്യപ്രകാശം നേരിട്ട് ഏൽക്കേണ്ടിവരുന്നു എന്നതാണ്. സ്ഥിരമായി ദീർഘനേരം വെയിലേറ്റാൽ ചർമത്തിൽ ചുവന്ന തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാം. ഇത് വട്ടത്തിൽ ചെറിയ പാടുകളായി മാറും.    

∙ കാറ്റ് : ശക്തമായി കാറ്റ് മുഖത്തേൽക്കുമ്പോൾ ചർമം വരണ്ടുപോകും. മൊരിച്ചിൽ ഉണ്ടാകും. പ്രത്യേകിച്ചു മഞ്ഞുകാലങ്ങളിൽ. ചർമം പരുപരുത്തതാകും. ചുണ്ടു പൊട്ടാം. 

∙ ചർമത്തിൽ നിറം മാറ്റം, കരുവാളിപ്പ് എന്നിവയുണ്ടാകാം. 

∙ പൊടി അലർജി – അന്തരീക്ഷവായുവിലെ പൊടി ശ്വസിക്കുന്നത് തുമ്മൽ, ശ്വാസംമുട്ടൽ, കണ്ണിനു പുകച്ചിൽ തുടങ്ങിയവയ്ക്കു കാരണമാകും.

പ്രതിവിധികൾ

∙ സൺസ്ക്രീൻ ക്രീം ഉപയോഗിക്കുക. ഓയിൽ സ്കിൻ, ഡ്രൈ സ്കിൻ, നോർമൽ സ്കിൻ എന്നിങ്ങനെ വ്യത്യസ്തതരം ക്രീമുകൾ ഉണ്ട്.  ചർമത്തിന്റെ സ്വഭാവം അറിഞ്ഞ് ഏതു വേണമെന്നത് ഡോക്ടറെ കണ്ടു നിശ്ചയിക്കാം. 

∙ കൈത്തണ്ട മുഴുവൻ മൂടുന്ന പ്രൊട്ടക്ടീവ് ഗ്ലവ് ഉപയോഗിക്കുക. സോക്സ് ധരിക്കുന്നത് കാൽപാദങ്ങൾക്കു സംരക്ഷണമേകും. 

∙സൺസ്ക്രീൻ ക്രീം ഉപയോഗിക്കുന്നതിനു മുൻപ് വൈറ്റമിൻ സി ജെൽ പുരട്ടാം. വെയിൽ കൊണ്ടുള്ള സ്കിൻ ഡാമേജ് കുറയ്ക്കാൻ വൈറ്റമിൻ സി ജെൽ പ്രയോജനം ചെയ്യും. കരുവാളിപ്പു തടയും. 

∙പൊടിയേൽക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം. ഹെൽമറ്റിന്റെ ഗ്ലാസ് താഴ്ത്തിവയ്ക്കുക. ശരീരം മറയ്ക്കുന്നതരം വസ്ത്രങ്ങൾ ഉപയോഗിക്കുക. കടും നിറങ്ങൾ ഒഴിവാക്കാം. കണ്ണിനു പുകച്ചിൽ ഉണ്ടാകുന്നുണ്ടെങ്കിൽ നേത്രരോഗ വിദഗ്‌ധനെ സമീപിക്കുക. റൈഡ് ചെയ്യുമ്പോൾ കണ്ണട ധരിക്കുക.     

∙യാത്ര കഴിഞ്ഞു വന്നതും കുളിക്കുക. മോയ്ചറൈസിങ് ക്രീം പുരട്ടുക.

മുടി

ഹെൽമറ്റ് തിരഞ്ഞെടുക്കുമ്പോൾ ശരിയായ അളവിലുള്ളതായിരിക്കണം. നല്ല ഗുണമേന്മയുള്ളതും ഫുൾ കവറിങ് ഉള്ളതുമായ ഹെൽമറ്റ് ആണ് ഉചിതം. ഹെൽമറ്റ് ധരിക്കുമ്പോൾ മുടിക്കു പിന്നിലേക്കു വലിവ് ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. വലിവ് ഉണ്ടെങ്കിൽ മുടിയുടെ ബലം കുറയുകയും പെട്ടെന്നു പൊഴിഞ്ഞുപോകുന്നതിനു കാരണം ആകും.

ഹെൽമറ്റിന്റെ മുൻഭാഗം ഉരഞ്ഞു നെറ്റിയിൽ കറുത്ത പാടുണ്ടാകാം. അകവശം മൃദുവായ ഹെൽമറ്റ് തിരഞ്ഞെടുക്കുക. മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. 

താരൻ, ഫംഗസ്, അണുബാധ എന്നിവ ഉണ്ടെങ്കിൽ അതു പകരാൻ സാധ്യത കൂടുതലാണ്. ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് സ്കാർഫ് ചുറ്റുക. ഹെൽമറ്റ് തുടർച്ചയായി ഉപയോഗിക്കുമ്പോൾ തല വിയർക്കും. എണ്ണയും വിയർപ്പും കൂടിച്ചേർന്നു താരൻ ഉണ്ടാകും. ഇതിനൊരു പരിഹാരമാണ് സ്കാർഫ്. ഇത് വിയർപ്പു വലിച്ചെടുക്കും. കോട്ടൺ സ്കാർഫ് ആണ് ഏറ്റവും നല്ലത്. സ്കാർഫ് എന്നും കഴുകി ഉണക്കുക.     

ഫംഗസ് ഇൻഫക്‌ഷൻ

ഫംഗസ്, ബാക്ടീരിയ എന്നിവയുടെ അണുബാധയുണ്ടായാൽ രോമകൂപങ്ങളിൽ പഴുപ്പ്, വട്ടത്തിൽ മുടി പൊഴിച്ചിൽ എന്നിവ ഉണ്ടാകാം. ഹെൽമറ്റ് എപ്പോഴും തുടച്ചു വൃത്തിയായി വയ്ക്കുക. മഴ നനഞ്ഞിട്ടുണ്ടെങ്കിൽ വെയിലത്ത് ഉണക്കുക. 

‌ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുമ്പോൾ ഇടയ്ക്കു വണ്ടി നിർത്തി വിശ്രമിക്കുക. ഹെൽമറ്റ് ഊരി കാറ്റ് കൊള്ളുക. ഹെൽമറ്റിനകത്തെ വിയർപ്പു തുടയ്ക്കുക, വെള്ളം ധാരാളം കുടിക്കുക തുടങ്ങിയവയെല്ലാം മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിനു വളരെ നല്ലതാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam