Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊട്ടത്തലയിലും മുടി വളരും, ‘സവാള മരുന്ന്’ വീണ്ടും!!

Bald

മുടി കൊഴിച്ചിൽ തടയാൻ ഇനിയിപ്പോ എന്തുചെയ്യും? മുടി തിരിച്ചു വളരാൻ എന്തെങ്കിലും മാർഗമുണ്ടോ? – കഷണ്ടി ചോദ്യചിഹ്നമായ എല്ലാവരും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. ഈ ‘മുടിയില്ലാ കോംപ്ലകസ്’ നന്നായി മനസ്സിലാക്കിയ മരുന്നു കമ്പനികൾ അവസരം മുതലെടുത്ത് പല പേരിൽ പല മരുന്നുകൾ പരീക്ഷിക്കുന്നു. എന്നാൽ കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി ഓടിപ്പോവുന്നതു കണ്ട് മരുന്ന് പരീക്ഷണം പെട്ടെന്ന് നിർത്താറാണ് പതിവ്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ആ ‘നാടൻ മാജിക്കാ’ണ് സോഷ്യൽ മീഡിയ വീണ്ടും ചർച്ച ചെയ്യുന്നത്.

നമ്മുടെ അടുക്കളകളിൽ സുലഭമായ സവാളയാണ് (ആശ്ചര്യപ്പെടേണ്ട, നമ്മുടെ വലിയ ഉള്ളി തന്നെ!) മുടി വളർത്തുന്ന മജീഷ്യൻ. മുടി കൊഴിഞ്ഞ് നെറ്റി കയറിയ ചിലർ പരീക്ഷണാർഥം സവാളയുടെ നീര് തലയിൽ തേച്ചു പിടിപ്പിച്ചു. ആഴ്ചകൾ കഴി‍ഞ്ഞപ്പോഴേക്കും പുതിയ മുടിയിഴകൾ വളർന്നു തുടങ്ങി. നാല് മാസം തുടർച്ചയായി സവാള ചികിത്സ നടത്തിയപ്പോഴേക്കും ചീകി വയ്ക്കാൻ മാത്രമുള്ള മുടി വളർന്ന കഥയാണ് സോഷ്യൽ മീഡിയ ചർച്ചയിൽ അനുഭവസ്ഥർ പങ്കുവയ്ക്കുന്നത്.

സംഭവം ഫഹദ് ഫാസിൽ ഫാനാണ് എന്നൊക്കെ പറഞ്ഞ് പയറ്റാറുണ്ടെങ്കിലും തലയിൽ മുടിയുണ്ടാവുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. സിനിമാ താരങ്ങളെപ്പോലെ വച്ചുപിടിപ്പിക്കാൻ ത്രാണിയില്ലാത്തവർക്കും മരുന്നുപരീക്ഷണങ്ങൾ നടത്തി മടുത്തവർക്കുമെല്ലാം ഈ നാടൻ മാജിക് പരീക്ഷിച്ചു നോക്കാവുന്നതാണ്. മരുന്നിന്റെ കൂട്ടുകളെക്കുറിച്ചുള്ള ആധിയില്ല, തയാറാക്കാനുള്ള തത്രപ്പാടില്ല. സംഗതി നാടനാണ്. സിംപിളാണ് പവർഫുളാണ്.

‘സവാള മരുന്ന്’ ഉപയോഗിക്കുന്ന വിധം

വലിയ ചുവന്ന ഉള്ളി (സവാള) മിക്സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് അതിന്റെ നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപതു മിനിറ്റ് നേരത്തേക്കെങ്കിലും തലയിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിനു ശേഷം കഴുകിക്കളയാം. പരീക്ഷിച്ചു വിജയിച്ചവർ നിരവധിയാണ്. ധൈര്യമായി ചെയ്തോളൂ...