Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഇരുന്ന് സുന്ദരിയാകാം, ഇതാ വഴികൾ

face-pack

സൗന്ദര്യ സംരക്ഷണത്തിനു വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. കൂണുപോലെ മുളച്ചുപൊന്തുന്ന ഫിറ്റ്നസ് സെൻററുകളും ബ്യൂട്ടി സലൂണുകളും ഇതിന്റെ തെളിവാണ്. വിപണിയിൽ ലഭ്യമായ സൗന്ദര്യവര്‍ധക വസ്തുക്കൾ വൻവില നൽകി വാങ്ങാനും നമുക്ക് മടിയില്ല.  രാസവസ്തുക്കളടങ്ങിയ ഇത്തരം സൗന്ദര്യവർധിത വസ്തുക്കളുടെ ദോഷവശങ്ങളെക്കുറിച്ച് ചിന്തിക്കാറുമില്ല.

ഫെയ്സ്പാക്കുകളും ക്ലെൻസറിങ്ങുമാണ് മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കൾ. കുറച്ചു സമയം കണ്ടെത്തിയാൽ പ്രകൃതിദത്തമായ ഫെയ്സ്പാക്കും ക്ലെൻസറിങ്ങും നമുക്ക് വീട്ടിൽ തന്നെയുണ്ടാക്കാനാവും. വീട്ടിൽതന്നെയുള്ള ചില വസ്തുക്കൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. പാൽ, ഓട്സ്, യോഗർട്ട്, ബീറ്റ്റൂട്ട്, തേൻ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.

പാൽ നല്ലൊരു ക്ലെൻസറിങ്ങാണ്. അതിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മം കൂടുതൽ മൃദുലവും തിളക്കമുള്ളതുമാക്കുന്നു. പാലിൽ കുറച്ച് കടലമാവും മഞ്ഞളും ചേർത്ത് മുഖത്തു പുരട്ടിയാൽ കറുത്തപാടുകൾ മാറി മുഖം കൂടുതൽ തിളക്കമുള്ളതാകും. രക്തചന്ദനം പാലിൽ ചേർത്ത് പുരട്ടുന്നതും കറുത്തപാടുകൾ മാറാൻ സഹായകരമാണ്. വിറ്റമിൻ എ അടങ്ങിയിട്ടുള്ളതിനാൽ വരണ്ട ചർമ്മമുള്ളവർക്ക് അവരുടെ ആഹാരക്രമത്തിലും പാൽ ഉൾപ്പെടുത്താവുന്നതാണ്. തേനിന് ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയാനാകും. തേനിൽ അല്പം ചെറുനാരങ്ങാനീര് ചേർത്തു പുരട്ടിയാൽ വരണ്ട ചർമ്മം കൂടുതൽ മൃദുലമാകും. പ്രകൃതിദത്തമായ ക്ലെൻസറിങ്ങാണ് ഓട്സ്. ഓട്സിൽ കുറച്ച് വെള്ളം ചേർത്ത് പുരട്ടിയാൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറും.

വീട്ടിലുണ്ടാക്കാനാവുന്ന ബീറ്റ്റൂട്ട് ഫെയ്സ്പാക്കിന്റെ ഗുണങ്ങൾ നിരവധിയാണ്. യോഗർട്ടും ബീറ്റ്റൂട്ട് ജ്യൂസും ഗ്ലിസറിനും യോജിപ്പിച്ചാൽ നല്ലൊരു ഫെയ്സ്പാക്ക് ലഭിക്കും. മുഖത്തും കഴുത്തിനുചുറ്റും പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞു കഴുകിയാൽ ചർമം കൂടുതൽ തിളക്കമുള്ളതും മൃദുലവുമാകും. ബീറ്റ്റൂട്ട് ജ്യൂസിൽ തേനും പാലും ചേർത്ത് പുരട്ടുന്നത് വരണ്ട ചർമം മൃദുലമാക്കി തീർക്കും. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചർമ്മത്തിന് തിളക്കം നൽകുന്നു.

കുറച്ചുസമയം കണ്ടെത്തിയാൽ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ നിര്‍മിക്കാം. ദോഷഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ശീലമാക്കിയാൽ കീശ കീറാതെ തന്നെ സുന്ദരിയാകാം.