Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖത്തിന്റെ തിളക്കം വീണ്ടെടുക്കാം 30 മിനിറ്റിൽ; ഇതാ മൂന്ന് സൂപ്പർ ഫെയ്സ് പാക്കുകൾ

makeup

രാവിലെ കൂട്ടുകാര്‍ വിളിച്ചിട്ട് പറയുന്നു നമുക്ക് ഒന്നു കൂടാം. കുറേ നാളുകൾക്കുശേഷം എല്ലാവരേയും കാണാൻ കിട്ടയ അവസരമാണ്. പോകാതെ തരമില്ല. പക്ഷേ മുഖം വാടിയിരിക്കുന്നു. തിളക്കം നഷ്‌‌ടപ്പെട്ട് പ്രസരിപ്പില്ല. ഇങ്ങനെ പോകാൻ മടി. മുഖം മിന്നിക്കാൻ ബ്യൂട്ടിപാർലറിൽ പോകാൻ സമയമില്ല. ഇനി എന്തുചെയ്യും? 

പേടിക്കേണ്ട, മുഖത്തിന്റെ തിളക്കം വീണ്ടെടുത്ത് പ്രസരിപ്പ് തിരിച്ചുപിടിക്കാൻ അടുക്കളവരെ ഒന്നു പോയാൽ മതി. അവിടെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം സൂപ്പർ ഫെയ്സ്പാക്കുകൾ. ഫെയ്സ്പാക്ക് ഉണ്ടാക്കാനും മുഖത്തിടാനും കഴുകാനുമെല്ലാം കൂടി അരമണിക്കൂർ ധാരാളം. മുഖത്തിന്റെ വരൾച്ച മാറ്റി തിളക്കം നൽകാൻ സഹായിക്കുന്ന 3 അടുക്കള ഫെയ്സ്പാക്കുകൾ ഇതാ. 

ഓട്സ് ഫെയ്സ്പാക്ക്

രണ്ട് സ്പൂൺ ഓട്സ് ഒരു ചെറിയ പാത്രത്തിലെടുക്കുക. അതിലേക്ക് ഒരു സ്പൂൺ ചന്ദനപ്പൊടി ഇടുക. ആവശ്യത്തിനു റോസ് വാട്ടർ ഒഴിച്ചു നന്നായി ഇളക്കുക. ഇൗ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റുകൾക്കുശേഷം കഴുകി കളയുക. 

പപ്പായ ഫെയ്സ്പാക്ക്

പപ്പായയുടെ മഞ്ഞഭാഗം പുറത്തെടുത്ത് കുഴമ്പ് രൂപത്തിലാക്കുക. ഒരു ചെറിയ പാത്രത്തിന്റെ കാൽഭാഗം പപ്പായ കുഴമ്പ് എടുത്ത് അതിലേക്ക് അര സ്പൂൺ ചന്ദനപ്പൊടിയും അര സ്പൂൺ  കറ്റാർവാഴ ജെല്ലും ഇടുക. നന്നായി ഇളക്കുക. ഇപ്പോൾ കിട്ടിയ മിശ്രിതത്തിലേക്കു റോസ് വാട്ടർ ഒഴിച്ച് വീണ്ടും ഇളക്കുക. മുഖത്ത് പുരട്ടി ഇരുപത് മിനിറ്റിനുശേഷം കഴുകി കളയുക. 

തക്കാളി ഫെയ്സ്പാക്ക്

ഒരു തക്കാളിയുടെ ഉൾവശം പുറത്തെടുത്ത് കുഴമ്പ് രൂപത്തിലാക്കിയതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ഇടുക. നന്നായി ഇളക്കുക. ഇൗ മിശ്രിതം എടുത്തു മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിനുശേഷം വിരലുകൾകൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. വീണ്ടും പത്ത് മിനിറ്റ് ഇൗ മിശ്രിതം മുഖത്ത് സൂക്ഷിക്കുക. അതിനുശേഷം കഴുകി കളയുക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam