ചർമ സംരക്ഷണത്തിന്റെ കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. പ്രത്യേകിച്ചും വ്യക്തിത്വത്തെ പ്രകടമാക്കുന്നതിൽ ചർമത്തിനും സ്ഥാനമുണ്ട് എന്നിരിക്കെ. എന്നാൽ സ്ത്രീകൾ പരീക്ഷിക്കുന്ന എല്ലാ ചർമ സംരക്ഷണ മാർഗങ്ങളും പുരുഷന്മാർക്കും ആകാം എന്നു കരുതരുത്. സ്ത്രീ ചർമത്തെ അപേക്ഷിച്ചു പുരുഷന്മാരിൽ എണ്ണയുടെ അംശം വളരെ കുറവായിരിക്കും, ചർമത്തിന് കട്ടി കൂടുതലും. അതിനാൽ പരിചരണവും വ്യത്യസ്തമായിരിക്കണം.
പകൽ 10 മണിക്കും വൈകീട്ട് നാലു മണിക്കും ഇടയിൽ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതല്ല. എന്നാൽ പുരുഷന്മാരെ സംബന്ധിച്ച് ഇതത്ര എളുപ്പമല്ല. ജോലിസംബന്ധമായും മറ്റും പുറത്തിറങ്ങേണ്ടി വരും. അങ്ങനെ പുറത്തിറങ്ങുന്ന സാഹചര്യത്തിൽ കഴിവതും സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുക. ഇടയ്ക്കിടെ വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകണം. പുരുഷന്മാര്ക്കു വേണ്ടി മാത്രം വിപണിയിലെത്തുന്ന ഫെയ്സ് വാഷുകളും സ്ക്രബ്ബറുകളും ഉപയോഗിക്കുന്നതാണ് ചർമത്തിനു നല്ലത്.
മുഖചർമത്തിലെ കൊളാജന്‍ ഇലാസ്റ്റിന് ഫൈബറുകളുടെ അളവ് കുറയുമ്പോഴാണ് മുഖത്ത് കരുവാളിപ്പും ചുളിവും ഉണ്ടാകുന്നത്. ഉറക്കത്തിൽ വീഴ്ച വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവി പിടിക്കുന്നത് ചർമ സംരക്ഷണത്തിനുള്ള വളരെ മികച്ച മാർഗമാണ്. ഓരോ തവണയും ഷേവ് ചെയ്ത ശേഷം ആവി പിടിക്കുക. തേനും നാരങ്ങാനീരും ചേർന്ന മിശ്രിതം ആഴ്ചയിൽ ഒരിക്കൽ മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ ഊർജസ്വലത നിലനിർത്താൻ സഹായിക്കും.
കറ്റാർവാഴയും ഓറഞ്ചുനീരും ചേർത്തുണ്ടാക്കുന്ന ഫെയ്സ് പാക്കും മികച്ച ഫലം നൽകും. ചര്‍മത്തിലെ അഴുക്ക് നീക്കാനും മുഖക്കുരു അകറ്റാനും മുഖത്തിനു തിളക്കം നല്‍കാനുമെല്ലാം ഇതു സഹായിക്കും. പഞ്ചസാര, തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തിയ സ്ക്രബും പുരുഷ ചര്‍മത്തെ സഹായിക്കുന്ന ഒന്നാണ്. ബ്ലാക് ഹെഡ്സും നീക്കാനും ചർമത്തിന് മൃതുത്വം നല്‍കാനും ഇതു സഹായകരമാണ്.
ധാരാളം വെള്ളം കുടിക്കുക, മുഖത്തെ പേശികൾക്ക് ആവശ്യമായ വ്യായാമം നൽകുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കുക. ഷേവിംഗ് ലോഷൻ, ക്രീമുകൾ എന്നിവ അകാരണമായി മാറ്റി മാറ്റി പരീക്ഷിക്കുന്നത് നല്ലതല്ല. ഒഴിവു സമയത്ത് മുഖം നന്നായി മസാജ് ചെയ്തു കൊടുക്കുന്നതും മികച്ച ഫലം നൽകും.