Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യം വർധിപ്പിക്കണോ? പഴത്തൊലിയിലുണ്ട് സീക്രട്ട് ടിപ്സ്!

സൗന്ദര്യം വർധിപ്പിക്കണോ? പഴത്തൊലിയിലുണ്ട് സീക്രട്ട് ടിപ്സ്!

പഴത്തൊലിക്കു യാതൊരു വിലയുമില്ല. പഴം തിന്നു കഴിഞ്ഞാൽ ഏതെങ്കിലും ചവറ്റുകൂട്ടയിലേക്കു വലിച്ചെറിയപ്പെടുന്ന മാലിന്യം. എന്നാൽ ഈ പഴത്തൊലിക്ക് അത്യുഗ്രൻ സൗന്ദര്യവർധക വസ്തുവായി മാറാനുള്ള കഴിവുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? മുഖസൗന്ദര്യം സംരക്ഷിക്കാൻ പഴത്തൊലി ബെസ്റ്റാണ്. പഴത്തൊലി ഉപയോഗിച്ച‌ു സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള 5 വഴികൾ പരിചയപ്പെടാം.

മുഖക്കുരു മാറ്റാൻ

വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, അയൺ എന്നിവയുടെ കലവറയാണ് പഴത്തൊലികൾ. അതിനാൽ ഇതിനു മുഖക്കുരുക്കളോടു ഫലപ്രദമായി പോരാടാനുള്ള കഴിവുണ്ട്. പഴത്തൊലി കഷ്ണങ്ങളാക്കി അവയുടെ ഉൾഭാഗം മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഉരസുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. ഇത് ദിവസത്തിൽ രണ്ടു തവണ ആവർത്തിച്ചാൽ മുഖക്കുരുക്കൾ ഇല്ലാത്ത സുന്ദര ചർമം സ്വന്തമാക്കാം.

കണ്ണിനു താഴെയുള്ള കറുപ്പും ക്ഷീണവും 

പഴത്തൊലിയിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണിനു താഴെയുള്ള കറുപ്പ് നിറത്തെയും പ്രായാധിക്യത്തെയും ചെറുക്കും. രാത്രി കിടക്കും മുൻപ് കണ്ണിനു താഴെ പഴത്തൊലി കൊണ്ട് ഉരസുക. 30 മിനിറ്റിനുശേഷം മുഖം കഴുകി മോയ്ചറൈസർ പുരട്ടുക. ആഴ്ചയിൽ മൂന്നുതവണ ഇതാവർത്തിക്കുക.

പല്ലു വെളുപ്പിക്കാം 

മഞ്ഞ നിറമുള്ള പല്ലുകൾ പലരുടെയും പ്രധാന സൗന്ദര്യ പ്രശ്നമാണ്. എന്നാൽ ഇതു പരിഹരിക്കാൻ പഴത്തൊലിക്കാകും. പല്ലുതേച്ച ശേഷം പഴത്തൊലികൊണ്ടു പല്ലിൽ ഉരസുക. അതിനുശേഷം വീണ്ടും പേസ്റ്റ് ഇല്ലാതെ പല്ലു തേക്കുക.

പാടുകൾ മാറാൻ 

സ്ട്രെച്ച് മാർക്ക് മാറ്റാൻ പഴത്തൊലി ബെസ്റ്റാണ്. മുഖക്കുരു, മുറിപ്പാടുകൾ തുടങ്ങി സൗന്ദര്യത്തെ ബാധിക്കുന്ന ചർമത്തിലെ വിവിധങ്ങളായ പാടുകൾ മാറ്റുന്നതിനു പഴത്തൊലി ഉപയോഗിക്കാം. പാടുകളിൽ പഴത്തൊലിയുടെ ഉൾവശത്തെ പൾപ്പ് തേച്ചു പിടിപ്പിക്കുക. രാത്രി മുഴുവൻ  ആ ഭാഗത്തു സൂക്ഷിച്ചശേഷം രാവിലെ കഴുകിക്കളയുക. ഇത് ആവർത്തിക്കുക.

തൊലിപ്പുറത്തെ ചൊറിച്ചില്‍ 

തൊലിപ്പുറത്തെ ചൊറിച്ചിൽ, അലർജി എന്നിവയ്ക്കുള്ള പരിഹാരമായി പഴത്തൊലി ഉപയോഗപ്പെടുത്താം. ചൊറിച്ചിലുള്ള ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരസുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.