Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുണ്ട നിറം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ? അറിയണം ഇക്കാര്യങ്ങൾ

grooming-fashion-tips-for-dark-skin-men

ഇരുണ്ട നിറമാണോ നിങ്ങളുടെ പ്രശ്നം. നിറം നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടോ? നിറം മാറണമെന്ന ആഗ്രഹമുണ്ടോ?. എന്നാൽ അങ്ങനെ നിറം മാറ്റാൻ പ്രത്യേകിച്ച മാര്‍ഗങ്ങളൊന്നുമില്ല. അതിന്റെ ആവശ്യവുമില്ല. കോളനികള്‍ തേടിയുള്ള പടയോട്ടത്തിനൊടുവിൽ യൂറോപ്യൻമാർ അടിമകളാക്കിയ ഏഷ്യയിലേയും ആഫ്രിക്കയിലേയും തെക്കേ അമേരിക്കയിലേയും ജനങ്ങൾക്കിയടയിൽ ആധിപത്യത്തിനൊപ്പം സ്ഥാപിച്ചതാണു വെളുപ്പിന്റെ മാഹാത്മ്യം. കാലം മാറി, രാജ്യങ്ങൾ സ്വതന്ത്രമായി. എന്നിട്ടും  ഈ ചിന്ത തലമുറകളിലൂടെ പടർന്നു. ഇന്നും പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കാനും പല സൗന്ദര്യ വർധവസ്തുക്കളുടെയും വിൽപന വര്‍ധിപ്പിക്കാനും ഒരു കാരണമായി നിറം നിലകൊള്ളുന്നു. 

നമ്മുടെ സ്വാഭാവിക നിറം മാറ്റാനുള്ള ശ്രമങ്ങൾ ചർമത്തെ ദോഷകരമായി ബാധിക്കും. നിറമേതായാലും അതിനെ ഏറ്റവും ആകര്‍ഷകമാക്കുക എന്നതാണു നമ്മൾ ചെയ്യേണ്ടത്. അതിനായി ചർമത്തെ സംരക്ഷിക്കുകയും പരിചരിക്കുകയുമാണു വേണ്ടത്. ആരോഗ്യത്തോടെയിരിക്കുകയാണ് വേണ്ടത്. സൗന്ദര്യം എന്നു പറയുന്നത് നിറമല്ല എന്ന് തിരിച്ചറിയുക.

സ്റ്റൈലിഷായി നടക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.

ചർമം വരണ്ടതാണോ? 

വരണ്ട ചർമമുള്ളവർ മുഖം ഇടയ്ക്കിടെ കഴുകുക. നന്നായി തുടച്ചശേഷം നല്ലൊരു മോയിസ്ച്ചറൈസർ മുഖത്ത് പുരട്ടുക. ചർമത്തിന്റെ വരൾച്ച നിയന്ത്രിക്കാനും വിള്ളൽ വീഴുന്നതു തടയാനും മോയിസ്ച്ചറൈസർ ഉപയോഗിക്കുന്നതു വഴി സാധ്യമാകും. ഇത് ശീലമാക്കുക. ഏറെ വൈകാതെ തന്നെ ചര്‍മത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും. ചർമത്തിന്റെ പരുക്കൻ സ്വഭാവം പതിയെ കുറഞ്ഞു വരുന്നത് നിങ്ങൾക്ക് അനുഭവിക്കാനാകും. 

എണ്ണമയമുള്ള ചർമമോ?

എണ്ണ മയമുള്ള ചർമത്തിനു മികച്ചൊരു പരിഹാരം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. മുൾട്ടാണി മിട്ടി. ഒരു സ്പൂൺ മുൾട്ടാണി മിട്ടി എടുത്ത് അതിൽ കുറച്ചു മഞ്ഞൾ പൊടി ഇടുക. അതിലേക്ക് ചെറുനാരങ്ങയുടെ പകുതി പിഴിയുക. ഇതൊരു പേസ്റ്റ് രൂപത്തിലാക്കിയശേഷം കട്ടിക്കുറച്ച് മുഖത്ത് പുരട്ടുക. 15 മിനിറ്റ് മുഖത്തു സൂക്ഷിച്ചശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണയില്‍ കൂടുതൽ ഇത് ഉപയോഗിക്കരുത്. 

അഴുക്കിനെ അകറ്റാം

പൊടിയും അഴുക്കും മൃദു കോശങ്ങളുമെല്ലാം ചർമത്തിന്റെ തിളക്കം ഇല്ലാതാക്കും. ഇവയെല്ലാം അകറ്റാൻ ഫെയ്സ് സ്ക്രബുകൾ ഉപയോഗിക്കാം. കട്ടിയുള്ള ചില പദാർഥങ്ങളുള്ള ഫെയ്സ് വാഷിനു സമാനമായ ഒന്നാണ് സ്ക്രബുകൾ. ഇത് മുഖത്ത് ഇട്ടശേഷം നന്നായി മസാജ് ചെയ്യണം. ചർമത്തിന്റെ വളർച്ചയെ ഇങ്ങനെ ചെയ്യുന്നതു വഴി ഉത്തേജിപ്പിക്കാനാകും. ആഴ്ചയിൽ ഒരു തവണയിൽ കൂടുതൽ ഇത് ഉപയോഗിക്കരുത്. 

വെള്ളം കുടിക്കാം, ഭക്ഷണം കഴിക്കാം

ചർമ സംരക്ഷണത്തിൽ വെള്ളത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചർമത്തിൽ ഈർപ്പം നിലനിൽക്കാൻ ഇത് അനിവാര്യമാണ്. കൂടുതൽ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. ആരോഗ്യമുള്ള ചർമം ഉറപ്പ് വരുത്താൻ ഇതുവഴി സാധിക്കും.

ഇരുണ്ട നിറം 

നിറത്തെക്കുറിച്ച് ഒരിക്കലും അസ്വസ്ഥരാകരുത്. ഏത് നിറത്തിലുള്ളവരായാലും വൃത്തിയായി നടക്കുക എന്നതാണ് ഏറ്റവും പ്രധാനം. താടി, മീശ, മുടി വസ്ത്രം എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കുറ്റിയായി താടി വളരുന്നുണ്ടെങ്കിൽ ഏറ്റവും മികച്ച രീതിയിൽ ഡ്രസ്സ് ചെയ്യുക. ശരിയായായ ആകൃതിയും കട്ടിയുമില്ലാത്ത താടിയും മീശയും വടിച്ച് കളയുക.

ശരീരം

ശരീരത്തിനേക്കാൾ പ്രാധാന്യം നിറത്തിനില്ല. നല്ല സ്റ്റൈലിഷ് ആയി നടക്കാൻ മികച്ച ശരീരം വേണം. മെച്ചപ്പെട്ട ആകൃതിയും ഉറപ്പുമുള്ള ശരീരമുണ്ടെങ്കില്‍ സ്റ്റൈലിഷ് വസ്ത്രങ്ങൾ അനുയോജ്യമാകും. നിറം പോലെയല്ല, മെച്ചപ്പെട്ട ശരീരം നമുക്ക് സ്വന്തമാക്കാം. കൃത്യമായ വ്യായാമം ഭക്ഷണശീലവും പിന്തുർന്നാൽ മതി. ആരോഗ്യകരമായ ശരീരം എന്നാൽ സിക്സ് പാക്കുകൾ വേണമെന്നല്ല അർഥം. കാണുമ്പോൾ ആരോഗ്യവാനെന്നു തോന്നണം. ഏതു നിറത്തിലുള്ള വസ്ത്രങ്ങളും ഇക്കൂട്ടർക്ക് അനുയോജ്യമാകും.

എന്നാൽ എല്ലാവർക്കും മികച്ച ശരീരഘടന ഉണ്ടാകണമെന്നുമില്ല. മെലിഞ്ഞതോ തടിച്ചതോ ആയ ശരീരമാണെങ്കിൽ ഉദിച്ച നിറങ്ങൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം ഈ നിറങ്ങൾ ശരീരഘടന എടുത്തു കാണിക്കും.

തിരഞ്ഞെടുക്കാം ഈ നിറങ്ങൾ

ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. കറുപ്പ്, കടും പച്ച, നേവി ബ്ലൂ, മെറൂൺ എന്നീ നിറങ്ങളായിരിക്കും കൂടുതൽ അനുയോജ്യം. ഈ നിറങ്ങൾ ശരീരവുമായി ഇണങ്ങി നിൽക്കും. 

ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇരുണ്ട നിറമുള്ളവർക്ക് ഏതു വേദിയിലും തിളങ്ങാം. എന്നാൽ ഇതിനുമെല്ലാം അപ്പുറം മറ്റുള്ളവർ വിലമതിക്കുക പെരുമാറ്റവും മനോഭാവവുമാണ്. എപ്പോഴും പോസറ്റീവ് ആയിരിക്കുക. ചർമത്തിന്റെ നിറമല്ല ഒന്നിന്റെയും മാനദണ്ഡം.