ADVERTISEMENT

വേനൽ, അവധിക്കാലം കൂടിയായതിനാൽ കല്യാണച്ചടങ്ങുകളും പാർട്ടികളും ഏറെ. കത്തുന്ന ചൂടിൽ മേക്ക് അപ്പും അതിനൊപ്പം ഗ്ലാമറും ഒലിച്ചിറങ്ങാതിരിക്കാൻശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ബേസ് ഫൗണ്ടേഷൻ കൃത്യമാക്കുക. രാവിലെ തന്നെ എസ്പിഎഫ് കണ്ടന്റ് ഉള്ള നല്ലൊരു ഓയിൽഫ്രീ മോയ്സ്ചുറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പുറത്തുപോയാലും ഇല്ലെങ്കിലും മോയ്സ്ചുറൈസർ ശീലമാക്കുക. 

∙ചൂടും വിയർപ്പും മറികടന്ന് മേക്ക് അപ്പ് കൃത്യമായിരിക്കാൻ പ്രൈമർ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. 

∙മേക്ക് അപ്പ് നാച്ചുറൽ ആയി തോന്നാനും വെയിലടിക്കുന്ന ഭാഗത്ത് സൺകിസ്ഡ് ഇഫക്ട് ഉണ്ടാകാനും ബ്രോൺസർ ഉപയോഗിക്കുന്നത് നന്നായിരിക്കും. വെയിലത്തു നിൽക്കുമ്പോൾ പല്ലുകളുടെ വെളുപ്പും കണ്ണുകളുടെ തിളക്കവും എടുത്തു കാണിക്കാൻ ഇതുപകരിക്കും. മുഖത്തിന്റെ ഹൈ പോയിന്റുകളിലാണ് ബ്രോൺസർ തേയ്ക്കേണ്ടത്. കവിളെല്ലുകളിലും നെറ്റിയുടെ മധ്യത്തിലും താടിയിലും ബ്രോൺസർ അപ്ലൈ ചെയ്താൽ നാച്ചുറൽ ലുക്ക്കിട്ടും. ഒരിക്കലും ഇത് വ്യാപകമായി മുഖം ആകെ തേയ്ക്കരുത്. മിനിമൽ ഇഫക്ട് കൊടുത്തു വേണം ബ്ലെൻഡ് ചെയ്യാൻ. വേനൽക്കാലത്ത് പൗഡർ ബ്രോൺസറുകളാണ് നല്ലത്.

∙ലൈറ്റ് ആയിത്തന്നെ മേക്ക് അപ്പ് ചെയ്യാൻ ശ്രദ്ധിക്കുക. കട്ടിയുള്ള മേക്ക് അപ്പ് പാളി മുഖത്ത് വന്നാൽ വെയിലിൽ മുഖമാകെ വരണ്ടുണങ്ങി വലിയാൻ സാധ്യതയുണ്ട്.

∙മാറ്റ് ഫിനിഷ് മേയ്ക്കപ് ആണ് വേനലിൽ നല്ലത്. ഷിമ്മറും സ്പാർക്കിളും ഉള്ള മേയ്ക്കപ് വിയർപ്പിൽ നന്നാവില്ല. അധികതിളക്കവും  ഒലിച്ചിറങ്ങലുമാകും ഫലം.

∙ഡീപ് കളറുകൾ വേനലിൽ ഹെവി ആയി തോന്നും. അതിനാൽ ലിപ് മേക്ക് അപ്പിലും ഐ ഷാഡോയിലും റൂഷിലുമൊക്കെ കഴിവതും ലൈറ്റ് കളറുകൾ തിര‍ഞ്ഞെടുക്കുക. ലിപ്പിൽ ന്യൂഡ് കളർ പരീക്ഷിക്കുന്നത് നല്ലതായിരിക്കും. മിനിമൽ മേക്ക് അപ്പ് ആണെങ്കിൽ ലിപ് ബാമും ന്യൂഡ് ലിപ്സ്റ്റിക്കും മാത്രം മതി.

∙ഐഷാഡോ നിർബന്ധമായും ക്രീം രൂപത്തിലുള്ളത് ഒഴിവാക്കുക. ഐഷാഡോ അപ്ലൈ ചെയ്തതിനു പുറമേ  ചേരുന്ന ഷെയ്ഡിലുള്ള കോംപാക്ട് പൗഡർ കൊണ്ട് പതുക്കെ ടച്ചപ് കൊടുക്കുക. ദീർഘനേരത്തേക്ക് ഐഷാഡോ ഇഫക്ട് കിട്ടാൻ ഇതുപകരിക്കും.

∙ബ്ലഷ് പൗഡർ വേനൽക്കാലത്ത് വേഗം ഒലിച്ചുപോകും. അതിനാൽ ബ്ലഷ് സ്റ്റെയിൻ (ജെൽ രൂപത്തിലുള്ളത് ) ആണ്  നല്ലത്. മുകളിൽ സെറ്റിങ് പൗഡർ ഇട്ടുകൊടുക്കാൻ മറക്കരുത്. 

∙ഐ മേക്ക് അപ്പ് മിനിമൽ ആകുന്നതാണ് സുരക്ഷിതം. സ്മോക്കി ഐസ്, ക്യാറ്റ് ഐസ് – ഇവയൊക്കെ നിർബന്ധമാണെങ്കിൽ കോർണറുകളിൽ മാത്രം നൽകുക. ലൈനറിന്റെ ഷെയ്ഡിനെക്കാൾ  ലൈറ്റർ ആയ ഷെയ്ഡ് ഉപയോഗിച്ച്  കണ്ണിനു ചെറിയ വാൽ കൊടുക്കാം. ഇത് ബ്രഷ് ഉപയോഗിച്ച് സ്മഡ്ജ് ചെയ്താൽ കോർണറിൽ ലൈറ്റ് സ്മോക്കി ഇഫക്ട് കിട്ടും.

∙ഐ മേക്ക് അപ്പ് കഴുകിക്കളഞ്ഞില്ലെങ്കിൽ കൺവീക്കവും കുരുവുമുണ്ടാകാൻ ഏറ്റവും സാധ്യതയുള്ള കാലമാണ് വേനൽ. അതിനാൽ സിംപിൾ ഐ മേയ്ക്കപ് ഉപയോഗിച്ചാലും നിർബന്ധമായും കഴുകിക്കളയണം. മസ്ക്കാര  ഉപയോഗിക്കുന്നത് വാട്ടർപ്രൂഫ് തന്നെ വേണം – ഇത് ഒരു കാരണവശാലും ആറു മണിക്കൂറിനുള്ളിൽ റിമൂവ് ചെയ്യാതിരിക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com