sections
MORE

വില്ലനായി വേനൽച്ചൂട്, പക്ഷേ ഇനി ഒരൊറ്റ മുടി പൊഴിയില്ല; കൂൾ ടിപ്സ്

HIGHLIGHTS
  • കടുത്ത വേനലിൽ വലയുകയാണ് മലയാളികൾ
  • ഈ ദിവസങ്ങളിൽ കേശസംരക്ഷണത്തിനു പ്രത്യേക ശ്രദ്ധ വേണം
essential-tips-for-summer-hair-care
പ്രതീകാത്മക ചിത്രം
SHARE

കടുത്ത വേനലിൽ വലയുകയാണ് മലയാളികൾ. ചൂടും പൊടിയും കാരണം പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥ. ചൂടു കനക്കും തോറും നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ചർമ സംരക്ഷണത്തിനു സമയം കണ്ടെത്തുന്നവര്‍ പലപ്പോഴും  മുടിയുടെ കാര്യത്തിൽ ആവശ്യത്തിനു ശ്രദ്ധ കൊടുക്കാറില്ല. കുളി കഴിഞ്ഞ് വിയർത്തു കുളിച്ച് പുറത്തിറങ്ങുന്ന ഈ ദിവസങ്ങളിൽ കേശസംരക്ഷണത്തിനു പ്രത്യേക ശ്രദ്ധ വേണം. ശരിയായ ശ്രദ്ധ നൽകിയാൽ വേനലെന്ന വില്ലനിൽ നിന്ന് നമ്മുടെ മുടിയിഴകളെ സംരക്ഷിച്ചു നിർത്താം. ‌‌കൊഴിച്ചിലും പൊട്ടലും നിയന്ത്രിച്ച്, ആരോഗ്യത്തോടെ മുടിയിഴകളെ‌ സംരക്ഷിക്കാൻ ഇതാ സിംപിൾ ടിപ്സ്.

തലമറയ്ക്കാം

സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രശ്മികൾ  മുടിയിഴകൾക്കു കനത്ത പ്രഹരമാണ് ഏൽപ്പിക്കുക, പ്രത്യേകിച്ചും ഈ കനത്ത വേനൽച്ചൂടിൽ. മുടിയിഴകളുടെ ബലക്ഷയത്തിനും തലയോട്ടിയിലെ കോശങ്ങൾ നശിക്കാനും ഇതു കാരണമാകും. നേരിട്ട് ഏൽക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഈ പ്രശ്നത്തത്തെ നേരിടാനുള്ള എളുപ്പമാർഗം. പുറത്തിറങ്ങുമ്പോൾ തൊപ്പിയോ, തുണിയോ കൊണ്ടു തല മറയ്ക്കാം. കുട ചൂടാം. തലയോട്ടിയിൽ ഈർപ്പം നിലനിർത്താനും ഇതുവഴി സാധിക്കും.

സ്റ്റൈലാകാം, സൂക്ഷിച്ച്

ഏതു ഹെയർ സ്റ്റൈൽ പിന്തുടരുന്നവരായാലും വേനൽക്കാലത്തു കംഫർട്ടിനു കൂടുതൽ പ്രാധാന്യം നൽകണം. കനത്ത ചൂടിൽ വളരെ ഇറുക്കി മുടി കെട്ടുന്നത് ഒഴിവാക്കുക. മുടിപൊട്ടി പൊട്ടിപോകാൻ ഇതു കാരണമാകും. സൂര്യപ്രകാശം വളരെ കുറച്ച് പതിക്കുന്ന രീതിയിൽ കെട്ടിവയ്ക്കാന്‍ ശ്രദ്ധിക്കുക. 

മുടി കഴുകാം

തണുത്തവെള്ളത്തിൽ മുടികഴുകുന്നത് നല്ലതാണ്. സാധാരണ കുളിക്കുമ്പോൾ കഴുകുന്നതു കൂടാതെ സമയം കിട്ടുമ്പോൾ മുടി കഴുകി എടുക്കുക. പുറത്തു പോയി വന്നതിനുശേഷം വിയർപ്പുണങ്ങുമ്പോൾ ഇങ്ങനെ തല നന്നായി കഴുകുക. പ്രകൃതദത്ത ഷാംപുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ഒഴിവാക്കാം ഉപ്പുവെള്ളവും ക്ലോറിനും

ക്ലോറിൻ വെള്ളത്തിൽ കുളിക്കുന്നത് മുടിക്ക് ഉണ്ടാക്കുന്ന ആഘാതം മലയാളികള്‍ക്കു സുപരിചിതമാണ്. ചൂടിൽ ഈ ആഘാതം കൂടുതൽ കനത്തതായിരിക്കും. നഗരജീവിതത്തിൽ ഇത് ഒഴിവാക്കുക അസാധ്യമാണ്. ഈ സാഹചര്യത്തിൽ ക്ലോറിൻ കലർ‌ന്ന വെള്ളം തലേന്നു രാത്രി ഒരു ബക്കറ്റിൽ പിടിച്ചു വയ്ക്കുക. ബക്കറ്റിലെ വെള്ളത്തിന്റെ തെളിഭാഗം ഉപയോഗിച്ച് കുളിക്കുക. ഉപ്പിന്റെ അംശവും മുടിക്ക് വളരെ ദോഷം ചെയ്യും. കടലിൽ കുളിക്കുന്ന ശീലമുണ്ടെങ്കിൽ തൽക്കാലും ഒഴിവാക്കാം.

മുടി ചീകൂ, ക്ഷമയോടെ

തിരക്കു പിടിച്ച് മുടി ചീകുന്ന ശീലം മാറ്റിവയ്ക്കാം. കാലവസ്ഥാ മാറ്റത്തിൽ ബലം നഷ്ടപ്പെട്ടിരിക്കുന്ന മുടിയിഴകളിൽ ശക്തി പ്രയോഗിച്ചാൽ പൊട്ടാനുള്ള സാധ്യത കൂടുതലാണ്.

ഹെൽമറ്റിന് ചെറിയ ഇടവേളകൾ നൽകാം

ഇരുചക്ര വാഹനങ്ങളിലെ ദീർഘമായ യാത്രകൾക്കിടയിൽ ചെറിയ ഇടവേളകൾ എടുക്കുക. ഹെൽമറ്റ് ഏറെ നേരം തലയിൽ ഇരിക്കുന്നത് ഒഴിവാക്കാനാണിത്. 

അനാവശ്യ ഉത്പന്നങ്ങളുടെ ഉപയോഗം

മുടിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഒഴിവാക്കാം. കനത്ത ചൂടിൽ പല രാസവസ്തുക്കളും മുടിയിൽ ദോഷകരമായി പ്രവർത്തിക്കുകയും കൊഴിയാൻ കാരണമാവുകയും ചെയ്യും. മുടിയുടെ സംരക്ഷണത്തിനായി പ്രകൃതി ദത്ത വസ്തുക്കളും, പോഷണം നൽകാൻ മികച്ച കണ്ടീഷണറുകളും ഇക്കാലയളവിൽ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA