ADVERTISEMENT

സുന്ദരവും മൃദുലവുമായ ചർമം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ചൂടും പൊടിയും വിയർപ്പുമെല്ലാം കൂടി ചർമത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് കഴുത്തിലെ കറുപ്പു നിറം. മുഖത്തേക്കാൾ ഇരുണ്ടിരിക്കുന്ന കഴുത്ത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, പൊതുവേദിയിൽ നിൽക്കാനോ ഉള്ള പലരുടെയും ആത്മവിശ്വാസം ഇല്ലാതാക്കുന്നു.

കഴുത്തിലെ കറുപ്പിനു പല കാരണങ്ങളുണ്ട്. ജീവിതശൈലിയും ഹോർമോൺ വ്യതിയാനവും അമിതവണ്ണവും മൂലം ഇതുണ്ടാകാം. എന്നാല്‍ കഴുത്തിലെ ചർമ പരിചരണത്തിൽ വരുത്തുന്ന വീഴ്ചയാണ് പ്രധാന കാരണമാകുന്നത്. മുഖത്ത് മോയ്സ്ച്വറൈസറും സ്ക്രബും ചെയ്ത് ഭംഗിയായി സൂക്ഷിക്കുമെങ്കിലും കഴുത്തിൽ ഇതൊന്നും ചെയ്യാറില്ല.

കഴുത്തിലെ കറുപ്പു നിറം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ ? എങ്കിൽ ഇനിയും വൈകേണ്ട. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്താം. നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ പിടിക്കാം.

കറ്റാർവാഴ പണ്ടേ സൂപ്പറാ

aloe-vera

സൗന്ദര്യ സംരക്ഷണത്തിൽ ഒഴിവാക്കാനാകാത്ത ഒരു പ്രകൃതിദത്ത വസ്തുവാണ് കറ്റാർവാഴ. കഴുത്തിലെ കറുപ്പു നിറത്തിനും പരിഹാരമായി ഇത് ഉപയോഗിക്കാം. കറ്റാർവാഴയിൽ നിന്നു ജെൽ എടുക്കുക. ഇതു കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. 10 മിനിറ്റുകൾക്കുശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പു നിറം കുറയുന്നതു കാണാം.

ചർമം കറുക്കാൻ കാരണമാകുന്ന എൻസൈമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കറ്റാർവാഴ ജെല്ലിനാകും. ചർമത്തെ ഈർപ്പത്തോടെ നിലനിർത്താനും പോഷകങ്ങൾ നൽകാനും ഇതിനു കഴിവുണ്ട്.

ബേക്കിങ് സോഡ പ്രയോഗം

bakingsoda

2 ടേബിൾ സ്പൂണ്‍ ബേക്കിങ് സോഡ എടുത്ത് ആവശ്യത്തിനു വെള്ളം ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ഇത് കഴുത്തിൽ പുരട്ടി ഉണങ്ങിയശേഷം വിരലുകൾ കൊണ്ടു സ്ക്രബ് ചെയ്തു കളയുക. വെള്ളം കൊണ്ടു കഴുകി വൃത്തിയാക്കിയശേഷം ഏതെങ്കിലും മോയിസ്ച്വറൈസർ പുരട്ടുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറ്റം അനുഭവപ്പെടും.

ചർമ്മത്തിലെ മൃതകോശങ്ങളെയും അഴുക്കിനെയും നീക്കം ചെയ്യാൻ ബേക്കിങ് സോഡയ്ക്കു കഴിയും.

ഉരുളൻകിഴങ്ങുണ്ടോ വഴിയുണ്ട്

potato-juice

ഒരു ഉരുളൻകിഴങ്ങെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കുക. അതിനുശേഷം അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇത് കഴുത്തിൽ പുരട്ടി ഉണങ്ങാൻ ഇളംചൂട് വെള്ളത്തിൽ കഴുകി കളയുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യുക. 

ഉരുളൻകിഴങ്ങിനു ബ്ലീച്ചിങ് ഗുണങ്ങളുണ്ട്. ഇതു ചർമത്തിൽ പ്രവർത്തിച്ച് ഇരുണ്ട നിറം കുറയ്ക്കുന്നു.

ചില്ലറക്കാരനല്ല തൈര്

yogurt

രണ്ടു സ്പൂൺ കട്ടിതൈര് എടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങനീര് ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം കഴുത്തിൽ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ദിവസവും ഓരോ തവണ ഇങ്ങനെ ചെയ്യുക.

‌നാച്ചുറൽ എൻസൈമുകളാൽ സമ്പന്നമാണു തൈര്. ഇതു നാരങ്ങനീരിലുള്ള ആസിഡുകളുമായി ചേർന്നു പ്രവർത്തിച്ച് കറുപ്പ് നിറം നീക്കം ചെയ്യുന്നു. 

മഞ്ഞൾ സൗന്ദര്യം

x-default

അര സ്പൂൺ തൈരെടുത്ത് അതിൽ കാൽ സ്പൂൺ മഞ്ഞൾ ചേർക്കുക. ഇത് മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്താൽ ഗുണം ലഭിക്കും.

ശ്രദ്ധിക്കാൻ ചില കാര്യങ്ങള്‍

690654604

∙മുഖം കഴുകുമ്പോൾ കഴുത്തും കഴുകുക. 

∙മുഖത്തിന്റെ പരിചരണത്തിന് ഉപയോഗിക്കുന്ന സൺസ്ക്രീൻ, മോയിസ്ച്വറൈസർ, എന്നിവ കഴുത്തിലും ഉപയോഗിക്കുക.

∙ചൂടാക്കിയ എണ്ണ കഴുത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മാസത്തിൽ രണ്ടു തവണ ഇതിനായി സമയം കണ്ടെത്തുക.

∙അലര്‍ജിയുണ്ടാക്കുന്ന ലോഹങ്ങൾ കൊണ്ടു നിർമിച്ച മാലകൾ ഉപയോഗിക്കുന്നത് കഴുത്ത് കറുക്കാൻ കാരണമാകും. ഇവ ഉപേക്ഷിക്കുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com