ADVERTISEMENT

അടിയന്തരഘട്ടങ്ങളിൽ എടുത്തു പ്രയോഗിക്കാൻ മാത്രമല്ല, ഓമനിച്ചു താലോലിച്ചു കൊണ്ടുനടക്കാനുമുള്ളതാണ് പെണ്ണുങ്ങൾക്കു നഖങ്ങൾ. നഖം സുന്ദരമാക്കിവയ്‌ക്കുന്നതിന്റെ കുത്തക മുഴുവൻ ലേഡീസിന്റെ നഖമുനകളിൽ ഭദ്രം. ഇനി ആണൊരുത്തനെങ്ങാൻ നഖത്തിൽ ഇത്തിരി ചായം പുരട്ടിയാൽ ചാന്തുപൊട്ടെന്നു പറഞ്ഞ് ഓടിക്കും. മാറിയ ‘ആഗോള’ സാഹചര്യത്തിൽ പ്രത്യേക സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ ഉത്തമനായ ആയുധം വേറെയില്ലെന്നതിനാൽ പഠിക്കാനും ജോലിക്കുമൊക്കെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കു നീണ്ടു കൂർത്ത നഖം ഒരു രക്ഷയാണ്. ഞരമ്പുരോഗികൾക്കു മുന്നറിയിപ്പും. ഏതായാലും വളർത്തണം അതിനിത്തിരി ഭംഗി വന്നോട്ടേന്നു കരുതിയാൽ കുറ്റം പറയാൻ പറ്റില്ലല്ലോ. നഖ മുനകളിൽ വിരിയുന്ന ഫാഷൻ വിസ്‌മയങ്ങൾ പരിചയപ്പെടാം.

പ്രായ വ്യത്യാസമില്ലാതെ നാരിയായുള്ളോരെല്ലാം ക്യൂട്ടെക്‌സ് പ്രിയരെങ്കിലും ഉപയോഗിക്കുന്ന കളറുകളിൽ വന്നമാറ്റമാണു ശ്രദ്ധേയം. പണ്ട് അയിത്തം കൽപ്പിച്ചിരുന്ന മഞ്ഞ, പിങ്ക്, നീല വർണങ്ങളെ ഇപ്പോൾ ഞൊട്ടി വിളിക്കുകയാണ് സുന്ദരിച്ചികൾ. കറുപ്പും നെയിൽ കളറും ചോദിച്ചു വരുന്നവരുണ്ട്. 20 രൂപ മുതൽ 400 രൂപ വരെയുള്ള നെയിൽ പോളിഷുകൾ പൂശി വിലസുന്നവർ നമ്മുടെ നഗരത്തിൽ ധാരാളം. ഇറക്കുമതിക്കാർക്കാണു പത്രാസു കൂടുതൽ. മുന്തിയ ഇനമായ ഷാനൻ നെയിൽപോളിഷിനു രൂപ 400 കൊടുക്കണം. താരങ്ങളെപ്പോലെ വെട്ടിത്തിളങ്ങുന്ന ഗ്ലിറ്ററിങ് നെയിൽ പോളിഷുകൾ സുന്ദര വിരലുകളെ പരിണയിക്കുമ്പോൾ പൊന്നിൻ കുടത്തിനു പൊട്ടു കുത്തിയ ചന്തമാകും. തിളക്കമൽപ്പം കുറഞ്ഞ മാറ്റ് ടൈപ്പുകളോടാണ് പൊതുവെ താൽപര്യക്കൂടുതൽ. വിവിധ നിറങ്ങളുള്ള ചിത്രം വരച്ചു കയ്യെടുത്ത പോലെ ഓരോ വിരലിലും ഓരോ നിറത്തെ കുടിയിരുത്തി കൂടിയ ഇനം സുന്ദരികളും കുറവല്ല.

ഫ്രഞ്ച് മെനിക്യൂർ സെറ്റാണ് നഖമുനകൾകൊണ്ടെഴുതുന്ന ഫാഷനിലെ പുതിയ അവതാരം. നഖത്തിൽ ഡിസൈൻ തീർക്കുന്നതിനാണ് ഈ പരിപാടി. നാലു കളറടങ്ങുന്ന സെറ്റാണ്. ഇത് കയ്യിലിടുന്നതിലുമുണ്ടൊരു കല. വീടിന്റെ പെയിന്റൊക്കെ ചെയ്യുമ്പോലെ ആദ്യം ഒരു ബേസ് ഇടും അതിനു മുകളിൽ ഓരോ ഡിസൈൻ സ്‌റ്റിക്കറുണ്ടാകും പതിക്കാൻ പിന്നെ മുകളിൽ വേറെ നിറം ചാർത്തും ഉണങ്ങിക്കഴിയുമ്പോൾ കിടിലൻ സ്‌റ്റൈലായി. നിറങ്ങളുടെ പാറ്റേൺ മാറ്റി കൈവിരലുകളൊരു മിനി പരീക്ഷണശാലയുമാക്കാം. വിരലിന്റെ അറ്റത്ത് ഒരു കളറും നടുവിൽ മറ്റൊരു കളറുമൊക്കെ പരീക്ഷിക്കാൻ ഫ്രഞ്ച് മെനിക്യൂർ സെറ്റ് സഹായിക്കും. നഖ മുനകളിൽ ചിത്രപ്പണികൾ തീർക്കുന്ന വേലത്തരങ്ങളും പെൺപിള്ളാരുടെ കയ്യിലിരിപ്പുണ്ട്.

നെയിൽ ആർട്ടെന്നൊരു തരമുണ്ട്. മൈക്രോ ടിപ് പെൻസിൽപോലുള്ള മുനയാണ് ഈ നെയിൽ പോളിഷിന്റെ പ്രത്യേകത. കയ്യിൽ മൈലാഞ്ചിയിടുന്നതുപോലെ കുഞ്ഞു പൊട്ടുകൾ തീർത്തു വിരലുകൾ മനോരഹരമാക്കാം. നഖം നീട്ടിയാൽ ഒടിഞ്ഞു പോകുന്നവർ എവിടെ പോളിഷിടുമെന്ന് ആശങ്കിക്കേണ്ട, ഇത്തരക്കാരെ സന്തോഷിപ്പിക്കാനാണ് ആർട്ടിഫിഷ്യൽ നെയിൽ. വലിയ വിലയൊന്നുമില്ല 10 വിരലിന്റെ സെറ്റിന്.

നീളമുള്ള നഖം കണ്ടിട്ട് അമ്പടി കേമീന്ന് അസൂയപ്പെടുന്നതിനു മുൻപു ചിന്തിക്കുക, അതു ചിലപ്പോൾ വ്യാജനാകും. ഇത്തരം പറ്റിക്കൽസ് നഖങ്ങൾ വേറെയുമുണ്ട്. നഖത്തിന്റെ അറ്റംമാത്രമാണ് ഒട്ടിപ്പ്. കണ്ടാൽ ഒറിജിനൽ. ഇഷ്‌ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ നഖശിഖാന്തം എതിർക്കേണ്ടതുതന്നെ. അപ്പോൾ നഖത്തിനൽപ്പം ഭംഗിയുണ്ടായിപ്പോകുന്നതിൽ വിരോധമുണ്ടോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com