sections
MORE

അരി കുതിർത്ത വെള്ളം കൊറിയൻ സൗന്ദര്യ കൂട്ട്!

beauty-secrets-of-the-world
SHARE

നമ്മുടെ സൗന്ദര്യ സംരക്ഷണത്തിൽ മഞ്ഞളിനു പരിഹരിക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾ ഇല്ലെന്നു തന്നെ പറയാം. മഞ്ഞളും രക്‌തചന്ദനവും, മഞ്ഞളും പാലും, മഞ്ഞളും മുൾട്ടാണി മിട്ടിയും... അങ്ങനെ അവസാനമില്ലാത്ത മഞ്ഞൾക്കൂട്ടുകൾ ഇന്ത്യൻ പാരമ്പര്യത്തിൽ ഒഴിവാക്കാനാകാത്തതാണ്. മറ്റു രാജ്യങ്ങളിലെ സൗന്ദര്യ സംരക്ഷണത്തിലുമുണ്ട് ഇതുപോലെ ഒഴിവാക്കാനാകാത്ത ഒരു പ്രധാന ഘടകം. അവയിൽ ചിലതിതാ,

ഓസ്‌ട്രേലിയ - താരൻ– ടീ ട്രീ ഓയിൽ

അഞ്ചോ ആറോ തുള്ളി ടീ ട്രീ ഓയിൽ ഷാംപുവിൽ ചേർത്ത് തലകഴുകിയാൽ താരൻ അകലും. ടീ ട്രീ ഓയിൽ തലയോട്ടിയിലെ മോയിസ്‌ചർ വർധിപ്പിക്കും. ഷാംപുവിനൊപ്പം ചേർക്കാതെ ഓയിൽ മാത്രമായി തലയോട്ടിയിൽ മസാജ് ചെയ്യുന്നതും താരനകറ്റാൻ നല്ലതാണ്.

കൊറിയ - ക്ലിയർ സ്‌കിൻ– അരി കുതിർത്ത വെള്ളം

കൊറിയൻ സ്‌കിൻ കെയർ ലോക പ്രശസ്‌തമാണ്. അരി കുതിർത്ത വെള്ളത്തിൽ മുഖം കഴുകുന്നത് ഇവരുടെ പരമ്പരാഗതമായ ശീലങ്ങളിലൊന്നാണ്. വെള്ള അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്‌ക്കുക. ഈ വെള്ളമുപയോഗിച്ചു മുഖം കഴുകുകയോ കോട്ടണിൽ മുക്കി മുഖത്ത് പുരട്ടുകയോ ചെയ്യാം. ഒരാഴ്‌ചയ്‌ക്കുള്ളിൽ തന്നെ ചർമത്തിൽ വ്യത്യാസമുണ്ടാകും.

ബ്രസീൽ - സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് – ഓട്‌സ്

ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള ഓട്‌സ് ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. മുഖത്തെ കരുവാളിപ്പു മാറാൻ ഓട്‌സ് പൊടിയും തൈരും ചേർത്ത് പേസ്‌റ്റ് രൂപത്തിലാക്കി പുരട്ടിയ ശേഷം ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയുക. കഴുത്തിലോ കൈകളിലോ കാലുകളിലോ കരുവാളിപ്പോ നീറ്റലോ ഉണ്ടായാൽ കുളിക്കുന്ന വെള്ളത്തിൽ അൽപം ഓട്‌സ് കുതിർത്ത് കഴുകിയാൽ മതി.

ചിലെ – തിളങ്ങുന്ന ചർമം– ചുവന്ന മുന്തിരിയും അരിപ്പൊടിയും

ചിലിയൻ യുവതികളുടെ വൈബ്രന്റായ ചർമത്തിന്റെ രഹസ്യമാണ് ചുവന്ന മുന്തിരി. ഒരു പിടി ചുവന്ന മുന്തിരിയും 2 ടേബിൾസ്‌പൂൾ അരിപ്പൊടിയും ചേർത്ത് മുഖത്തിട്ട് 10 മിനിറ്റിനുശേഷം കഴുകിക്കളയാം. ആഴ്‌ചയിൽ 3 ദിവസമെങ്കിലും സ്‌ഥിരമായി ചെയ്‌താൽ മികച്ച ഫലം ലഭിക്കും. 

കൊളംബിയ - തിളക്കമുള്ള മുടി– അവക്കാഡോ

കൊളംബിയയിലെയും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും സൗന്ദര്യ സംരക്ഷണം അവക്കാഡോയുടെ കയ്യിലാണെന്നു പറയാം. മുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഒട്ടുമിക്ക കൂട്ടുകളിലും അവക്കാഡോ പ്രധാന ചേരുവയാണ്. അവക്കാഡോയും ഏത്തയ്‌ക്കായും ഉടച്ചതിലേക്ക് ഒലീവ് ഓയിൽ ചേർത്തു നന്നായി യോജിപ്പിക്കുക. ഈ പേസ്‌റ്റ് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനുശേഷം നേർത്ത ഷാംപു ഉപയോഗിച്ചു കഴുകിക്കളയാം.

ഗ്രീസ് - ചർമം–ഒലീവ് ഓയിൽ , മുടി– റോസ്‌മേരി ഓയിൽ

തിളക്കവും ആരോഗ്യവും തുടിക്കുന്ന ചർമമാണ് ഗ്രീക്ക് യുവതികളുടേത്. ഇവരുടെ ചർമ സംരക്ഷണത്തിൽ മാത്രമല്ല ഭക്ഷണത്തിലും ഒലീവ് ഓയിലാണ് പ്രധാന ചേരുവ. രാത്രി ഉറങ്ങുന്നതിനു മുൻപ് മൂന്നോ നാലോ തുള്ളി ഒലീവ് ഓയിൽ മുഖത്ത് നന്നായി പുരട്ടി മസാജ് ചെയ്യുക. ചർമത്തിലെ രക്‌തയോട്ടം വർധിക്കാനും മുഖം തുടുക്കാനും പാടുകൾ മാറാനും ഇതു സഹായിക്കും. മുടി ഷാംപു ചെയ്‌തതിനു ശേഷം റോസ് മേരി ഓയിലും അൽപം വെള്ളവും ചേർത്ത് മുടി കഴുകിയാൽ ഡീപ് ക്ലെൻസിങ്ങിന്റെ ഫലം ലഭിക്കും. 

മൊറോക്കോ – ആർഗൻ ഓയിൽ

മൊറോക്കയുടെ സ്വന്തമാണ് ആർഗൻ ഓയിൽ. ഒരു ബോട്ടിൽ ആർഗൻ ഓയിൽ ഉണ്ടെങ്കിൽ ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമായി. ചർമത്തിലേക്ക് വളരെ വേഗം ആഗിരണം ചെയ്യപ്പെടുന്ന ഓയിലാണിത്. നല്ലൊരു മോയ്സ്ച്യുറൈസറും. മൂന്നോ നാലോ തുള്ളി ഓയിൽ രാവിലെയും രാത്രിയും മുഖത്ത് മസാജ് ചെയ്‌താൽ ചർമം മൃദുവാകും. വരണ്ട മുടിക്കും ആർഗൻ ഓയിൽ ഗുണം ചെയ്യും. ലീവ് ഇൻ കണ്ടീഷനറായി ഉപയോഗിക്കാമെന്നതിനാൽ കഴുകിക്കളയാൻ മെനക്കെടുകയും വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
FROM ONMANORAMA