ADVERTISEMENT

ചർമപ്രശ്നങ്ങൾകൊണ്ട് ‘വെള്ളം കുടിക്കുന്ന’ സമയമാണ് വേനൽക്കാലം. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ കരുവാളിപ്പ് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ മാസങ്ങളോളം മാറാതെ കൂടെയുണ്ടാകും. വേനൽക്കാലത്ത് വീട്ടിൽതന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ചർമം സംരക്ഷിക്കാനുള്ള വഴികൾ.

ചർമം വരളാതെ വൃത്തിയാക്കാൻ പാൽ

പൊടിയും അഴുക്കുകളും ധാരാളമായി അടിഞ്ഞുകൂടുമെന്നതിനാൽ മുഖം വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഫെയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് പലപ്പോഴും ചർമം വരളാൻ ഇടയാക്കും. ഇതിനു പകരമായി പാലിൽ കോട്ടൺ ബോൾ മുക്കി മുഖം തുടയ്ക്കാം. തൈരും തേനും ചേർത്ത് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും മികച്ച ഫലം നൽകും. 

മൃതകോശങ്ങളകറ്റാൻ കടലമാവ്

ആഴ്ചയിൽ 2 ദിവസമെങ്കിലും ചർമത്തിലെ മൃതകോശങ്ങൾ നീക്കണം. കടലമാവും പാലും ഓട്സ്പൊടിയും നാരങ്ങാനീരും ചേർത്ത് പേസ്റ്റാക്കി മുഖത്തിടാം. 10 മിനിറ്റിനുശേഷം അൽപം വെള്ളം തളിച്ച് നന്നായി മസാജ് ചെയ്ത് കഴുകിക്കളയാം. മുഖക്കുരു ഉണ്ടെങ്കിൽ മുൾട്ടാണിമിട്ടി, റോസ് വാട്ടർ, ചന്ദനം എന്നിവ ചേർത്ത് ഉപയോഗിക്കാം.

കരുവാളിപ്പിന് തക്കാളി

വേനൽക്കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് കരുവാളിപ്പ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ കരുവാളിപ്പ് മാറാൻ മാസങ്ങൾ വേണ്ടിവരും. പുറത്തുപോയി വരുന്ന ഉടൻതന്നെ തക്കാളി നീരു പുരട്ടാം. എണ്ണമയമുള്ള ചർമക്കാർക്ക് അൽപം നാരങ്ങാനീരുകൂടി ചേർത്ത് ഉപയോഗിക്കാം.

കൂളാകാൻ അലോവേര

ചർമത്തിന് കൂളിങ് നൽകാൻ ചെലവുകുറഞ്ഞ മാർഗങ്ങളിലൊന്നാണ് അലോവേര. ഐസ്ട്രേയിൽ അലോവേരയുടെ നീര് നിറച്ചുവച്ച് തണുത്തുകഴിയുമ്പോൾ കോട്ടൺ തുണിയിൽ പൊതിഞ്ഞ് മുഖത്ത് മസാജ് ചെയ്യാം. മുഖം ഫ്രഷ് ആവുകയും അഴുക്കുകൾ മാറുകയും ചെയ്യും.

മൃദുവാക്കാൻ ഏത്തപ്പഴം

ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഫേയ്സ്പാക്ക് ഉപയോഗിക്കണം. ഏത്തപ്പഴം ഉടച്ചതിലേക്ക് പാലോ മുട്ടയുടെ വെള്ളയോ ചേർത്ത് മുഖത്തിടാം. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ മോയിസ്ചർ, പൊട്ടാസ്യം, വൈറ്റമിൻ ഇ തുടങ്ങിയവ ഏത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

പുറത്തു പോകുമ്പോഴെല്ലാം ഒരു സ്പ്രേയിങ് ബോട്ടിലിൽ റോസ് വാട്ടർ കരുതാം. ചർമത്തിന് ക്ഷീണം തോന്നുമ്പോഴെല്ലാം മുഖത്തേക്ക് സ്പ്രേ ചെയ്താൽ മതി. കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പം ഫ്രഷാകും.

English Summary : Summer Beauty Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com