ADVERTISEMENT

∙ലോക്ഡൗൺ കാലത്ത് ഹെയർകട്ടിങ് കടകളൊക്കെ അടഞ്ഞു കിടക്കുകയാണ്. ആവശ്യം വന്നാൽ സ്വയം മുടി വെട്ടാനും താടി കട്ട് ചെയ്യാനുമുള്ള 9 ടിപ്സ് ഇതാ..

1. മുടി മുറിക്കുമ്പോൾ അറിയേണ്ടത്

ഒരാളുടെ തലയിൽ 10 ഇഞ്ച് നീളത്തിൽ മുടി നിൽക്കുന്നു എന്നു കരുതുക. അതിൽ 6 ഇഞ്ച് നീളം മുറിക്കേണ്ട ആവശ്യമുണ്ടെന്നു കരുതുക. ഒറ്റയടിക്ക് 6 ഇഞ്ച് നീളത്തിൽ മുടി മുറിക്കരുത്.  4 ഇഞ്ച് ആദ്യം  മുറിക്കുക. ചീപ്പെടുത്ത് മുടി ചീകണം. തൃപ്തി ആയില്ലെങ്കിൽ ഒരിഞ്ചു കൂടി മുറിക്കുക. വീണ്ടൂം ചീകുക.  ശരിയായാൽ പിന്നെ  മുറിക്കേണ്ടതില്ല.  എന്നിട്ടും തൃപ്തി വന്നില്ലെങ്കിൽ ഒരിഞ്ചുകൂടി മുറിക്കൂ. കൂടുതൽ മുടി ആദ്യമേ മുറിഞ്ഞുപോയാൽ ഒന്നും ചെയ്യാൻ കഴിയില്ല. ഇഞ്ചിന്റെ കണക്ക് ഉദാഹരണം മാത്രം. 

2. നെറ്റിയിലെ മുടി മുറിക്കുമ്പോൾ

മുടി പൂർണമായി തലയുടെ പിൻവശത്തേക്കു ചീകി ഒതുക്കി വയ്ക്കണം. ഇതിനു ശേഷം മുൻവശത്തെ മുടി നെറ്റിയിലേക്ക് ചീകിയിട്ട് ഒരുപോലെ ലെവൽ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. നെറ്റിയുടെ ഭാഗത്തെമുടി ലെവൽ ചെയ്യുമ്പോൾ അൽപ്പം ഇറക്കി മുറിക്കുന്നതാണ് നല്ലത്.

3.  കത്രിക ഉപയോഗിക്കുമ്പോൾ

പരിചയമില്ലാത്തവർ കത്രിക ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കത്രികയുടെ തുമ്പ് എവിടെ വരെ എത്തും എന്ന കാര്യം ശ്രദ്ധിക്കണം. ശ്രദ്ധ കുറഞ്ഞാൽ ഉദ്ദേശിക്കാത്ത ഭാഗത്തെ മുടി മുറിയും. ചെവിയും മുറിയും. കണ്ണിന്റെ ഭാഗം, ചീപ്പ് പിടിച്ചിരിക്കുന്ന കയ്യുടെ ഭാഗങ്ങൾ എന്നിവ മുറിയാൻ സാധ്യതയുണ്ട്. 

4. ചുരുണ്ട മുടികളും ഒടിവുകൾ ഉള്ള മുടിയും

അമിതമായി ചുരുണ്ടതോ വളവോ ഉള്ള മുടികൾ മുറിക്കുമ്പോൾ മുന്നിലും പിന്നിലും കണ്ണാടി സ്ഥാപിക്കുന്നതാണ് നല്ലത്.  ഇപ്പോഴത്തെ മുടിയുടെ രൂപത്തിന്റെ വലുപ്പത്തിൽ നിന്ന് എത്ര നീളം കുറയ്ക്കണോ, അതിലും കുറച്ചു മുടി നീളം കൂട്ടിനിർത്തി വെട്ടണം. കത്രികയുടെ ചുണ്ടുകൾ മാത്രം ഉപയോഗിച്ച് കുറേശ്ശേ മുടി മുറിച്ചു കളയണം. മനസിൽ കരുതിയ രൂപമായി കഴിയുമ്പോൾ, ആ മുടി അൽപ്പം വെള്ളം ഉപയോഗിച്ച് നനയ്ക്കണം. ഇതിനു ശേഷം ചീപ്പിൽ കോതിയെടുത്ത് കുറേശ്ശേ മുടികളായി കൈവിരലുകൾക്കിടയിൽ വച്ചോ, മുറിയാതെ നീണ്ടു നിൽക്കുന്ന മുടികൾ മാത്രം സെലക്ട് ചെയ്തോ വെട്ടണം. ഇങ്ങനായായാൽ നല്ല ഭംഗി കിട്ടും. 

venmony-suresh
വെൺമണി സുരേഷ്

5. ഹെയർ ട്രിമ്മർ ഉപയോഗിക്കുമ്പോൾ

ഹെയർ ട്രിമ്മർ ഉപയോഗിച്ച് മഷ്റൂം മോഡലിൽ  മുടി മുറിക്കാം. ഒരു റബർ ബാന്റ്‍ തലയിൽ വട്ടമിട്ട ശേഷം താഴെ നിന്നും മുടികളെ മുകളിലേക്ക് ട്രിമ്മർവച്ചു കട്ടു ചെയ്യുക. ഈ റബർ ബാന്റിന്റെ ഒപ്പം കൊണ്ടു വന്നു നിർത്തുക. ഇതിലൂടെ നല്ല റൗണ്ട് ഷേപ്പ് കിട്ടും. തലയിൽ ബാക്കി നിൽക്കുന്ന മുടി, നാലാമതായി പറഞ്ഞ ടിപ്സ് പറഞ്ഞ പ്രകാരം മുറിക്കുക. 

കൊച്ചു കുട്ടികളുടെ മുടി മുറിക്കുമ്പോഴും ഇതേ മാർഗം സ്വീകരിക്കാം. കൊച്ചുകുട്ടികളുടെ മുടി വെട്ടുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. അവർ തലയനക്കിയാൽ മുറിവു വരും. 

6. മുള്ളു പോലെയുള്ള മുടി

അമിത ബലത്തോടു കൂടി തലയുടെ ഉച്ചിഭാഗത്ത്, നേരെ മുകളിലേക്കു നിൽക്കുന്ന മുടികൾ മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.  ഉച്ചിഭാഗത്തെ മുടി പിന്നിലേക്കു ചീകി വയ്ക്കുക. ഒരു കത്രിക എടുത്ത് ഉച്ചിഭാഗത്തെ മുടി (നമ്മൾ ഇലച്ചെടികളുടെ മുകൾ ഭാഗം വെട്ടുന്നതു പോലെ)  മുകൾ ഭാഗം മുറിച്ച് നീളം കുറയ്ക്കണം.   മുകളിൽ വെട്ടിയിരിക്കുന്ന നീളത്തിനോട് അനുബന്ധമായി താഴെയുള്ള മുടികളും മുറിക്കണം. ട്രിമ്മർ ഉപയോഗിച്ചും വശങ്ങളിലെ മുടി ഇങ്ങിനെ മുറിക്കാം. 

7. സ്ത്രീകളുടെ നീളമുള്ള മുടി നീളം കുറയാതെ മുറിക്കാൻ

സ്ത്രീകളുടെ നീളം കൂടിയ മുടി മുറിക്കുന്നതാണ് ഹെയർ കട്ടിങിൽ ശ്രദ്ധാപൂർവം ചെയ്യേണ്ടത്. മുടി നീട്ടി വളർത്തി, പിന്നിയിടുകയോ, അല്ലാത്തെ രീതിയിൽ കെട്ടി വയ്ക്കുന്നവരോ ചെയ്യുന്നവരാണ് ഏറെയും. കുളി കഴിഞ്ഞ്, മുടി നനഞ്ഞ അവസ്ഥയിലുള്ളപ്പോൾ, പിന്നിലേക്കു ചീകി വയ്ക്കണം. ഇതിനു ശേഷം തുമ്പുകൾ മയം കുറഞ്ഞ് ചെമ്പിച്ചു നിൽക്കുന്ന ഭാഗം ഒരു പോലെ ചീപ്പു കൊണ്ടു താഴേക്കു ചീകി വയ്ക്കണം. തുടർന്ന് കത്രിക ഉപയോഗിച്ച് ലെവൽ ചെയ്യണം. ഈ സമയത്ത് തല ചരിക്കാൻ പാടില്ല. ചരിഞ്ഞു പോയാൽ, തലയുടെ പിന്നിൽ ലെവൽ ലഭിക്കില്ല.  

പെൺകുട്ടികളുടെ മുടിയും മേൽപ്പറഞ്ഞതു പോലെ ക്രോപ്പ് കട്ടിങ് ചെയ്യാം. പല്ല് അകലമുള്ള ചീപ്പ് ഉപയോഗിക്കണം. മുടി താഴേക്ക് ചീപ്പിൽ കോതി പിടിച്ചു കൊണ്ട്, ചീപ്പിനു പുറത്തു വരുന്ന ഭാഗം മാത്രം മുറിക്കുക. 

8. ലേഡീസ് ലെയർ കട്ടിങ് എളുപ്പത്തിൽ എങ്ങിനെ ചെയ്യാം?

മുടി നനച്ച ശേഷം, ലെയർ കട്ടിങ് ചെയ്യേണ്ടയാളെ ഒരു സ്റ്റൂളിൽ ഇരുത്തണം.  മുടി മുറിക്കുന്നയാൾ നിന്നു കൊണ്ടാണ് ചെയ്യേണ്ടത്.  

പല്ല് അകലമുള്ള ചീപ്പെടുത്ത് മുടി മുഴുവനായി, ഉച്ചിയുടെ ഭാഗത്ത് 4 വശത്തു നിന്നു ചീകി കൊണ്ടു വരണം.  ചീകിയെടുക്കുന്ന മുടി താഴേക്കു ഊർന്നു പോകാതെ ഉച്ചി ഭാഗത്ത് ഒരു ചരടിട്ട് നന്നായി മുറുക്കി കെട്ടണം.  ഇതിനു ശേഷം മുകൾ ഭാഗത്തെ മുടിയുടെ തുമ്പുകൾ നീളം കുറയ്ക്കേണ്ടത് അനുസരിച്ച്, ഇറക്കം താഴേക്ക് കുറച്ചു കൊണ്ടു വരണം.  ഒരു ബ്രഷിന്റെരൂപത്തിൽ മുടിയുടെ തുമ്പുകൾ ഒരു പോലെ മുറിച്ച ശേഷം താഴേക്ക് മുടിയുടെ കെട്ട് അഴിച്ചിട്ടാൽ നല്ല ലെയർ കട്ടിങ് ആയി. 

9. താടി രോമങ്ങൾ എളുപ്പത്തിൽ ട്രിം ചെയ്യുന്ന വിധം

താടി രോമങ്ങൾ അമിതമായി വളർന്നു നിൽക്കുമ്പോൾ, രോമത്തിന്റെ പുറത്തെ പ്രതലത്തിൽ  പല്ലടുപ്പമുള്ള ഒരു ചീപ്പു കൊണ്ട് നന്നായി ചീകി വയ്ക്കണം.  ഇതിനു ശേഷം കുറച്ച് പൗഡർ എടുക്കണം. ഒരു പൗഡർ പഫു കൊണ്ട് (ടൗവ്വലിന്റെ തുമ്പ് ആയാലും മതി) ചീകി വച്ചിരിക്കുന്ന താടി രോമത്തിന്റെ പുറത്തെ പ്രതലത്തിൽ പൗഡർ എല്ലാ ഭാഗത്തും ഇടണം. 

പൗഡർ പറ്റുന്ന ഭാഗത്തെ താടിരോമങ്ങൾ നന്നായി തെറിച്ചു നിൽക്കുന്നത് ഇതിലൂടെ കണ്ടെത്താൻ കഴിയും.  ഉയർന്നു നിൽക്കുന്ന താടി രോമങ്ങൾ മനസിന് ഇഷ്ടപ്പെടുന്ന ആകൃതിയിൽ മുറിക്കാം.  മുറിഞ്ഞു പോയ രോമങ്ങൾ ചീകിക്കളയണം.  വീണ്ടും ടൗവ്വൽ എടുത്ത് മുഖം നന്നായി തുടയ്ക്കണം. തുടർന്ന് താടി രോമങ്ങൾ നന്നായി ചീകണം. ഇതിനു ശേഷം പൗഡർ പ്രയോഗം ഒരിക്കൽ കൂടി നടത്തുക. ഉയർന്നു നിൽക്കുന്ന മുടികൾ ഒരിക്കൽ കൂടി മുറിക്കണം.  ഇത്തരത്തിൽ രണ്ടോ മൂന്നോ തവണ ആവർത്തിച്ച് പൗഡർ പ്രയോഗം നടത്തിയ ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകണം. തുടർന്ന്, പല്ല് അകലമുള്ള ചീപ്പെടുത്ത് താടിയുടെ അടിഭാഗത്തു നിന്നു മുകളിലേക്ക് കോതി എടുക്കുമ്പോൾ അമിതമായി നീണ്ട്, മുറിയാതെ നിൽക്കുന്ന മുടികളെ കണ്ണാടിയിൽ നോക്കി മുറിക്കാം. ഇതിനു ശേഷം ഇൗ ഭാഗം തുടച്ച് ചീകണം. മീശയും ഈ രിതിയിൽ മുറിക്കാം. 

English Summary : To to cut hair youself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com