ADVERTISEMENT

വർക്കൗട്ട് ആണ് ഇപ്പോൾ മിക്കവരുടെയും പ്രധാന ഫിറ്റ്നസ് മന്ത്ര. ചെറുപ്പക്കാരും മധ്യവയസ്സിലേക്കെത്തിയവരും മധ്യവയസ്സു കഴിഞ്ഞവരുമടക്കം വർക്കൗട്ട് ചെയ്യുന്നുണ്ട്. ചെറുപ്പക്കാർ ശരീരം ടോൺ ചെയ്യാനും ഫിറ്റായിരിക്കാനുമാണ് വ്യായാമം ചെയ്യുന്നതെങ്കിൽ മുതിർന്നവർ കൊളസ്ട്രോൾ, അമിതവണ്ണം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമായിക്കൂടിയാണ് വർക്കൗട്ട് ചെയ്യുന്നത്. കോവിഡ് ലോക്ഡൗണിൽ വീട്ടിൽത്തന്നെയിരിക്കേണ്ടി വന്നപ്പോൾ, വർക്കൗട്ട് ചെയ്യാൻ സ്വതവേ മടിയുള്ളരും അതിനിറങ്ങിത്തുടങ്ങി. ഇതിൽ വലിയൊരു വിഭാഗം സ്ത്രീകളാണ്. 

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ മാത്രമല്ല, എപ്പോഴും പോസിറ്റീവായിരിക്കാനും ദിവസം മുഴുവൻ എനർജറ്റിക്കായിരിക്കാനും വർക്കൗട്ട് സഹായിക്കും. നന്നായി വ്യായാമം ചെയ്താൽ ചർമത്തിന് സ്വാഭാവികമായ തിളക്കം തിരിച്ചുകിട്ടും. മാത്രമല്ല, ചർമത്തിലടിഞ്ഞുകൂടിയ വിഷാംശങ്ങളെയടക്കം വിയർപ്പിലൂടെ പുറംതള്ളുകയും ചെയ്യും. പക്ഷേ ഇതിനിടയിൽ നാം പലപ്പോഴും വിട്ടുപോകുന്നത് മുടിയുടെ കാര്യമാണ്.  

വർക്കൗട്ട് കഴി‍ഞ്ഞ് പലരും മുടിയുടെ കാര്യം ശ്രദ്ധിക്കാറേയില്ല. നേരേയെത്തി ഒരു കുളി നടത്തും. വിയർത്തു നനഞ്ഞു കൂടിപ്പിണഞ്ഞ മുടിയിൽ നേരേ വെള്ളം വീഴ്ത്തി കുളിക്കുന്നത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. മുടി കൊഴിച്ചിൽ, മുടിയുടെ തുമ്പ് പിളരൽ, മുടി പൊട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഇതുമൂലമുണ്ടാകാം. വർക്കൗട്ടിനു ശേഷം എങ്ങനെ മുടിയുടെ ആരോഗ്യവും നിലനിർത്താമെന്നതിനുള്ള ചില വഴികളാണ് താഴെ.

വർക്കൗട്ടിനു ശേഷം മുടിയിലെ വിയർപ്പും അഴുക്കും കളയാൻ പലരും ദിവസവും ഷാംപൂ ചെയ്യാറുണ്ട്. അത് അത്ര നല്ലതല്ല. മുടി വരളാൻ അതു കാരണമായേക്കാം. പകരം ഒരു നല്ല ഹെയർ കണ്ടീഷണർ മാത്രം ഉപയോഗിച്ച് മുടി കഴുകാം. ഇത് മുടിയിഴകൾ കൂടിപ്പിണയുന്നത് ഒഴിവാക്കുകയും മുടിക്കു തിളക്കം നൽകുകയും ചെയ്യും. 

മുടി കഴുകിയുണക്കാൻ സമയമില്ലെങ്കിൽ ഡ്രൈ ഷാംപൂ ഉപയോഗിക്കാം. അത് മുടിയിലെ വിയർപ്പും എണ്ണമയവും വലിച്ചെടുക്കും. പക്ഷേ മുടി നന്നായി വിയർത്തിരിക്കുമ്പോൾ അതിന്റെ ഉപയോഗം ഒഴിവാക്കാം. മാത്രമല്ല, ഡ്രൈ ഷാംപൂ ദിവസവും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു നല്ലതുമല്ല.

വർക്കൗട്ട് സമയത്ത് മുടി മുറുക്കി കെട്ടിവയ്ക്കരുത്. വിയർത്തു നനഞ്ഞാൽ മുടിയിഴകൾ ചേർന്നു കുരുങ്ങിപ്പോകാം. മുടി അഴിക്കുമ്പോൾ ഇഴപൊട്ടാനും സാധ്യതയുണ്ട്. വലിച്ചുമുറുക്കാതെ മുടി പിന്നിയിടുകയോ ചുറ്റി ‘ബൺ’ ആക്കുകയോ ചെയ്താൽമതി.

വർക്കൗട്ടിനു ശേഷം മുടിയിലെ വിയർപ്പ് വലിഞ്ഞുകഴിഞ്ഞ് മുടിയിഴകൾ ഹെയർ ബ്രഷ് കൊണ്ടോ ചീപ്പ് കൊണ്ടോ നന്നായി ചീകി വേർപെടുത്തുക. മുടിയിഴകൾ കുരുങ്ങിയിട്ടുണ്ടെങ്കിൽ അതു വേർപെടുത്തിയ ശേഷം മാത്രം തല കഴുകുക. മുടികൊഴിച്ചിൽ കുറയാൻ ഇതു സഹായിക്കും.

സൾഫേറ്റ് ഫ്രീ ഷാംപൂകൾ ഉപയോഗിക്കുക. അതിൽ വൃത്തിയാക്കാനുള്ള, കടുപ്പമുള്ള ക്ലെൻസിങ് ഏജന്റുകൾ ഇല്ലാത്തതിനാൽ മുടിയിലെ സ്വാഭാവിക എണ്ണമയമടക്കമുള്ള ഘടകങ്ങളെ നിലനിർത്തും. അത് മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.

English Summary : Hair care after workout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com