ADVERTISEMENT

മുടി നല്ലോണം തഴച്ചു വളരണം, താരന്റെ ശല്യം മാറണം, മുടി കൊഴിച്ചിൽ മാറണം, ഇതിനെല്ലാം പറ്റിയ എണ്ണവേണം - ഇതാണോ ആഗ്രഹം? എന്നാൽ ഒട്ടും വൈകണ്ട മുടിയെ ചുറ്റിപ്പറ്റിയുള്ള സകലപ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണാനുള്ള എണ്ണകൾ ഇനി വീട്ടിൽത്തന്നെ തയാറാക്കാം. എണ്ണ തയാറാക്കാനുള്ള ചേരുവകൾ തൊടിയിൽനിന്നും അടുക്കളയിൽനിന്നും കണ്ടെത്താം.

മുടി വളരാൻ ചെമ്പരത്തിയെണ്ണ

മുറ്റത്തെ ചെമ്പരത്തിയിൽനിന്ന് അഞ്ച് ചെമ്പരത്തിപ്പൂവ്, അഞ്ച് ചെമ്പരത്തിയില എന്നിവ പറിച്ചെടുക്കുക. ഒലീവ് ഓയിൽ, വെളിച്ചെണ്ണ ഇവയിലേതെങ്കിലുമെടുക്കുക. ഇത്രയുമായാൽ 15 മിനിറ്റുകൊണ്ട് എണ്ണ തയാറാക്കാം.  ഒരു പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. ചൂടായി വരുന്ന എണ്ണയിലേക്ക് ചെമ്പരത്തിപ്പൂവും ചെമ്പരത്തിയിലയും ഞെരുടി  ചേർക്കുക. എണ്ണ നന്നായി തിളക്കുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. എണ്ണ നന്നായി തണുക്കുമ്പോൾ രണ്ട് സ്പൂൺ മാറ്റിവച്ച് മിച്ചമുള്ളത് വായുകടക്കാത്ത പാത്രത്തിലാക്കി മുറുക്കി അടയ്ക്കുക. ശേഷം മാറ്റി വച്ച എണ്ണ 15 മിനിറ്റെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 45 മിനിറ്റിനു ശേഷം, സൾഫേറ്റ് ചേരാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടിയിലെ എണ്ണമയം പൂർണ്ണമായും നീക്കുക. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഇതാവർത്തിക്കുക. അമിനോ ആസിഡ്, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മുടിയുടെ ആഴത്തിൽ വരെ ഇതിന്റെ പോഷകഗുണം എത്തുമെന്നതിനാൽ മുടിവേരുകൾ ഉറപ്പുള്ളതാകുകയും മുടികൊഴിച്ചിൽ ഇല്ലാതാകുകയും ചെയ്യും. ഇതുകൂടാതെ നല്ലൊരു കണ്ടീഷണർ കൂടിയാണ് ചെമ്പരത്തി.

∙ താരനകറ്റാൻ സിട്രസ് ഹെയർ ഓയിൽ

ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയുടെ തൊലി ഉണക്കിപ്പൊടിച്ചാണ് ഈ ഹെയർ ഓയിൽ തയാറാക്കേണ്ടത്. ഓറഞ്ചിന്റെയോ ചെറു നാരങ്ങയുടെയോ തൊലി നല്ല വെയിലത്ത് വച്ചുണക്കിപ്പൊടിച്ചാണ് എണ്ണ തയാറാക്കാൻ ആവശ്യമായ പൗഡറുണ്ടാക്കേണ്ടത്. ഇവയുടെ തൊലി ഉണങ്ങി കട്ടിയാകാൻ കുറച്ചു ദിവസങ്ങളെടുക്കും. തൊലി നന്നായി ഉണങ്ങുമ്പോൾ മിക്സിയിലിട്ട് പൊടിച്ചെടുക്കാം.  ഈ എണ്ണ തയാറാക്കാൻ രണ്ടോ അതിലധികമോ ദിവസങ്ങൾ വേണ്ടി വന്നേക്കാം. 

എണ്ണ തയാറാക്കേണ്ടതിങ്ങനെ :- 100 ഗ്രാം ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഒരു പാനിൽ ചൂടാക്കുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഓറഞ്ച് അല്ലെങ്കിൽ നാരങ്ങയുടെ ഉണങ്ങിയ പൊടി ചേർക്കുക. എണ്ണ നന്നായി തിളയ്ക്കുമ്പോൾ ഗ്യാസ് ഓഫാക്കുക. എണ്ണ തണുക്കാൻ വച്ച ശേഷം മുടിയുടെ നീളമനുസരിച്ച് തലയിൽ തേക്കാൻ പാകത്തിൽ കുറച്ച് എണ്ണ മാറ്റി വയ്ക്കുക. മിച്ചമുള്ള എണ്ണ വായു കടക്കാത്ത പാത്രത്തിൽ വയ്ക്കുക. എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കാൽ മണിക്കൂറോളം മസാജ് ചെയ്യുക. മുക്കാൽ മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി വ‍ൃത്തിയാക്കാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും വിറ്റാമിൻ സിയും കൊണ്ടു സമ്പുഷ്ടമാണ് നാരങ്ങയും ഓറഞ്ചും. ഇത് തലയോട്ടിയിലെ മാലിന്യങ്ങളെ വൃത്തിയാക്കുകയും ചൊറിച്ചിൽ പോലെയുള്ള അലർജികളിൽനിന്ന് മോചനം നൽകുകയും ചെയ്യുന്നു.

∙ മുടികൊഴിച്ചിൽ തടയാൻ നെല്ലിക്കയെണ്ണ 

ഫാറ്റി ആസിഡ്, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്സ് എന്നിവ നിറഞ്ഞ നെല്ലിക്ക മുടിവേരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. നെല്ലിക്ക എണ്ണ ഇങ്ങനെ തയാറാക്കാം :- 100 ഗ്രാം നെല്ലിക്കപ്പൊടി,  ഒരു കപ്പ് വെളിച്ചെണ്ണ, നാലു ലീറ്റർ‍ വെള്ളം എന്നിവയെടുക്കുക. ഒരുപാൻ ചൂടാക്കി നാലു ലീറ്റർ വെള്ളത്തിൽ 70 ഗ്രാം നെല്ലിക്കപ്പൊടി ചേർക്കുക. മിശ്രിതം നാലിലൊന്നായി കുറുകുന്നതുവരെ അത് ചൂടാക്കുക. ശേഷം തണുക്കാനനുവദിക്കുക. ചുവടു കട്ടിയുള്ള പാത്രമെടുത്ത്  മിച്ചമുള്ള നെല്ലിക്കപ്പൊടി വെള്ളം ചേർത്ത്  നല്ല കട്ടിയിൽ കുഴയ്ക്കുക. ചൂടാക്കിയ എണ്ണയിലേക്ക് ഈ മിശ്രിതം ചേർക്കുക. ശേഷം ഈ മിശ്രിതം വീണ്ടും ചൂടാക്കുക. മിശ്രിതത്തിലെ വെള്ളം വറ്റുന്നതുവരെ ഇതു തുടരുക. പിന്നീട് തണുപ്പിക്കുക. എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം കാൽ മണിക്കൂറോളം മസാജ് ചെയ്യുക. മുക്കാൽ മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി വ‍ൃത്തിയാക്കാം. ഏകദേശം ഒന്നര മണിക്കൂർകൊണ്ട് ഈ മിശ്രിതം തയാറാക്കാം.

∙ ശിരോചർമത്തിലെ ചൊറിച്ചിൽ മാറ്റാൻ തുളസി ഹെയർ ഓയിൽ

തുളസിയിൽ ആന്റി ബാക്റ്റീരിയൽ ഘടകങ്ങളടങ്ങിയിട്ടുണ്ട്. വിറ്റമിൻ സിയും ആന്റി ഓക്സിഡന്റ്സും ഇതിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലയോട്ടിയെ ശുദ്ധമാക്കുകയും വൃത്തിയാക്കുകയും ചെയ്യും. ശിരോചർമത്തെ തണുപ്പിക്കാനുള്ള ശേഷിയും തുളസിക്കുണ്ട് അതുകൊണ്ടാണ് ശിരോചർമത്തിലെ ചൊറിച്ചിലുൾപ്പടെയുള്ള ബുദ്ധിമുട്ടുകൾക്ക് തുളസി ശമനം വരുത്തുന്നത്. 

 

തുളസിയെണ്ണ തയാറാക്കാം :- ഒരുപിടി തുളസിയില, 100 ഗ്രാം വെളിച്ചെണ്ണ, ഒരു സ്പൂൺ ഉലുവ എന്നിവ കൊണ്ട് 15 മിനിറ്റിൽ തുളസിയെണ്ണ തയാറാക്കാം. കുറച്ചു വെള്ളം ചേർത്ത് നല്ല കട്ടിയിൽ തുളസിയില അരച്ചെടുക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ തീ കുറച്ച ശേഷം അരച്ചു വച്ച തുളസി ചേർക്കുക. ഇതിലേക്ക് ഉലുവ ചേർത്ത് 10 മിനിറ്റിനു ശേഷം ചെറുതീയിൽ ചൂടാക്കിയ ശേഷം തണുക്കാനനുവദിക്കുക. വായുകടക്കാത്ത പാത്രത്തിൽ എണ്ണ അടച്ചു വയ്ക്കുക. എണ്ണയിൽനിന്ന് അൽപമെടുത്ത് മുടിയിൽ തേച്ച് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇതു തുടരാം.

∙അകാല നരയകറ്റാൻ കറിവേപ്പിലയെണ്ണ

ഒരു കൈക്കുടന്ന നിറയെ കറിവേപ്പിലയും വെളിച്ചെണ്ണയുമുണ്ടെങ്കിൽ 10 മിനിറ്റുകൊണ്ട് ഈ എണ്ണ തയാറാക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. അതിലേക്ക് കറിവേപ്പില ചേർത്ത് ലോ ഫ്ലെയിമിൽ ചൂടാക്കുക. കറിവേപ്പിലയുടെ അറ്റം കറുത്ത നിറത്തിലാകുന്നതുവരെ ഇതു തുടരുക. തീ ഓഫ്  ചെയ്ത് എണ്ണ തണുക്കാൻ അനുവദിക്കുക. അതിൽ നിന്ന് കുറച്ചെണ്ണയെടുത്ത് ശിരോചർമത്തിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. 45 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു മൂന്നു പ്രാവശ്യം ഇത് ആവർത്തിക്കുക. ശിരോചർമത്തിലെ മൃതകോശങ്ങളെയകറ്റി തലമുടിക്ക് കരുത്തു പകരാനും മുടിക്ക് കറുപ്പു നിറം നൽകുന്ന മെലാനിന്റെ അളവ് വർധിപ്പിക്കാനും അതുവഴി അകാല നരയെ തടുക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ട്.

എണ്ണകൾ തയാറാക്കി പരീക്ഷിക്കുന്നതിനു മുൻപ് ഒരു കാര്യം പ്രത്യേകം ശ്രദ്ധയിൽ വയ്ക്കുക. ഓരോരുത്തരുടെയും മുടി വ്യത്യസ്തമാണ്. എല്ലാ എണ്ണകളും മാറി മാറി പരീക്ഷിക്കാതെ മുടിയുടെ യഥാർഥ പ്രശ്നമറിഞ്ഞ് വിദഗ്ധ നിർദേശത്തോടെ, അലർജികളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഇത്തരം എണ്ണകൾ തയാറാക്കി ഉപയോഗിക്കാം.

English Summary : Hair Oils For Different Hair Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com