ADVERTISEMENT

ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ ബിടൗണിലെ റാണി കത്രീന കൈഫ് സമയം കണ്ടെത്താറുണ്ട്. തിരക്കിനിടയിലും ശരീരസംരക്ഷണവും ആരോഗ്യസംരക്ഷണവും താരത്തിന് ദിനചര്യയുടെ ഭാഗം തന്നെയാണ്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മേക്കപ്പും ഹെയർ സ്റ്റൈലിങ്ങുമൊക്കെ ഒഴിവാക്കി തലമുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിനുവേണ്ട കാര്യങ്ങൾ താൻ ചെയ്യാറുണ്ടെന്നു പറയുന്ന കത്രീന, തന്റെ സൗന്ദര്യ സംരക്ഷണ രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിങ്ങനെ:

∙ രക്തചംക്രമണം കൂട്ടാൻ വ്യായാമം

ശരീരാകൃതി നിലനിർത്താൻ മാത്രമല്ല. സൗന്ദര്യ സംരക്ഷണത്തിനും വ്യായാമം അത്യന്താപേക്ഷിതമാണെന്നാണ് കത്രീനയുടെ പക്ഷം. വ്യായാമം ചെയ്യുമ്പോൾ ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്തചംക്രമണം സുഗമമായി നടക്കുകയും ശരീരത്തിലെല്ലായിടത്തും മതിയായ അളവിൽ ഓക്സിജൻ എത്തുകയും ചെയ്യും. അത് ശരീരത്തിലെ കൊളാജിൻ ഉൽപാദനത്തിന്റെ അളവ് വർധിപ്പിക്കുന്നതിനാൽ കോശങ്ങൾക്ക് പുത്തനുണർവു കിട്ടും. അങ്ങനെ ശരീരത്തിന് ഉണർവും ഉന്മേഷവും ലഭിക്കും. പറയാൻ വളരെ എളുപ്പമാണെങ്കിലും അത് പ്രാവർത്തികമാക്കാൻ അത്രവേഗം കഴിയില്ലെന്നും താരം പറയുന്നു. നിത്യവുമുള്ള വ്യായാമം മടുക്കാതിരിക്കാൻ സ്വയം പ്രചോദനം നൽകണം. ഒരു ബാലൻസിൽ എല്ലാം കൊണ്ടുപോകാൻ കഴിയുക എന്നതാണ് പ്രധാനം. ‘ഞാൻ വ്യായാമം ചെയ്യുന്നത് ശരീരത്തിനു വേണ്ടി മാത്രമല്ല. മാനസിക സന്തോഷത്തിനു വേണ്ടിക്കൂടിയാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളെയൊക്കെ നിയന്ത്രിച്ചു നിർത്താനും എപ്പോഴും ഊർജസ്വലയായും സന്തോഷത്തോടെയും ഇരിക്കാൻ എന്നെ സഹായിക്കുന്നത് വ്യായാമമാണ്’.– കത്രീന പറയുന്നു.

∙ പ്രായത്തെ തടുക്കും ഫേഷ്യൽ എക്സസൈസ്

ചർമത്തിന് പ്രായം തോന്നിക്കാതിരിക്കാനുള്ള കുറുക്കുവഴികളായി ജേഡ് റോളേഴ്സ് പോലെയുള്ള ഫാൻസി റോളറുകൾ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ വിലകൂടിയ ഇത്തരം ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ തന്നെ ചർമത്തിന്റെ ചെറുപ്പം നിലനിർത്താമെന്ന് കത്രീന പറയുന്നു. ഒരു കണ്ണാടിയും അൽപം ക്ഷമയുമുണ്ടെങ്കിൽ ചില ഫേഷ്യൽ എക്സർസൈസിലൂടെ മുഖത്തെ പ്രായം കുറയ്ക്കാൻ സാധിക്കും. പണ്ടു മുതൽ പിന്തുടരുന്ന രീതിയാണിതെന്നും പുതിയതിന്റെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ആളുകൾ പഴയതിനെ മറന്നതാണെന്നും അവർ പറയുന്നു.

katrina-kaif-1

∙ ഇടയ്ക്കൊക്കെ ലംഘിക്കാം മേക്കപ് റൂൾസ്

പരമ്പരാഗത മേക്കപ് സങ്കൽപങ്ങളിൽത്തന്നെ കടിച്ചു തൂങ്ങാതെ മുഖത്തിനു ചേരുന്ന രീതിയിലുള്ള മേക്കപ്പുകൾ തിരഞ്ഞെടുക്കാം. ദീപാവലിക്ക് ഈ ലുക്ക്, കല്യാണത്തിന് ഈ ലുക്ക് എന്നിങ്ങനെ ഒരേ രീതിയാണ് പലർക്കും. അതു ശരിയല്ല. ഇടയ്ക്കെങ്കിലും പരമ്പരാഗത മേക്കപ് സങ്കൽപങ്ങളെ പൊളിച്ചെഴുതി മുഖത്തിനും ശരീരത്തിനും അനുയോജ്യമായ ചില മേക്കപ് എക്സ്പിരിമെന്റുകൾ ചെയ്യാൻ തയാറാകണം.

∙ പടർത്തിയെഴുതാം കാജൽ, കണ്ണിൽ വിസ്മയം തീർക്കാം

മേക്കപ്പുകളിൽ കത്രീനയ്ക്ക് ഏറ്റവും കൂടുതലിഷ്ടം കണ്ണിന്റെ മേക്കപ്പാണ്. കണ്ണിൽ കാജലെഴുതി കണ്ണുകളടച്ച് തീരെ വീതികുറഞ്ഞ ബ്രഷ്കൊണ്ട് കൺപോളയിലെ കാജലിന്റെ മുകളിൽ ഐഷാഡോ പുരട്ടാം. അത്തരം ഐ മേക്കപ്പുകൾ അസാധ്യ ലുക്ക് തരുമെന്നാണ് കത്രീനയുടെ പക്ഷം. സാധാരണ കണ്ണുകൾക്ക് മുകളിലും താഴെയും കാജൽ അപ്ലൈ ചെയ്യുന്നതോടെ കണ്ണുകളുടെ മേക്കപ് തീരുമെന്നാണ് പലരുടെയും വിശ്വാസം. കണ്ണുകൾ എടുത്തു കാട്ടാൻ സ്മോക്കി മേക്കപ് നല്ലതാണെന്നും അവർ പറയുന്നു. കണ്ണിനു മുകളിൽ സ്മോക്കി മേക്കപ് ഉപയോഗിക്കുന്നത് കണ്ണുകളുടെ വലുപ്പം കൂടുതലായി തോന്നിക്കാൻ സഹായിക്കുമെന്ന് തന്റെ മേക്കപ് ആർട്ടിസ്റ്റ് പറഞ്ഞതായും കത്രീന ഓർക്കുന്നു.

∙ കൺസീലറും ബ്ലഷും ബ്ലൻഡ് ചെയ്താൽ

ചില മേക്കപ് സാധനങ്ങൾ മിക്സ് ചെയ്താൽ അസാധ്യമായ ചില പ്രോഡക്ടുകൾ കിട്ടുമെന്നും മേക്കപ് ചെയ്യുന്ന സമയങ്ങളിൽ അത് നന്നായി ഉപകരിക്കുമെന്നും കത്രീന പറയുന്നു. കൺസീലറും ബ്ലഷും ബ്ലെൻഡ് ചെയ്ത ശേഷം മേക്കപ്പിന് ഉപയോഗിച്ചാൽ ഫലം അദ്ഭുതപ്പെടുത്തും. അതു മിക്സ് ചെയ്യാൻ മേക്കപ് ബ്രഷ് ഒന്നും തേടിപ്പോകേണ്ടന്നും കൈ വിരലുകൾ കൊണ്ടു തന്നെ മിക്സ് ചെയ്താൽ മതിയെന്നും താരം പറയുന്നു. കൈകളിലെ ചൂടുമായി ചേരുമ്പോൾ ബ്ലെൻഡിങ് പെർഫക്ട് ആകുമെന്നും അത് ചർമത്തിനേറെ യോജിക്കുമെന്നും മേക്കപ് ആർട്ടിസ്റ്റുകളാണ് കത്രീനയ്ക്ക് പറഞ്ഞു കൊടുത്തത്.

English Summary : Secrets behind katrina kaif glowing skin and perfect makeup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com